അമേരിക്ക ഉടക്കിയതോടെ യുക്രൈന്‍ വിഷയത്തില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത; റഷ്യയുമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുമ്പോഴും സുരക്ഷാ ഗ്യാരണ്ടി നല്‍കാതെ ഫ്രാന്‍സ്; റഷ്യക്കെതിരെ വിദേശ സൈനികരെ ഉപയോഗിക്കുന്നതില്‍ ഹംഗറിയും സ്ലോവാക്യയും എതിര്

അമേരിക്ക ഉടക്കിയതോടെ യുക്രൈന്‍ വിഷയത്തില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത

Update: 2025-03-04 04:39 GMT

ലണ്ടന്‍: യുക്രൈനുമായി ബന്ധപ്പെട്ട് നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസവും റഷ്യ യുക്രൈനില്‍ അതിശക്തമായ തോതില്‍ ആക്രമണം നടത്തിയിരുന്നു. ബോംബുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ 30 ദിവസത്തേക്ക് വെടിനിര്‍ത്തലിനായി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഒരു തരത്തിലുമുള്ള സുരക്ഷാ ഗ്യാരന്റി ഫ്രാന്‍സും യുക്രൈന് നല്‍കിയിട്ടില്ല. എന്നാല്‍ ബ്രിട്ടന്‍ അടക്കമുള്ള അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ ഇനിയും സ്വീകരിച്ചിട്ടുമില്ല.

കഴിഞ്ഞ ഞായറാഴ്ച ലണ്ടനില്‍ നടന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് പ്രഖ്യാപിക്കും എന്നാണ് കരുതിയിരുന്നത് എങ്കിലും കാര്യമായ തീരുമാനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. യോഗത്തില്‍ യുക്രൈന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ഒരു രാജ്യവും തയ്യാറായില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചപ്പോള്‍ ആരും അതിനെ എതിര്‍ത്തില്ല എന്ന് മാത്രം. വെടിനിര്‍ത്തലിന് ധാരണയായി കഴിഞ്ഞാല്‍ ഏതൊക്കെ രാജ്യങ്ങളാകും

യുക്രൈന്റെ സുരക്ഷക്കായി സൈന്യത്തെ അയയ്ക്കുന്നത് എന്ന കാര്യവും ആരും മുന്നോട്ട് വെച്ചില്ല.

എന്നാല്‍ ഉച്ചകോടിയെ പറ്റി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറയുന്നത് സെലന്‍സ്‌ക്കിക്ക് യുദ്ധം അവസാനിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്നും അമേരിക്കയെ കൂട്ടാതെ ഒരു തരത്തിലും വെടിനിര്‍ത്തല്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നുമാണ്. ഉച്ചകോടിക്ക് ശേഷം ഒരു സംയുക്ത പ്രസ്താവന നടത്താന്‍ പോലും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കഴിയാത്തതും ട്രംപ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം റഷ്യയുമായി സമാധാനം ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ വളരെ വിദൂരമാണെന്ന സെലന്‍സ്‌കിയുടെ പ്രസ്താവനയേയും ട്രംപ് കുറ്റപ്പെടുത്തി.

വിഷയത്തിലെ ഏറ്റവും മോശമായ നിലപാടാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് അമേരിക്ക ഇക്കാര്യം നീട്ടിക്കൊണ്ടു പോകുകയില്ലെന്നും വ്യക്തമാക്കി. ഞായറാഴ്ചത്തെ ഉച്ചകോടിയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ നാല് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. യുക്രൈന്റെ രക്ഷക്കായി യൂറോപ്യന്‍ രാജ്യങ്ങള്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിക്കണം എന്നതായിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

ബ്രിട്ടനും ഫ്രാന്‍സും ഒഴികെ ഒരു രാജ്യങ്ങളും എത്ര സൈനികരെ ഇതിനായി നിയോഗിക്കാം എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ നാറ്റോ സഖ്യകക്ഷികളായ ഹംഗറിയും സ്ലോവാക്യയും സൈന്യത്തെ നിയോഗിക്കുന്നതിന് എതിരാണ്. റഷ്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇവ. എന്നാല്‍ എസ്തോണിയ, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങള്‍ സൈനിക ശക്തിയില്‍ ചെറുതാണെങ്കിലും സൈന്യത്തെ അയയ്ക്കാന്‍ സന്നദ്ധത അറിയിച്ചു.

ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലൂണിയും യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ല എന്നാണ് അറിയിച്ചത്. ബ്രിട്ടനും ഫ്രാന്‍സും മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന് ഉറപ്പില്ലെന്നും അവര്‍ വ്യക്തമാക്കി. കാനഡ, സ്പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളും സൈന്യത്തെ അയയ്ക്കുന്ന കാര്യത്തില്‍ വിമുഖത കാട്ടുകയാണ്.

Tags:    

Similar News