സിറിയയിലെ രാഷ്ട്രീയ മാറ്റം സമാധാനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണമെന്ന് ഇന്ത്യ; ഭരണമാറ്റത്തെ സ്വാഗതം ചെയ്ത് നാറ്റോ സഖ്യവും; ഐക്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത് സൗദി അറേബ്യയും; ഗോലന്‍ കുന്നിലെ ബഫര്‍സോണിലെ ഇസ്രയേല്‍ ഇടപെടലിനെ അപലപിച്ചു ഖത്തറും
ഗോലന്‍ കുന്നിലെ ബഫര്‍സോണിലെ ഇസ്രയേല്‍ ഇടപെടലിനെ അപലപിച്ചു ഖത്തറും
ദമാസ്‌ക്കസ്: സിറിയയിലെ രാഷ്ട്രീയ മാറ്റത്തെ സ്വാഗതം ചെയ്ത് നാറ്റോയും രംഗത്തുവന്നതോടെ ലോകരാജ്യങ്ങള്‍ പുതിയ സര്‍ക്കാറിനെ അംഗീകരിക്കാനുള്ള സാധ്യത വര്‍ധിച്ചു. സുതാര്യവും സമാധാനപരവുമായ ഭരണമാറ്റമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പുതിയ സര്‍ക്കാറില്‍ എല്ലാ വിഭാഗം രാഷ്ട്രീയ കക്ഷികള്‍ക്കും പ്രാതിനിധ്യമുണ്ടാകുമെന്നും പ്രതീക്ഷിക്കാമെന്ന് നാറ്റോ മേധാവി മാര്‍ക്ക് റൂട്ട് പറഞ്ഞു. സിറിയയുടെ ഇന്നത്തെ അവസ്ഥക്ക് ഇറാനും റഷ്യക്കും പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഭരണമാറ്റത്തില്‍ ഇന്ത്യയും പ്രത്യാശ പ്രകടിപ്പിച്ചു. സിറിയയിലെ രാഷ്ട്രീയ മാറ്റം സമാധാനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണമെന്ന് ഇന്ത്യ വ്യക്തമാക്കി. ആ രാജ്യത്ത് സ്ഥിരതയുള്ള സംവിധാനത്തിനാകണം മാറ്റങ്ങളെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. സിറിയയിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചുവരുകയാണ്. ഡമസ്‌കസിലെ ഇന്ത്യന്‍ എംബസി അവിടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷക്കായി അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം തുടര്‍ന്നു.
അതേസമയം സിറിയയിലെ സംഭവവികാസങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നതായി അറബ് രാജ്യങ്ങള്‍. മിക്ക രാജ്യങ്ങളും ഇപ്പോഴത്തെ നീക്കത്തെ സ്വാഗതം ചെയ്തു. ജനങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും രാഷ്ട്രങ്ങള്‍ പിന്തുണ വാഗ്ദാനം ചെയ്തു. അതേസമയം, സിറിയന്‍ അതിര്‍ത്തിയിലെ ബഫര്‍സോണിലെ ഇസ്രയേല്‍ ഇടപെടലിനെ ഖത്തര്‍ അപലപിച്ചു.
സിറിയയില്‍ ഐക്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്താനാണ് സൗദി ആഹ്വാനം ചെയ്തത്. ദേശീയ സ്ഥാപനങ്ങളും സംവിധാനങ്ങളും തകര്‍ക്കപ്പെടാതിരിക്കാനും രക്തച്ചൊരിച്ചിലൊഴിവാക്കാനും സ്വീകരിച്ച സമീപനങ്ങളില്‍ സൗദി സംതൃപ്തി രേഖപ്പെടുത്തി. സിറിയന്‍ ജനതയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതിനൊപ്പം രാജ്യം ഭിന്നിപ്പിലേക്കും അനിശ്ചിതത്വങ്ങളിലേക്കും നീങ്ങാതിരിക്കാനും സൗദി മുന്‍കരുതല്‍ സ്വീകരിക്കുന്നു. ഇതിനായി സിറിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ ഒഴിവാക്കി നിര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും സൗദി നിലപാട് വ്യക്തമാക്കി.
സിറിയയുടെ ഐക്യത്തിനും പരമാധികാരത്തിനുമായി പിന്തുണ അറിയിച്ചാണ് യുഎഇയുടെയും നിലപാട്. ജനങ്ങളുടെ സുരക്ഷയക്കും സ്ഥിരതയ്ക്കുമാണ് മുന്‍ഗണന. ദേശീയ സ്ഥാപനങ്ങളെയും സിവാധനങ്ങളെയും സംരക്ഷിക്കണമെന്നും യുഎഇ ആഹ്വാനം ചെയ്തു. സിറിയയില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയ പ്രതിപക്ഷ കക്ഷികളുടെ നിലപാടിനെ ഖത്തര്‍സ്വാഗതം ചെയ്തു. അതേസമയം, അതിര്‍ത്തിയോട് ചേര്‍ന്ന ബഫര്‍സോണില്‍ ഇസ്രയേല്‍ നടത്തിയ ഇടപെടലിനെ ഖത്തര്‍ അഫലപിച്ചു. അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. സിറിയയില്‍ രാഷ്ട്രീയ മാറ്റം സമാധാനപരമായിരിക്കണമെന്നും ഖത്തര്‍ നിലപാട് വ്യക്തമാക്കി.
