ബ്രിട്ടനിലെ ആരോഗ്യ വകുപ്പ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; അടിയന്തിര നടപടികള്‍ക്കൊരുങ്ങി പ്രധാനമന്ത്രി; എന്‍ എച്ച് എസ്സിനെ രക്ഷിക്കാന്‍ കേവലം തൊലിപ്പുറ ചികിത്സ മതിയാകില്ലെന്നും ശസ്ത്രക്രിയ തന്നെ വേണ്ടി വരുമെന്നും സര്‍ കീര്‍ സ്റ്റാര്‍മര്‍

എന്‍ എച്ച് എസ്സിനെയും ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ മേഖലയെയും രക്ഷിക്കാന്‍ കടുത്ത നടപടികള്‍ക്ക് തുനിയും

Update: 2024-09-13 04:41 GMT

ലണ്ടന്‍: ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍ എച്ച് എസ്) ഉള്‍പ്പടെയുള്ള ആരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ, ചില കടുത്ത നടപടികളിലേക്ക് സധൈര്യം നീങ്ങുമെന്ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. പ്രമുഖ കാന്‍സര്‍ സര്‍ജനും മുന്‍ മന്ത്രിയുമായ ആരാ ഡാര്‍സിയുടെ കണ്ടെത്തലുകള്‍ പുറത്തു വന്നതിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. എത്രയൊക്കെ വിവാദങ്ങള്‍ ഉണ്ടായാലും, എന്‍ എച്ച് എസ്സിനെയും ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ മേഖലയെയും രക്ഷിക്കാന്‍ കടുത്ത നടപടികള്‍ക്ക് തുനിയും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

കിംഗ്‌സ് ഫണ്ടില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ ശക്തമായ നിലപാട് അറിയിച്ചത്. എന്‍ എച്ച് എസ്സിന്റെ രോഗാവാസ്ഥ മാറ്റാന്‍ തൊലിപ്പുറ ചികിത്സ മതിയാകില്ലെന്നും അതിന് മേജര്‍ ശസ്ത്രക്രിയ തന്നെ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ പരിഷ്‌കരണത്തിന് വിധേയമാവുക, അല്ലെങ്കില്‍ സ്വയം ഇല്ലാതെയാവുക, അതുമാത്രമാണ് ഇപ്പോള്‍ എന്‍ എച്ച് എസ്സിന് മുന്നില്‍ ഉള്ള ഏക വഴി എന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ പ്രായമേറിയവര്‍ വര്‍ദ്ധിച്ചു വരുന്നതും, രോഗബധകള്‍ വര്‍ദ്ധിക്കുന്നതുമൊക്കെ പോലെയുള്ള കടുത്ത വെല്ലുവിളികള്‍ ഒരു ഭാഗത്ത് ഉയര്‍ന്നു വരികയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അടിയന്തിര ചികിത്സാ വിഭാഗം അതീവ ഗുരുതരാവസ്ഥയിലായിരിക്കുകയാണ്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തന്നെ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വന്നത് ഒരു വര്‍ഷം 14,000 അധിക മരണങ്ങള്‍ക്ക് കാരണമാകുന്നു. ദീര്‍ഘകാലാടിസ്ഥിത പരിഷ്‌കരണങ്ങള്‍ കൊണ്ടു മാത്രമെ എന്‍ എച്ച് എസ്സിനെ രക്ഷിക്കാന്‍ കഴിയുകയുള്ളു എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും ഇതിനായി എടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍, പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ എന്നാല്‍, കേവലം കൂടുതല്‍ പണം നിക്ഷേപിക്കല്‍ മാത്രമല്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.എത്ര കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ലേബര്‍ സര്‍ക്കാര്‍ എന്‍ എച്ച് എസ്സിനായി പണം ചെലവഴിക്കും. എന്നാല്‍, ടാപ്പുകള്‍ തുറന്ന് വെള്ളം എടുക്കാന്‍ തുനിയുന്നതിനു മുന്‍പ് പ്ലംബിംഗ് ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഏറെ വൈകിപ്പോയ, സോഷ്യല്‍ കെയര്‍ രംഗത്തെ പരിഷ്‌കരണങ്ങള്‍ക്ക്  മുന്‍ഗണന നല്‍കുമെന്നും സ്റ്റാര്‍മര്‍ അറിയിച്ചു.

Tags:    

Similar News