ഹമാസ് ആയുധങ്ങള്‍ താഴെവെച്ച് ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം നാളെ അവസാനിക്കും; അതിര്‍ത്തിയില്‍ ഒരു സുരക്ഷാമേഖല തീര്‍ത്താല്‍ ഫലസ്തീനികള്‍ക്ക് ഇസ്രായേലിനൊപ്പം സമാധാനമായി ജീവിക്കാം; ഗാസ പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ല; ജനങ്ങളുടെ ഭരണകൂടം സ്ഥാപിക്കുകയാണ് ലക്ഷ്യം; വിശദീകരിച്ചു നെതന്യാഹു; ഗാസാ പദ്ധതിയില്‍ ആഗോള എതിര്‍പ്പ് ശക്തം
ഹമാസ് ആയുധങ്ങള്‍ താഴെവെച്ച് ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം നാളെ അവസാനിക്കും
ടെല്‍ അവീവ്: ഗാസ പിടിച്ചെടുക്കുമെന്ന ഇസ്രായേലിന്റെ തീരുമാനം ആഗോള തലത്തില്‍ വലിയ എതിര്‍പ്പിനെ ക്ഷണിച്ചു വരുത്തിയിരുന്നു. മിക്ക രാജ്യങ്ങളും ഇസ്രായേലിനെതിരെ തിരിയുന്ന അവസ്ഥയാണിപ്പോള്‍. ഇതിനിടെ ഗാസ പദ്ധതിയില്‍ കൂടുതല്‍ വിശദീകരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഗസ്സ പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് നെതന്യാഹു വിശദീകരിക്കുന്നത്.
ജനങ്ങളുടെ ഭരണകൂടം ഗസ്സയില്‍ സ്ഥാപിക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. അത് ഇസ്രായേലിന് ഭീഷണിയാവില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധം വേണമെങ്കില്‍ നാളെ അവസാനിപ്പിക്കാം. ഹമാസ് ആയുധങ്ങള്‍ താഴെവെച്ച് ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം അവസാനിക്കും. ഗസ്സയുടെ സൈനികശേഷി ഇല്ലാതാക്കി അതിര്‍ത്തിയില്‍ ഒരു സുരക്ഷാമേഖല തീര്‍ക്കുകയും ചെയ്താല്‍ ഫലസ്തീനികള്‍ക്ക് ഇസ്രായേലിനൊപ്പം സമാധാനമായി ജീവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയുധങ്ങള്‍ താഴെവെക്കാന്‍ ഹമാസിന് അവസരം നല്‍കുകയാണ്. അതിന് അവര്‍ തയാറായില്ലെങ്കില്‍ പൂര്‍ണമായും ഹമാസിനെ ഇസ്രായേലിന് തകര്‍ക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന ആരോപണങ്ങളും നെതന്യാഹു തള്ളി. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഹമാസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ രാജ്യം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ചില ലോകനേതാക്കളുടെ ധാരണ തീര്‍ത്തും തെറ്റാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഹമാസിന്റെ രണ്ട് ശക്തികേന്ദ്രങ്ങളായ ഗസ്സ സിറ്റിയും സെന്‍ട്രല്‍ ക്യാമ്പും തകര്‍ക്കുകയെന്ന നിര്‍ദേശമാണ് ഐ.ഡി.എഫിന് നല്‍കിയിരിക്കുന്നത്. എന്നാല്‍, സുരക്ഷിതമേഖലകളില്‍ ഭക്ഷണം, വെള്ളവും, മെഡിക്കല്‍ സൗകര്യങ്ങളും ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. ബന്ദികളെ വിട്ടുകിട്ടാന്‍ ഒരിക്കലും നടക്കാത്ത ഉപാധികളാണ് ഹമാസ് മുന്നോട്ടുവെക്കുന്നത്. ഗസ്സ മുനമ്പില്‍ നിന്നും ഇസ്രായേല്‍ പൂര്‍ണമായും പിന്മാറണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇത് ആയുധങ്ങളുടെ നിര്‍ബാധമായ ഒഴുക്കിന് കാരണമാകുമെന്നും നെതന്യാഹു കുറ്റപ്പെടുത്തി.
