ഇന്ത്യക്ക് മേല്‍ 50 ശതമാനം താരിഫ് അടിച്ചേല്‍പ്പിച്ച ട്രംപിനെ വിമര്‍ശിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍; മറ്റുരാജ്യങ്ങളെ അടിച്ചമര്‍ത്താന്‍, താരിഫുകള്‍ ആയുധം ആക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്നും ചൈന; ബ്രസീല്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് മോദി; ഏകപക്ഷീയ താരിഫുകളും വെല്ലുവിളികളും ചര്‍ച്ചയായി; ട്രംപിന് പരോക്ഷ മറുപടിയുമായി മോദി
മോദിയും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വയും തമ്മില്‍ ഫോണില്‍ സംസാരിച്ചു
ന്യൂഡല്‍ഹി: ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വയും തമ്മില്‍ ഫോണില്‍ സംസാരിച്ചു. ഇരുരാജ്യങ്ങളും യുഎസില്‍ നിന്ന് 50 ശതമാനം തീരുവയെ നേരിടുമ്പോള്‍, ഫോണ്‍ സംഭാഷണത്തിന് അധിക പ്രസക്തിയുണ്ട്. പരസ്പര താല്‍പര്യമുളള പ്രാദേശിക- ആഗോള വിഷയങ്ങളാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്.
' പ്രസിഡന്റ് ലുലയുമായി നല്ലൊരു സംഭാഷണം നടത്തി. എന്റെ ബ്രസീല്‍ സന്ദര്‍ശനം അവിസ്മരണീയവും, അര്‍ഥവത്തും ആക്കിയതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. വാണിജ്യം, ഊര്‍ജ്ജം, ടെക്‌നോളജി, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ തന്ത്രപ്രധാന പങ്കാളിത്തം ആഴത്തിലുള്ളതാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. '- മോദി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
ട്രംപിന്റെ തീരുവകളെ നേരിടുന്നതിനെക്കുറിച്ചു ബ്രിക്‌സ് ഗ്രൂപ്പില്‍ ചര്‍ച്ച ആരംഭിക്കുമെന്നു ഇന്നലെ ല്രുല ഡസില്‍വ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഇരുവരും തമ്മില്‍ ഇന്നു ഫോണില്‍ സംസാരിച്ചത്. രാജ്യാന്തര സാമ്പത്തിക സാഹചര്യത്തെ കുറിച്ചും ഏകപക്ഷീയ താരിഫുകളെ കുറിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്തതായി ലുല ഡസില്‍വ എക്‌സില്‍ അറിയിച്ചു. ബ്രസീലിനെയും ഇന്ത്യയെയുമാണ് താരിഫ് വര്‍ദ്ധന ഏറ്റവും അധികം ബാധിക്കുക. ബഹുമുഖ സഹകരണം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും നിലവിലെ സാഹചര്യങ്ങളുടെ വെല്ലുവിളികള്‍ നേരിടുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു
ബ്രിക്‌സ് ഉച്ചകോടിയുടെ വിജയവും കൂട്ടായ്മയുടെ അടുത്ത അദ്ധ്യക്ഷത വഹിക്കുന്ന ഇന്ത്യയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. അധിക താരിഫിലെ ഇളവിന് വേണ്ടി ട്രംപുമായി സംസാരിക്കില്ലെന്ന് ലുല ഡസില്‍വ നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ മോദിയെയും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനയും വിളിക്കുമെന്നും എന്നാല്‍, യാത്ര ചെയ്യാന്‍ സാധിക്കാത്ത പുടിനുമായി സംസാരിക്കില്ലെന്നും ലുല വ്യക്തമാക്കിയിരുന്നു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി 25 ശതമാനം അധിക നികുതി ചുമത്തിയത് അന്യായമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ആകെ 50% തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റിന്് പ്രധാനമന്ത്രി നരേന്ദ്രമോദി പരോക്ഷ മറുപടി നല്‍കിയിരുന്നു. കര്‍ഷകരുടെ താല്‍പര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ വില നല്‍കേണ്ടി വന്നേക്കാമെങ്കിലും കര്‍ഷകര്‍ക്കായി അതിനു തയാറാണെന്നും ഡോ.എം.എസ്.സ്വാമിനാഥന്‍ ജന്‍മശതാബ്ദി സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ട്രംപ് ആദ്യം പ്രഖ്യാപിച്ച 25% തീരുവ വ്യാഴാഴ്ച പ്രാബല്യത്തില്‍വന്നു. ഇന്നലെ പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27നു നിലവില്‍ വരും. തീരുവ വര്‍ധിപ്പിച്ചതോടെ കയറ്റുമതി മേഖല വലിയ തിരിച്ചടി നേരിട്ടേക്കും.
അതേസമയം, ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് ട്രംപിനെ വിമര്‍ശിച്ച് എക്‌സില്‍ കുറിപ്പിട്ടു. ' ഭീഷണി മുഴക്കുന്ന ആള്‍ക്ക് ഒരു ഇഞ്ച് നല്‍കു, അയാള്‍ ഒരു മൈല്‍ എടുക്കും'. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ബ്രസീല്‍ പ്രസിഡന്റ് ലുലയുടെ മുഖ്യ ഉപദേഷ്ടാവ് സെല്‍സോ അമോറിമും തമ്മിലുള്ള കൂടിക്കാഴ്ചയിലെ ഒരുവാക്യവും ചൈനീസ് അംബാസഡര്‍ ഉദ്ധരിച്ചു. ' മറ്റുരാജ്യങ്ങളെ അടിച്ചമര്‍ത്താന്‍, താരിഫുകള്‍ ആയുധം ആക്കി ഉപയോഗിക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. ലോക വ്യാപാര സംഘടന ചട്ടങ്ങളുടെ അടിത്തറ തോണ്ടുന്നതും നിലനില്‍ക്കാത്തതുമായ രീതിയാണ്. '