മോദിയെ 'ഡിയര്‍ ഫ്രണ്ട്' എന്ന് വിളിച്ച് പുടിന്റെ സ്‌നേഹപ്രകടനം: കാറില്‍ ഒന്നിച്ച് യാത്ര; കൂടിക്കാഴ്ച്ച നീണ്ടത് ഒരു മണിക്കര്‍; ട്രംപ് നിരക്കു യുദ്ധം പ്രഖ്യാപിച്ചതോടെ തമ്മില്‍ കൂടുതല്‍ അടുത്ത് ഇന്ത്യയും റഷ്യയും; റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രഖ്യാപനം; ടിയാന്‍ജിനില്‍ താരമായി നരേന്ദ്ര മോദി
മോദിയെ 'ഡിയര്‍ ഫ്രണ്ട്' എന്ന് വിളിച്ച് പുടിന്റെ സ്‌നേഹപ്രകടനം: കാറില്‍ ഒന്നിച്ച് യാത്ര
ടിയാന്‍ജിന്‍: അമേരിക്കയുടെ ഭീഷണി തള്ളി റഷ്യയുമായി കൂടുതല്‍ അടുത്ത് ഇന്ത്യ. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ പിഴച്ചുങ്കം ചുമത്തി അമേരിക്കന്‍ സമ്മര്‍ദം തുടരുന്നതിനിടെ ചൈനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ വിശാലമായ കൂടിക്കാഴ്ച്ചയാണ് നടന്നത്. ടിയാന്‍ജിയില്‍ നടന്ന ഉച്ചകോടിയില്‍ ശ്രദ്ധാകേന്ദ്രമായി മാറിയത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.
തിങ്കളാഴ്ച നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കു പിന്നാലെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കണ്ണിലെ കരടായി മാറിയ ഇരു രാഷ്ട്ര നേതാക്കളുടെയും കൂടികാഴ്ച. ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മോദിയും പുടിനും ഒരു വാഹനത്തില്‍ കൂടികാഴ്ച വേദിയിലേക്ക് ഒന്നിച്ച് യാത്രചെയ്തുകൊണ്ടായിരുന്നു ട്രംപിന് ശക്തമായ സന്ദേശനം നല്‍കിയത്.
യാത്രയുടെ ചിത്രം 'എക്‌സ്' പേജില്‍ പങ്കുവെച്ച നരേന്ദ്ര മോദി, പുടിനുമായുള്ള സംഭാഷണം എന്നും ഉള്‍കാഴ്ച പകരുന്നതാണെന്ന് കുറിച്ചു. കൂടികാഴ്ചക്ക് മുമ്പായി നടന്ന ഉച്ചകോടി വേദിയില്‍ മോദിയും പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഒന്നിച്ച് നില്‍ക്കുന്നതും സൗഹൃദം പങ്കുവെക്കുന്നതുമായി ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ മാത്രം ഇന്ത്യക്കെതിരെ ചുമത്തിയ 25 ശതമാനം പിഴ തീരുവ ഉള്‍പ്പെടെ 50 ശതമാനം അധിക തീരുവയുടെ ഭാരം രാജ്യങ്ങള്‍ തമ്മിലെ സമവാക്യങ്ങള്‍ തെറ്റിക്കുന്നതിനിടെയാണ് ചൈനയിലെ ശ്രദ്ധേയമായ കൂടികാഴ്ച. ഊര്‍ജ രംഗത്തെ സഹകരണത്തില്‍ ഇരു രാഷ്ട്ര നേതാക്കളും തൃപ്തി അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചു.
റഷ്യന്‍ എണ്ണ ഇറക്കുമതി സംബന്ധിച്ച് അവലോകനം ചെയ്തുവെന്നും, ഇറക്കുമതി തുടരാന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന അമേരിക്കയുടെ ഭീഷണിക്കിടെയാണ് ഇന്ത്യ നിലപാട് ആവര്‍ത്തിച്ച് ട്രംപിന് മറുപടി നല്‍കുന്നത്. കൂടികാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്കൊപ്പം, ലോകസമാധാനത്തിനും സുസ്ഥിരതക്കുമായി എല്ലാ ദുര്‍ഘകടമായ സാഹചര്യങ്ങളിലും ഇന്ത്യയും റഷ്യയും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്ന് മോദിയും പുടിനും വ്യക്തമാക്കി.