അതേസമയം സിറിയന്‍ പ്രതിപക്ഷ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹമാസ് രംഗത്തുവന്നു. സിറിയന്‍ ജനതയുടെ വിജയത്തെ അഭിനന്ദിക്കുന്നതായി ഹമാസ് ടെലിഗ്രാമിലൂടെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ബശ്ശാറിനെതിരായ ഏതു പോരാട്ടത്തെയും പിന്തുണക്കുമെന്ന് 2012ല്‍ തന്നെ ഹമാസ് വ്യക്തമാക്കിയിരുന്നു. അതേസമയം, സിറിയയിലെ പുതിയ സംഭവവികാസങ്ങളും ഇപ്പോള്‍ നടക്കുന്ന ഭരണമാറ്റ പ്രക്രിയകളും അപകടകരമാണെന്നാണ് ഹിസ്ബുല്ല അഭിപ്രായപ്പെട്ടത്.
ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ എച്ച്.ടി.എസിനെ തീവ്രവാദി ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിറിയയിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ എച്ച്.ടി.എസിനെ കരിമ്പട്ടികയില്‍നിന്ന് നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയും സമാനമായ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.
എച്ച്.ടി. എസിന്റെ നിലപാടുകള്‍ ഇപ്പോഴും സംശയങ്ങള്‍ക്ക് ഇന ല്‍കുന്നതാണ്. അസദ് സര്‍ക്കാരിനെ അട്ടിമറിച്ച കാര്യം വിമത സൈന്യത്തലവന്‍ ജുലാനി ലോകത്തോടു പറയാന്‍ തിരഞ്ഞെടുത്ത സ്ഥലവും ഒരു സന്ദേശം നല്‍കുന്നുണ്ട്. 1,300 വര്‍ഷം പഴക്കമുള്ള ലോകത്തിലേക്കും പുരാതനമായ മുസ്ലിംപള്ളികളില്‍ ഒന്നായ ഡമാസ്‌കസിലെ ഉമയ്യത്ത് പള്ളി. 'എന്റെ സഹോദരന്മാരെ, ഈ വിജയം നമ്മുടെ ഇസ്ലാമിക രാജ്യത്തിന് മുഴുവനുമുള്ള വിജയം ആണ്'എന്ന് അദ്ദേഹം പറഞ്ഞു.
'സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയാല്‍, രക്തസാക്ഷികളുടെയും വിധവകളുടെയും അനാഥരുടെയും ത്യാഗങ്ങളും ദീര്‍ഘകാലം ശിക്ഷ അനുഭവിച്ചവരുടെ പീഡകളും ഈ വിജയത്തിന് കാരണമായി' എന്നും അദ്ദേഹം പറഞ്ഞു. അസദിന്റേത് ബാത്തിസ്റ്റ് പാര്‍ട്ടി സര്‍ക്കാരായിരുന്നു. ഏറെക്കുറെ മതനിരപേക്ഷമായത്. പകരം വരുന്നത് ഇസ്ലാമിക ഭരണമായിരിക്കും എന്ന സൂചനയാണ് ജുലാനി നല്‍കുന്നത്.
ക്രിസ്ത്യാനികളടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നാണ് എച്ച്.ടി.എസ് ഉറപ്പു നല്‍കിയിരിക്കുന്നത്. പക്ഷേ, അതു വിശ്വസിക്കാന്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ട്. ഈ സേനയുടെ പീഡനചരിത്രം തന്നെ കാരണം. ന്യൂനപക്ഷ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയ അസദിന്റെ ഭാഗത്തായിരുന്നു ആലെപ്പോയിലും മറ്റുമുള്ള ക്രൈസ്തവര്‍. അവരില്‍ ആയിരങ്ങള്‍ നാടു വിട്ടോടിക്കഴിഞ്ഞു. പോരാത്തതിന് കുടിവെള്ളവും ഭക്ഷണവും പോലും കിട്ടാത്ത, കര്‍ഫ്യൂവിനു മേല്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന സമയം. സിറിയയില്‍ ജീവനും സ്വത്തിനും സംരക്ഷണം കിട്ടുമോ എന്ന ആശങ്കയിലാണ് മത, വംശീയ ന്യൂനപക്ഷങ്ങള്‍. സുന്നി ഭൂരിപക്ഷമായ സിറിയയില്‍ അലാവൈറ്റ് ഷിയക്കാരാണ് അസദ് കുടുംബം.
