യുഎന്നില്‍ നെതന്യാഹു പ്രസംഗിക്കുമ്പോള്‍ ആക്രമണം ഉണ്ടാകില്ലെന്ന് കരുതി അവര്‍ ഒത്തുകൂടി; മൊസാദിന്റെ ചാരക്കണ്ണുകളില്‍ 'യോഗം' തെളിഞ്ഞപ്പോള്‍ സൈന്യം ബോംബ് വര്‍ഷം തുടങ്ങി; ഹിസ്ബുള്ള തലവനെ ഇസ്രയേല്‍ തീര്‍ത്തത് അപാര പ്ലാനിങ്ങില്‍
ഐക്യരാഷ്ട്രസഭ പോലെയുള്ള ഒരു പ്രസ്ഥാനത്തില്‍ തങ്ങളുടെ പ്രധാനമന്ത്രി പ്രസംഗം നടത്തുന്ന ദിവസം ഇസ്രയേല്‍ സൈന്യം തങ്ങളെ ആക്രമിക്കില്ല എന്ന് തന്നെ ഹിസ്ബുള്ള നേതൃത്വം വിശ്വസിച്ചിരുന്നു.
ജെറുസലേം: ഹിസ്ബുള്ള തീവ്രവാദ സംഘടനയുടെ തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു എന്ന സ്ഥീരീകരണം പുറത്ത വരുമ്പോള്‍ തെളിയുന്നത് ഇസ്രയേല്‍ സൈന്യത്തിന്റെയും മൊസാദിന്റെയും കൃത്യമായ പ്ലാനിംഗ്. ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രസംഗിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പോലെയുള്ള ഒരു പ്രസ്ഥാനത്തില്‍ തങ്ങളുടെ പ്രധാനമന്ത്രി പ്രസംഗം നടത്തുന്ന ദിവസം ഇസ്രയേല്‍ സൈന്യം തങ്ങളെ ആക്രമിക്കില്ല എന്ന് തന്നെ ഹിസ്ബുള്ള നേതൃത്വം വിശ്വസിച്ചിരുന്നു.
അല്ലെങ്കില്‍ അത്തരമൊരു അന്തരീക്ഷം ഇസ്രയേല്‍ സൃഷ്ടിച്ചു എന്ന് വേണം കരുതാന്‍. അത് കൊണ്ട തന്നെയായിരിക്കും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുളളയും അടുത്ത അനുയായികളും അവരുടെ ആസ്ഥാന മന്ദിരത്തില്‍ തന്നെ യോഗം ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ അവരെ ഞെട്ടിച്ച് കൊണ്ട് നെതന്യാഹുവിന്റെ പ്രസംഗം അവസാനിച്ചതിന് തൊട്ടു പിന്നാലെ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബെയ്റൂട്ടിലേക്ക് കൂട്ടത്തോടെ ഇരമ്പി എത്തുകയായിരുന്നു. തുടര്‍ന്ന് ടണ്‍ കണക്കിന് ബോംബുകളാണ് ഹിസ്ബുള്ള ആസ്ഥാനത്തും സമീപത്തുള്ള കെട്ടിടങ്ങളിലും ഇസ്രയേല്‍ വര്‍ഷിച്ചത്.
ഐക്യരാഷ്ട്രസഭയിലെ പ്രസംഗം പൂര്‍ത്തിയാക്കി പുറത്തേക്ക് വന്ന നെതന്യാഹു തുടര്‍ന്ന് ഇസ്രയേലില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട ഒരാള്‍ അടുത്തെത്തി ചെവിയില്‍ എന്തോ രഹസ്യം പറയുന്നത്. പെട്ടെന്ന് തന്നെ വാര്‍ത്താ സമ്മേളനം നെതന്യാഹു അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഇസ്രയേല്‍ പ്രധാനമന്ത്രി അമേരിക്കയിലെ തന്റെ എല്ലാ പരിപാടികളും റദ്ദാക്കി നാട്ടിലേക്ക് പുറപ്പെടുകയാണ് എന്ന സന്ദേശം എത്തി.
കഴിഞ്ഞ 32 വര്‍ഷമായി ഹിസ്ബുള്ള എന്ന ഭീകരസംഘടനയുടെ തലപ്പത്ത് തുടരുന്ന ഹസന്‍ നസറുള്ള വധിക്കപ്പെട്ടു എന്ന വാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ ഇറാനെ പോലെ അവരെ സഹായിക്കുന്ന രാജ്യങ്ങളെ സംബന്ധിച്ച് ഞെട്ടല്‍ ഉണ്ടാക്കും എന്നത് ഉറപ്പാണ്. കൃത്യമായ ആസൂത്രത്തണത്തിലൂടെ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ വധിച്ചത് പോലെ വളരെ സമര്‍ത്ഥമായി ഹസന്‍ നസറുള്ളയേയും ഇപ്പോള്‍ ഇസ്രയേല്‍ വധിച്ചിരിക്കുകയാണ്. ഇനി അവര്‍ക്ക് മുന്നിലുള്ള ഏക ദൗത്യം ഹമാസിന്റെ പുതിയ തലവനായ യാഹ്യാ സിന്‍വറിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുക എന്നത് മാത്രമാണ്.
ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ആക്രമണം തുടരുന്നതിനിടെ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റല്ലയെ വധിച്ചെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ സൈന്യം രംഗത്തെത്തിയത് കൃത്യമായ തെളിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ്. ഹസന് ഇനി ലോകത്തെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു.
ഹസന്‍ കൊല്ലപ്പെട്ടെന്ന് സൈനിക വക്താവ് ലെഫ്‌നന്റ് കേണല്‍ നദവ് ശോഷാനിയും എക്‌സിലൂടെ അറിയിച്ചു. വെള്ളിയാഴ്ച ലെബനന്‍ തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളെത്തുടര്‍ന്ന് ഹിസ്ബുള്ള മേധാവിയെ വകവരുത്തിയെന്ന് സൈനിക വക്താവ് ക്യാപ്റ്റന്‍ ഡേവിഡ് അവ്രഹാം എഎഫ്പിയോട് സ്ഥിരീകരിച്ചു.