കോവിഡ് ബാധിച്ച ബോറിസ് ജോണ്‍സണ്‍ മരണത്തെ മുഖാമുഖം കണ്ടു;രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; വാക്സിന്‍ തിരിച്ചു പിടിക്കാന്‍ ഹോളണ്ടിനോട് യുദ്ധം ചെയ്യാന്‍ ചര്‍ച്ച ചെയ്തു; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മകഥയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
ഹോളണ്ടിനെ ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇതിലുള്ളത്.
ഇനിയൊരു ലോക മഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ജലത്തിന് വേണ്ടിയായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ ബട്രോസ് ബട്രോസ് ഘാലി മുതല്‍ ലോക ബാങ്ക് മുന്‍ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ഇസ്മയില്‍ സെരാഗെല്‍ദിന്‍ വരെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ മരുന്നുകള്‍ക്ക് വേണ്ടിയും യുദ്ധം ഉണ്ടായേക്കാം എന്ന ഞെട്ടിക്കുന്ന അറിവാണ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആത്മകഥ വായിക്കുന്നവര്‍ക്ക് ഉണ്ടാവുക. കോവിഡ് കാലത്ത്, വാക്സിന്‍ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്സ് ഹോളണ്ടിനെ ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇതിലുള്ളത്.
ഡെയ്ലി മെയിലിലും മെയില്‍ ഓണ്‍ സണ്‍ഡേയിലും ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ആത്മകഥയില്‍, കോവിഡ് ബാധിച്ച താന്‍ മരണത്തെ മുഖാമുഖം കണ്ടതായി ആദ്യമായി വെളിപ്പെടുത്തുന്നു. അതില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ഭാഗത്തിലാണ് വാക്സിനു വേണ്ടി യുദ്ധത്തിനൊരുങ്ങിയ കഥ വെളിപ്പെടുത്തുന്നത്. അസ്ട്ര സെനെക വാക്സിന്റെ അഞ്ച് മില്യന്‍ ഡോസുകള്‍ ലഭിക്കുവാന്‍ യൂറോപ്യന്‍ യൂണിയനുമായി മാസങ്ങളോളം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതൊന്നും ഫലവം കണ്ടില്ല എന്ന് അദ്ദേഹം എഴുതുന്നു. ലീഡനിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വാക്സിന്‍ ബ്രിട്ടനിലെത്തിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വി9ളിച്ചു വരുത്തിയതായി അദ്ദേഹം പറയുന്നു.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായത്തോടെ ബ്രിട്ടനില്‍ വികസിപ്പിച്ച അസ്ട്ര സെനെക വാക്സിന്‍ യൂറോപ്യന്‍ യൂണിയന്‍ തട്ടിയെടുത്തതില്‍ ബോറിസ് ജോണ്‍സന്‍ അസ്വസ്ഥനായിരുന്നു. ഇംഗ്ലീഷ് ചാനല്‍ കടന്ന് സൈന്യം ഡച്ച് കനാലിലെത്തി വാക്സിന്‍ എടുത്തു കൊണ്ടുവരണമെന്നായിരുന്നത്രെ തീരുമാനിച്ചത്. എന്നാല്‍, ദീര്‍ഘകാലമായി നാറ്റോ സഖ്യത്തില്‍ അംഗമായ ഒരു സഖ്യ രാഷ്ട്രവുമായുള്ള യുദ്ധം വിപരീതഫലം ഉണ്ടാക്കിയേക്കും എന്ന ഉപദേശമാണ് ബോറിസിനെ ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ആത്മകഥയില്‍ പറയുന്നു.
ഈ നൂറ്റാണ്ടിന്റെ രാഷ്ട്രീയ കുറിപ്പുകള്‍ എന്ന വിശേഷണം ഇതിനോടകം തന്നെ ലഭിച്ച പുസ്തകത്തില്‍, കോവിഡ് ബാധിച്ച് മരണത്തിന്റെ വക്കോളമെത്തിയ സംഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. അര്‍പ്പണ മനോഭാവത്തോടെ തന്നെ ചികിത്സിച്ച രണ്ട് നഴ്സുമാരുടെ പരിശ്രമമാണ് തന്നെ മരണത്തില്‍ നിന്നും തിരികെ എത്തിച്ചതെന്നും അതില്‍ പറയുന്നു. തന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ മൈക്കല്‍ ഗോവിനെതിരെ ചൊരിയുന്ന ക്രൂര പരാമര്‍ശങ്ങളില്‍ ഒന്നില്‍, ആ സമയത്ത് ഗോവ് ഏറെ സന്തോഷിച്ചിരുന്നതായും പറയുന്നു. ബോറിസ് ജോണ്‍സന്റെ ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്കും ആ സമയത്ത് കോവിഡ് ബാധിച്ചിരുന്നു.
താന്‍ ആദ്യം തന്റെ കോവിഡിനെ അവഗണിച്ചുവെന്നും പിന്നീട് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിയെന്നും ബോറിസ് പറയുന്നുണ്ട്. പിന്നീട് വീല്‍ ചെയറിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. പ്രധാനമന്ത്രി പദം വിട്ടിറങ്ങുന്നതിന് കാരണമായ പാര്‍ട്ടി ഗേറ്റിലെ തന്റെ പ്രവര്‍ത്തനങ്ങളെയും ഇന്നലെ പ്രസിദ്ധീകരിച്ച ഭാഗത്ത് അദ്ദേഹം ന്യായീകരിക്കുന്നുണ്ട്.