പുതിയ സിറിയന്‍ ഭരണകൂടത്തില്‍ ജുലാനി നയിക്കുന്ന ഹയാത്ത് തഹ്രീരി അല്‍ ഷാമിന് പ്രധാന റോളുണ്ടാവുമെന്നത് ഉറപ്പാണ്. സംഘടനയും നേതാവ് ജുലാനിയും ഐക്യരാഷ്ട്രസഭയുടെയും അമേരിക്കയുടെയും ഭീകരവാദി പട്ടികയില്‍ പെട്ടവരാണ്. മാത്രമല്ല, ജുലാനിയുടെ തലയ്ക്ക് ഒരുകോടി ഡോളര്‍ വിലയിട്ടിട്ടുമുണ്ട്! മാറിയ സാഹചര്യത്തില്‍ രണ്ടിന്റെയും പേരുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനാണ് ഇട. പക്ഷേ, അതു കൊണ്ടൊന്നും പ്രശ്‌നം തീരുമെന്നു തോന്നുന്നില്ല. കാരണം വ്യത്യസ്ത താല്‍പ്പര്യങ്ങളുള്ള ഒരു ഡസന്‍ സേനകള്‍ ഈ യുദ്ധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ്. അമേരിക്ക പിന്തുണയ്ക്കുന്നത് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) എന്ന കുര്‍ദിഷ് പോരാളികളുടെ ഗ്രൂപ്പിനെയാണ്. വടക്കന്‍ സിറിയയില്‍ സ്വന്തം താവളവും ആയിരത്തോളം സൈനികരുമുണ്ട് അമേരിക്കയ്ക്ക്. തുര്‍ക്കി പിന്തുണയ്ക്കുന്നത് ഫ്രീ സിറിയന്‍ ആര്‍മി എന്ന എഫ്.എസ്.എയെയും. ഈ രണ്ടു ഗ്രൂപ്പുകളും തമ്മില്‍ ചേരില്ല. കാരണം, കുര്‍ദ്ദുകള്‍ക്കെതിരാണ് തുര്‍ക്കി എന്നതു തന്നെ.
ചെറുപ്പത്തില്‍ അല്‍ ക്വയ്ദയില്‍ ചേര്‍ന്ന ജുലാനി ഇറാഖ് യുദ്ധകാലത്ത് അമേരിക്കയ്‌ക്കെതിരെ പോരാടിയിട്ടുണ്ട്. 2011-ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ജബാത്ത് അല്‍ നുസ്ര എന്ന സുന്നി ജിഹാദി സംഘടന സ്ഥാപിച്ചു. 2016-ല്‍ അല്‍ ക്വയിദയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചു, ആഗോള ജിഹാദി സംഘടന എന്ന പ്രതിച്ഛായ മാറ്റി സിറിയന്‍ വിമോചന സംഘടനയാകാന്‍ ശ്രമിച്ചു. അടുത്ത വര്‍ഷം പേരും മാറ്റി- ഹയാത്ത് തഹ്രീരി അല്‍ ഷാം. ഷാം എന്നാല്‍ ഗ്രേറ്റര്‍ സിറിയ മേഖല. ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സര്‍ക്കാരുണ്ടാക്കുന്നതാണ് ലക്ഷ്യമെന്ന് അഭിമുഖങ്ങളില്‍ ജുലാനി പറഞ്ഞിട്ടുണ്ട്. പക്ഷേ, ഈ വാഗ്ദാനങ്ങള്‍ എത്രയ്ക്ക് ആഴത്തിലുള്ളതാണ് എന്നത് കണ്ടറിയണം.
42-കാരനായ ജുലാനിയുടെ കുടുംബവേരുകള്‍ ഗോലാന്‍ കുന്നുകളിലാണ്. 1967-ല്‍ പ്രദേശം ഇസ്രായേല്‍ പിടിച്ചെടുത്തപ്പോള്‍ പലായനം ചെയ്തതാണ് കുടുംബം. അദ്ദേഹം സൈനികനായപ്പോള്‍ സ്വീകരിച്ച പേരിലെ ജുലാനി, ഗോലാനില്‍ നിന്നും വന്നതാണ്. ഗോലാനില്‍ നിന്നും കുടുംബം സൗദി അറേബ്യയിലേക്കു പോയി. അവിടെ വച്ചാണ് അദ്ദേഹം ജനിച്ചത്. 1989-ലാണ് സിറിയയിലെത്തിയത്. ശരിക്കുള്ള പേര് അഹമ്മദ് ഹുസൈന്‍ അല്‍ ഷരാ.