ഗസ്സയില്‍ ഇസ്രായേല്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു; മരണം ടാങ്കിന് നേര്‍ക്കുണ്ടായ സ്‌ഫോടനത്തില്‍; ഗാസയില്‍ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 87 പേര്‍; ഒരു മാസത്തിനിടെ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ആക്രമണം

Update: 2024-10-21 02:25 GMT

ജറുസലം: ഗാസയില്‍ ഹമാസിനെ തീര്‍ത്തെന്നാണ് ഇസ്രായേല്‍ അവകാശവാദം. എന്നാല്‍, ഇതിനിടെ ഇടയ്ക്കിടെ ഇസ്രായേലിന് തിരിച്ചടികളും നേരിടേണ്ടി വരുന്നുണ്ട്. ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) 401 ബ്രിഗേഡിന്റെ കമാന്‍ഡര്‍ കേണല്‍ എഹ്‌സാന്‍ ദഖ്‌സ വടക്കന്‍ ഗസ്സയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ നരനായാട്ട് ആരംഭിച്ച ശേഷം ഇസ്രായേല്‍ സേനയില്‍ കൊല്ലപ്പെട്ട ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ദഖ്‌സ.

ജബലിയയിലെ സൈനിക നീക്കത്തിനിടെ ദഖ്സ സഞ്ചരിച്ച ടാങ്കിനും മറ്റൊരു ടാങ്കിനും നേര്‍ക്ക് സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരു സൈനികന് ഗുരുതര പരിക്കേറ്റു. 41 കാരനായ ദഖ്സ ജൂണിലാണ് 401-ാം ബ്രിഗേഡിന്റെ കമാന്‍ഡറായത്. സംഭവത്തില്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അടക്കം അനുശോചനം അറിയിച്ച് രംഗത്തെത്തി.

അതേസമയം, ബൈത് ലാഹിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 87 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരും കാണാതായവരുമായി 100ലേറെ പേരുണ്ട്. ഇവിടെ ഒരു ബഹുനില കെട്ടിടത്തിലും പരിസരങ്ങളിലെ നിരവധി വീടുകളിലും കൂട്ടമായി ബോംബുവര്‍ഷക്കുകയായിരുന്നു ഇസ്രായേല്‍. ഒരു മാസത്തിനിടെ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍പേര്‍ കൊല്ലപ്പെട്ട ആക്രമണമാണിത്. ലബനനില്‍ നടത്തിയ ആക്രമണങ്ങളില്‍ ഹിസ്ബുല്ലയുടെ 3 കമാന്‍ഡര്‍മാരെ കൂടി വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ബെയ്‌റൂട്ടില്‍ ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ആസ്ഥാനത്തും ആയുധനിര്‍മാണശാലയിലും ബോംബിട്ടു.

ഒരു വര്‍ഷം മുന്‍പ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം ആക്രമിക്കപ്പെട്ട പ്രദേശമാണു ബെയ്ത്ത് ലാഹിയ. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒട്ടേറെപ്പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണു വടക്കന്‍ ഗാസയിലെ ജബാലിയയിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ തിരിച്ചെത്തിയത്. ജബാലിയയ്ക്കു തെക്കാണു ബെയ്ത്ത് ലാഹിയ. ഇസ്രയേല്‍ സൈന്യം വളഞ്ഞുവച്ചിരിക്കുന്ന വടക്കന്‍ ഗാസയില്‍ 4 ലക്ഷം പലസ്തീന്‍കാര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണു റിപ്പോര്‍ട്ട്. 16 ദിവസമായി ഭക്ഷണവും വെള്ളവുമടക്കം ജീവകാരുണ്യസഹായമെത്താത്ത സ്ഥിതിയാണ്. ആക്രമണത്തെ യുഎന്‍ അപലപിച്ചു. ഖാന്‍ യൂനിസില്‍ ജലവിതരണത്തകരാറു നന്നാക്കാന്‍ പോയ തങ്ങളുടെ 4 എന്‍ജിനീയര്‍മാര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സന്നദ്ധസംഘടനയായ ഓക്‌സ്ഫാം അറിയിച്ചു.

അതിനിടെ, ഇറാന്‍ ആക്രമിക്കാനുള്ള ഇസ്രയേല്‍ സൈനികപദ്ധതി വിലയിരുത്തുന്ന തങ്ങളുടെ രഹസ്യരേഖ ചോര്‍ന്ന സംഭവത്തില്‍ യുഎസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ 1ന് ഇറാന്‍ ഇസ്രയേലില്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കു തിരിച്ചടിക്കു സൈനികസാമഗ്രികളുടെ നീക്കം ഇസ്രയേല്‍ ആരംഭിച്ചതിന്റെ വിവരങ്ങളാണു യുഎസ് ജീയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ് ഏജന്‍സിയും നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിയും ചേര്‍ന്നു തയാറാക്കിയ രഹസ്യരേഖയിലുള്ളത്.

സമൂഹമാധ്യമായ ടെലിഗ്രാമില്‍ പ്രത്യക്ഷപ്പെട്ട രേഖ ആദ്യം സിഎന്‍എന്‍ ആണു റിപ്പോര്‍ട്ട് ചെയ്തത്. ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഗാസയില്‍ വെടിനിര്‍ത്തലിനായി യുഎസ് സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ഇസ്രയേലോ ഹമാസോ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ ഗാസയില്‍ 42,603 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 99,795 പേര്‍ക്കു പരുക്കേറ്റു. ഗാസയില്‍ ഒരു കേണല്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.അതിനിടെ, മിലിറ്ററി ട്രേഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഇസ്രയേലിനെ വിലക്കിയ നടപടിയുടെ പേരില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞു.More than 100 people killed in latest Israeli bombings in Gaza

Tags:    

Similar News