യുക്രെയ്ന്‍-റഷ്യ യുദ്ധവും ചര്‍ച്ചയായി. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള വഴി തേടണമെന്ന് ആവശ്യമുന്നയിച്ച നരേന്ദ്ര മോദി, ഇന്ത്യയും റഷ്യയും തമ്മിലെ ബന്ധം ഏറെ ആഴത്തിലുള്ളതാണെന്നും, പുടിന്റെ ഇന്ത്യയിലേക്കുള്ള വരവിനായി രാജ്യം കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി. നരേന്ദ്ര മോദി അടുത്ത സുഹൃത്തെന്നായിരുന്നു പുടിന്‍ വിശേഷിപ്പിച്ചത്.
യുക്രെയ്‌നുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചൈയുടെയും ഇന്ത്യയുടെയും ശ്രമങ്ങളെ പുടിന്‍ പ്രശംസിച്ചു. 'ഡിയര്‍ ഫ്രണ്ട്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പുടിന്‍ നരേന്ദ്ര മോദിയെ കൂടികാഴ്ചയിലേക്ക് സ്വാഗതം ചെയ്തത്. ഡിസംബറില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് പുടിന്‍ നേരത്തെ അറിയിച്ചിരുന്നു.
അതിനിടെ ഉച്ചകോടിയില്‍ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുട്ടിനും അവഗണിച്ചു പോകുന്ന വീഡിയോ അടക്കംവൈറലാണ്. ഷഹബാസ് ഷരീഫിനു മുന്നിലൂടെയാണ് ഇരുവരും പോയത്. ഇരുവരും നടന്നുനീങ്ങുന്നത് ഷഹബാസ് ഷരീഫ് നോക്കി നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. മോദി, ഷി, പുട്ടിന്‍ സംഭാഷണത്തിലും പാക്ക് പ്രധാനമന്ത്രിയെ അവഗണിച്ചു.
ഉച്ചകോടിക്കിടെ ഫോട്ടോയെടുക്കല്‍ പോലുള്ള നടപടിക്രമങ്ങള്‍ക്കായി നേതാക്കള്‍ ഒത്തുകൂടിയപ്പോഴായിരുന്നു ഇത്. മോദിയും പുട്ടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോള്‍ അടുത്തുനിന്ന ഷരീഫ് നോക്കിനില്‍ക്കുകയായിരുന്നു. ഇതിന്റെ ഹ്രസ്വ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പിന്നീട് എക്‌സില്‍ മോദി പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ രാജ്യതലവന്‍മാര്‍ അണിനിരന്നതില്‍ ഷഹബാസ് മോദിയില്‍നിന്നു വളരെ മാറിയാണു നില്‍ക്കുന്നതെന്നു കാണാം.
ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി മോദി ചര്‍ച്ച നടത്തിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന് ആരോപിച്ചാണ് അമേരിക്ക ഇന്ത്യക്ക് 50% തീരുവ ചുമത്തിയത്. ഇതിനുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യുക്രെയ്ന്‍ - റഷ്യ യുദ്ധത്തിനു പിന്നില്‍ ഇന്ത്യയാണെന്നാണ് യുഎസിന്റെ ആരോപണം. ഇന്ത്യ - ചൈന - റഷ്യ ബന്ധം ശക്തിപ്പെടുന്നതു നിലവിലെ ആഗോള സാഹചര്യത്തില്‍ നിര്‍ണായകമാണ്.
റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുദ്ധത്തിന് സാമ്പത്തിക സഹായം നല്‍കുന്നുവെന്നായിരുന്നു ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയുടെ പ്രസ്താവന. യുക്രെയ്‌നിലേത് 'മോദി യുദ്ധം' എന്ന കടന്ന പരാമര്‍ശവും പീറ്റര്‍ നവാരോ നടത്തി.