ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അല്‍ ജസീറയുടെ മുഹമ്മദ് സലാമയടക്കം നാല് മാധ്യമപ്രവര്‍ത്തകര്‍; ഖേദം പ്രകടിപ്പിച്ചു ഇസ്രായല്‍ പ്രധാനമന്ത്രി; ദാരുണമായ അപകടത്തെ കുറിച്ച് സൈന്യം അന്വേഷിക്കുമെന്നും നെതന്യാഹു

ദാരുണമായ അപകടത്തെ കുറിച്ച് സൈന്യം അന്വേഷിക്കുമെന്നും നെതന്യാഹു

Update: 2025-08-26 03:03 GMT

ഗാസ സിറ്റി: ഗാസ മുനമ്പില്‍ നടന്ന ആശുപത്രി ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രായേല്‍ ഖേദം പ്രകടിപ്പിക്കുന്നതായി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. സംഭവത്തെ ദാരുണമായ അപകടം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 2023 ഒക്ടോബര്‍ 7 ന് ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച 22 മാസത്തെ യുദ്ധത്തിനിടെ ആശുപത്രികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും മാരകമായ ഒന്നായിരുന്നു ഇത്.

ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലേക്ക് ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് ആക്രമണം. ഇസ്രായേല്‍ പത്രപ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടേയും എല്ലാ സാധാരണക്കാരുടെയും പ്രവര്‍ത്തനത്തെ വിലമതിക്കുന്നതായി നെതന്യാഹു വ്യക്തമാക്കി.സൈന്യം സംഭവം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖാന്‍ യൂനിസിന്റെ തെക്കന്‍ നഗരമായ നാസര്‍ ആശുപത്രിയിലെ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ആദ്യ ആക്രമണം ഉണ്ടായത്.

മിനിറ്റുകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും പുറത്തേക്ക്് ഓടിയെത്തിയപ്പോള്‍, രണ്ടാമത്തെ ആക്രമണവും ഉണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അസോസിയേറ്റഡ് പ്രസ്സിനായി ജോലി ചെയ്തിരുന്ന മറിയം ദഗ്ഗയും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ അല്‍ ജസീറ, റോയിട്ടേഴ്‌സ്, യുകെ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ മിഡില്‍ ഈസ്റ്റ് ഐ എന്നിവയില്‍ ജോലി ചെയ്തിരുന്ന മറ്റ് നാല് പത്രപ്രവര്‍ത്തകരും കൊല്ലപ്പെട്ടു.

ഇവരില്‍ പലരും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. അല്‍ ജസീറ ഫോട്ടോ ജേര്‍ണലിസ്റ്റ് മുഹമ്മദ് സലാമയടക്കം അഞ്ച് മാധ്യമപ്രവര്‍ത്തകരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയിലെ ഹുസ്സം അല്‍ മസ്‌റി, അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സി ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച മറിയും അബു ദഖ്ഖ, എന്‍ബിസി നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മെയാസ് അബു താഹ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവരെന്ന് ഗാസയിലെ മീഡിയ ഓഫീസ് വ്യക്തമാക്കി.

കുറേ ദിവസങ്ങള്‍ക്ക് മുമ്പ് അല്‍ ശിഫ ആശുപത്രിക്ക് മുന്നില്‍ വെച്ച് അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകന്‍ അനസ് അല്‍ ശരീഫും നാല് സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. അനസിനെ ലക്ഷ്യം വെച്ച് കൊലപ്പെടുത്തിയതാണെന്ന് പിന്നാലെ ഇസ്രയേല്‍ പറഞ്ഞിരുന്നു. ഗാസയില്‍ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇതുവരെ കുറഞ്ഞത് 274 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹമാസ് നേതാക്കള്‍ ഇപ്പോഴും സാധാരണക്കാരായ ജനങ്ങള്‍ക്കിടിയില്‍ ഒളിച്ചിരിക്കുന്നതായിട്ടാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍, യുകെ, ഫ്രാന്‍സ്, മറ്റുള്ളവര്‍ എന്നിവര്‍ ആക്രമണത്തെ അപലപിച്ചു. അതേ സമയം സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചത്. സ്ഫോടനത്തെ തുടര്‍ന്ന് പരിസരമാകെ കനത്ത തോതില്‍ പുക വ്യാപിച്ചിരുന്നു.

Tags:    

Similar News