യുദ്ധം തുടങ്ങിയതിന് ശേഷം രണ്ട് മില്യണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഇസ്രായേല്‍ ഗസ്സയിലേക്ക് കൊണ്ടു പോകാന്‍ അനുവദിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷവും ഗസ്സക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് ഇസ്രായേല്‍ നയങ്ങള്‍ മൂലമാണെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ആഗോള തലത്തില്‍ ഇസ്രായേലിന് വിശ്വാസ്യത തകരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഗാസ നഗരത്തിന്റെ പൂര്‍ണ സൈനിക നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഏറ്റവും പുതിയ പദ്ധതിയും അവിടെ വര്‍ധിച്ചുവരുന്ന പട്ടിണിയും വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ അടിച്ചമര്‍ത്തല്‍ നടപടികളും ഈ പ്രതിസന്ധിക്ക് ആക്കമേറ്റുന്നു.
യുദ്ധ കുറ്റകൃത്യങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി നെതന്യാഹുവിനും ഇസ്രായേല്‍ മുന്‍ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയതായി നിരവധി അന്താരാഷ്ട്ര നിയമവിദഗ്ധരും വംശഹത്യ വിശകലന പണ്ഡിതരും മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിക്കുന്നു.
ഇസ്രായേലിന്റെ പരമ്പരാഗത പിന്തുണക്കാര്‍ നെതന്യാഹു സര്‍ക്കാറിന്റെ നടപടികളെ രാജ്യത്തിനകത്തും പുറത്തുംനിന്ന് നിശിതമായി വിമര്‍ശിക്കുകയാണ്. മുന്‍ പ്രധാനമന്ത്രിമാരായ യെഹൂദ് ഒല്‍മെര്‍ട്ട്, യെഹുദ് ബരാക്, ഇസ്രായേലി സാഹിത്യരംഗത്തെ അതികായന്‍ ഡേവിഡ് ഗ്രോസ്മാന്‍, ജൂതമത റബ്ബി ജോനാഥന്‍ വിറ്റന്‍ബര്‍ഗ്, റബ്ബി ഡെല്‍ഫിന്‍ ഹോര്‍വില്ലൂര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും.
കൂടാതെ, നെതന്യാഹുവിനെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കണമെന്ന് നൂറുകണക്കിന് വിരമിച്ച ഇസ്രായേലി സുരക്ഷ ഉദ്യോഗസ്ഥര്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് അഭ്യര്‍ഥിച്ചിട്ടുമുണ്ട്. ആഗോളതലത്തിലെ പ്രധാന ചുവടുവെപ്പായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്രാന്‍സ് പ്രഖ്യാപിച്ചു. യു.കെയും കാനഡയും ഇത് പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു. ജര്‍മനിപോലും ഇതിനുള്ള നീക്കം ആരംഭിച്ചു. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും തന്റെ രാജ്യം ഇതേ പാതയിലാണെന്ന് സൂചിപ്പിച്ചു.
ഇസ്രായേല്‍ സൈന്യം നടത്തുന്ന വംശഹത്യക്കൊപ്പം പട്ടിണി മരണവും രൂക്ഷമാകുന്ന ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി ലോകമെങ്ങും പ്രതിഷേധവും അരങ്ങേറുന്നുണ്ട്. ശനി, ഞായര്‍ ദിനങ്ങളില്‍ ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും ഇസ്രായേലിനെയും നെതന്യാഹുവിനെയും പ്രതിക്കൂട്ടിലാക്കി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബ്രിട്ടനില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയായ ഫലസ്തീന്‍ ആക്ഷന്റെ ബാനറില്‍ ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത 466 പേരെ അറസ്റ്റ് ചെയ്തു.
യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ഫ്രാന്‍സ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലും തുര്‍ക്കി, മലേഷ്യ, ചിലി, അര്‍ജന്റീന, അല്‍ജീരിയ, തുനീഷ്യ എന്നിവിടങ്ങളിലും ആസ്‌ട്രേലിയന്‍ നഗരമായ കാന്‍ബറ, സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോം, ബ്രിട്ടനില്‍ മറ്റു നഗരങ്ങള്‍ എന്നിവിടങ്ങളിലും പ്രകടനങ്ങള്‍ നടന്നു.