ഇസ്രയേലും ലെബനനും ഇടയിലെ സംഘര്‍ഷം യുദ്ധമാകും; യു എ ഇയും, ഖത്തറും ബഹ്റിനും സൗദിയും, കുവൈറ്റും അടക്കം 18 രാജ്യങ്ങളിലേക്ക് പറക്കുന്നത് അപകടകരം; യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര അലങ്കോലമാക്കി ബ്രിട്ടന്റെ മുന്നറിയിപ്പ്

ഇസ്രയേലിനും ലെബനിനും ഇടയിലുള്ള സംഘര്‍ഷം ഏതൊരു നിമിഷവും ഒരു യുദ്ധമായി മാറിയേക്കാം എന്നാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.

Update: 2024-10-01 02:03 GMT

ലണ്ടന്‍: ഇസ്രയേല്‍ - ലെബനന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ യു എ ഇ, ഖത്തര്‍, ബഹ്‌റിന്‍, സൗദി, കുവൈറ്റ് തുടങ്ങി 18 ഒള രാജ്യങ്ങളിലേക്ക് പറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരെയുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഈജിപ്ത്, ടുണീഷ്യ, മൊറോക്കോ തുടങ്ങി ബ്രിട്ടീഷുകാരുടെ ഏറെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇസ്രയേലിനും ലെബനിനും ഇടയിലുള്ള സംഘര്‍ഷം ഏതൊരു നിമിഷവും ഒരു യുദ്ധമായി മാറിയേക്കാം എന്നാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്. അത് മേഖലയിലാകെ അപകടം വിതച്ചേക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ മുന്നറിയിപ്പ് ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളികളെയാണ്. ഏറിയകൂറും മലയാളികള്‍ എമിരേറ്റ്‌സ്, ഖത്തര്‍ എയര്‍, ഇന്തിഹാദ്, ഗള്‍ഫ് എയര്‍ തുടങ്ങിയ സര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. ഇതാണ് എന്തു ചെയ്യണം എന്നറിയാതെ ആശയക്കുഴപ്പത്തിലാകാന്‍ കാരണം. അതുപോലെ ഇറന് മുകളില്‍ കൂടെയുള്ള യാത്ര ഒഴിവാക്കുന്നത് യാത്രാ സമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അതിനിടയില്‍ ലെബനനിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് എത്രയും വേഗം ലെബനന്‍ വിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വളരെ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പാറ്റ് മെക്ഫദാന്‍ പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാര്‍ ഉടനടി ലെബനന്‍ വിടണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ എയര്‍ലൈന്‍സ് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതൊരു അടിയന്തിര സാഹചര്യവും അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടെങ്കിലും, സാഹചര്യം ഇത്രയും വഷളായ സ്ഥിതിക്ക് ഇപ്പോള്‍ തന്നെ ലെബനന്‍ വിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ലെബനനിലുള്ള ബ്രിട്ടീഷുകാര്‍ ഫോറിന്‍ ഓഫീസുമായി ബന്ധപ്പെട്ട് റെജിസ്റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈജിപ്ത്, ബഹ്‌റിന്‍, അള്‍ജീരിയ, യു എ ഇ, ടുണീഷ്യ. സിറിയ, ജോര്‍ഡാന്‍, ഇറാഖ്, ഇസ്രയേല്‍, പാലസ്തീന്‍ അധിനിവേശ പ്രദേശങ്ങള്‍, ഖത്തര്‍, ഒമാന്‍, മൊറോക്കോ, ലിബിയ, ഇറാന്‍, കുവൈറ്റ്, സൗദി അറേബ്യ, യെമെന്‍ ലെബനന്‍ എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാ മുന്നറിയിപ്പുള്ളത്

Similar News