ഇസ്രായേല്‍ ബന്ദികളുടെ കൈമാറ്റം എത്രയും വേഗം വേണം; അല്ലെങ്കില്‍ സ്ഥിതി രൂക്ഷമാകും; സമാധാനക്കരാര്‍ നിലവില്‍ വരാനുള്ള സാധ്യതകള്‍ പരിഗണിച്ച് ബോംബിങ് നിര്‍ത്തിയ ഇസ്രായേലിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു; ഹമാസ് തീരുമാനമെടുക്കാന്‍ വൈകിയാല്‍ അത് ഗാസക്ക് തന്നെ ഭീഷണിയാകും; വീണ്ടും മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

വീണ്ടും മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

Update: 2025-10-04 16:50 GMT

വാഷിങ്ടണ്‍: ഹമാസിന് വീണ്ടും മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എത്രയും പെട്ടെന്ന് സമാധാന കരാറിലെ നടപടികള്‍ക്ക് തുടക്കം കുറിക്കണമെന്നും അല്ലെങ്കില്‍ സ്ഥിതി രൂക്ഷമാകുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സമാധാനകരാര്‍ നിലവില്‍ വരാനുള്ള സാധ്യതകള്‍ പരിഗണിച്ച് ബോംബിങ് നിര്‍ത്തിയ ഇസ്രായേലിന്റെ തീരുമാനത്തെ അഭിനന്ദിക്കുകയാണ്. ഹമാസ് ഇക്കാര്യത്തില്‍ ഉടനടി നടപടിയെടുക്കണം. തീരുമാനം എടുക്കാന്‍ വൈകുന്നത് അംഗീകരിക്കാനാവില്ല. ഹമാസ് തീരുമാനമെടുക്കാന്‍ വൈകിയാല്‍ അത് ഗസ്സക്ക് തന്നെ ഭീഷണിയാകുമെന്നും ട്രംപ് പറഞ്ഞു. ബന്ദികളുടെ കൈമാറ്റത്തിനും ഇരുപതിന പദ്ധതിക്കും ഇത് നല്ല അവസരമാണെന്നും കുറിച്ചു.

തങ്ങളുടെ പക്കലുള്ള മുഴുവന്‍ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാന്‍ തയാറാണെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗസ്സ സമാധാന പദ്ധതിയിലെ മിക്ക കാര്യങ്ങളും അംഗീകരിക്കുന്നുവെന്നും എന്നാല്‍ ചില വ്യവസ്ഥകളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും ഹമാസ് മധ്യസ്ഥരെ അറിയിച്ചു.

ഗസ്സയുടെ ഭരണം സ്വതന്ത്ര ടെക്‌നോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഒരു ഫലസ്തീന്‍ സമിതിക്ക് കൈമാറാനും ഹമാസ് സന്നദ്ധത അറിയിച്ചു. ഫലസ്തീന്‍ സമവായത്തോടെയും അറബ്, ഇസ്‌ലാമിക പിന്തുണയോടെയും ആയിരിക്കും ഇത്. 48 ബന്ദികളാണ് ഹമാസിന്റെ പക്കലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ജീവനോടെയുള്ള 20 പേരെ ഹമാസ് വിട്ടയക്കും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ ഇസ്രായേലിന് കൈമാറുമെന്നാണ് വിവരം.

അതേസമയം, ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെങ്കിലും യുഎസ് സമാധാന പദ്ധതിയില്‍ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസ മുനമ്പിന്റെ ഭരണം ഒരു സ്വതന്ത്ര പലസ്തീന്‍ സമിതിക്ക് കൈമാറാണമെന്നതിനോടും യോജിച്ച ഹമാസ് പക്ഷേ ആയുധം വെച്ച് കീഴടങ്ങണമെന്ന ആവശ്യം പോലുള്ള മറ്റു പല നിര്‍ദേശങ്ങളോടും വിയോജിപ്പ് അറിയിച്ചതായാണ് വിവരം.

സമാധാന കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് സഹായിച്ച ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. 'ഇതൊരു വലിയ ദിവസമാണ്, കാര്യങ്ങള്‍ എങ്ങനെയാണ് അവസാനിക്കുന്നതെന്ന് നമുക്ക് കാണാം. അവസാനഘട്ടം വരെ ഉറപ്പിക്കേണ്ടതുണ്ട്, ബന്ദികളാക്കപ്പെട്ടവര്‍ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഹമാസിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍, എല്ലാ ബന്ദികളെയും ഉടനടി മോചിപ്പിക്കുന്നതിനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. 'പ്രസിഡന്റ് ട്രംപിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതും ഇസ്രയേല്‍ മുന്നോട്ടുവെച്ച തത്വങ്ങള്‍ക്ക് അനുസൃതവുമായ രീതിയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റുമായും അദ്ദേഹത്തിന്റെ ടീമുമായും ഞങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നത് തുടരും.' നെതന്യാഹു അറിയിച്ചു.

Tags:    

Similar News