തായ്വാനെ വിഴുങ്ങാന്‍ വ്യാളി; ഇത് വെറും അഭ്യാസപ്രകടനമല്ല, അധിനിവേശത്തിന്റെ ഫൈനല്‍ റിഹേഴ്‌സല്‍! അമേരിക്കയെ വെല്ലുവിളിച്ച് ഷി ജിന്‍പിംഗിന്റെ 'ജസ്റ്റിസ് മിഷന്‍'; തുറമുഖങ്ങള്‍ പൂട്ടി കടല്‍ ഉപരോധം; പ്രകോപിപ്പിച്ചാല്‍ പ്രത്യാഘാതം കടുക്കുമെന്ന് ജപ്പാനും മുന്നറിയിപ്പ്; ഹിമാഴ്സ് റോക്കറ്റുകള്‍ നിരത്തി തായ്വാന്‍; ചൈനീസ് കടന്നുകയറ്റത്തില്‍ ലോകം മുള്‍മുനയില്‍
ചൈനീസ് കടന്നുകയറ്റത്തില്‍ ലോകം മുള്‍മുനയില്‍
ബീജിംഗ്: തായ്വാനെ വളഞ്ഞ് ചൈന വന്‍ തോതിലുള്ള സൈനികാഭ്യാസത്തിന് തുടക്കമിട്ടതിന് പിന്നാലെ അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പ്. ദ്വീപിന്റെ പ്രധാന തുറമുഖങ്ങള്‍ ഉപരോധിക്കാനുള്ള പരിശീലനവും, കരയിലും കടലിലുമുള്ള ലക്ഷ്യങ്ങള്‍ക്കെതിരെ യഥാര്‍ത്ഥ വെടിവെപ്പും, സൈനിക നീക്കങ്ങളും ഈ അഭ്യാസപ്രകടനത്തില്‍ ചൈന പരീക്ഷിക്കുന്നു.
തായ്വാന്‍ വിഷയത്തില്‍ പ്രകോപനങ്ങളുണ്ടായാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്കും പ്രസിഡന്റ് ട്രംപിനും ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 'ജസ്റ്റിസ് മിഷന്‍ 2025' എന്ന് പേരിട്ടിരിക്കുന്ന ഈ അഭ്യാസം ചൊവ്വാഴ്ചയും തുടരും.
തായ്വാന്‍ കടലിടുക്കിന്റെ വടക്കും തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി സേനയെ വിന്യസിച്ചതായി ചൈനയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് അറിയിച്ചു. ദ്വീപിനെ പൂര്‍ണ്ണമായി വളയുന്നതിനും പ്രധാന തുറമുഖങ്ങള്‍ ഉപരോധിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിശീലനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. തായ്വാന്റെ തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള മേഖലയിലേക്ക് (contiguous zone) ഡസന്‍ കണക്കിന് ചൈനീസ് യുദ്ധക്കപ്പലുകളും വിമാനങ്ങളും അടുക്കുന്നുണ്ടെന്ന് തായ്വാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി
തായ്വാനിലെ പ്രധാന തുറമുഖങ്ങളായ കീലുങ് (Keelung), കയോസിയുങ് (Kaohsiung) എന്നിവ മുദ്രവെക്കുക (Sealing off), ദ്വീപിനെ പൂര്‍ണ്ണമായും വളയുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കരയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള മിസൈല്‍ ആക്രമണങ്ങളും വ്യോമാക്രമണങ്ങളും ചൈന പരീക്ഷിച്ചു.
അമേരിക്ക തായ്വാന് 11.1 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈന ഈ നടപടി സ്വീകരിച്ചത്. തായ്വാന്‍ വിഷയത്തില്‍ ഏത് പ്രകോപനത്തിനും ചൈനയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സമീപകാലത്തെ യുഎസ് ആയുധ വില്‍പ്പനയാണോ ഈ സൈനികാഭ്യാസത്തിന് പിന്നിലെന്ന് ചോദിച്ചപ്പോള്‍, രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ഭൗമപരമായ അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതില്‍ ചൈനയ്ക്ക് മാറ്റമില്ലാത്ത നിലപാടാണുള്ളതെന്നും അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞു. പ്രസിഡന്റ് ഷി ജിന്‍പിംഗ് നവംബറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് തായ്വാന്റെ 'ചൈനയിലേക്കുള്ള മടങ്ങിവരവ്' രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബീജിംഗിന്റെ ആഗോള ക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ കേന്ദ്രമാണെന്ന് വ്യക്തമാക്കിയിരുന്നു. അന്നത്തെ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ 2022-ലെ തായ്വാന്‍ സന്ദര്‍ശനത്തിന് ശേഷം ചൈന നടത്തുന്ന ആറാമത്തെ വലിയ സൈനികാഭ്യാസമാണിത്.
ജപ്പാനും മുന്നറിയിപ്പ്
തായ്വാന് നേരെയുള്ള ചൈനീസ് ആക്രമണം ടോക്കിയോയുടെ സൈനിക ഇടപെടലിന് കാരണമായേക്കാം എന്ന ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചിയുടെ പ്രസ്താവനയ്ക്കും ചൈന മറുപടി നല്‍കി. വിദേശ ഇടപെടലുകള്‍ അനുവദിക്കില്ലെന്നാണ് ചൈനീസ് നിലപാട്.
ചൈനയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് തായ്‌വാന്‍
ചൈനയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് തായ്വാന്‍. ചൈനീസ് നീക്കങ്ങളെ തുടര്‍ന്ന് തായ്വാന്‍ തങ്ങളുടെ സേനയെ സജ്ജമാക്കുകയും, അമേരിക്കന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. തങ്ങളുടെ പക്കലുള്ള അമേരിക്കന്‍ നിര്‍മ്മിത HIMARS റോക്കറ്റ് സംവിധാനങ്ങളടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ തായ്വാന്‍ പ്രദര്‍ശിപ്പിച്ചു. ചൈനയുടെ ഫുജിയാന്‍ പ്രവിശ്യ വരെ തകര്‍ക്കാന്‍ ശേഷിയുള്ളതാണിത്. തായ്വാന്‍ വ്യോമസേനയും നാവികസേനയും അതീവ ജാഗ്രതയിലാണ്. ചൈനീസ് കപ്പലുകള്‍ തായ്വാന്‍ തീരത്തിന് 24 നോട്ടിക്കല്‍ മൈല്‍ അടുത്തുവരെ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
നിരീക്ഷകരുടെ വിലയിരുത്തല്‍
വെറുമൊരു സൈനികാഭ്യാസമെന്നതിലുപരി, എപ്പോള്‍ വേണമെങ്കിലും ഒരു യഥാര്‍ത്ഥ ആക്രമണത്തിലേക്ക് മാറാന്‍ പാകത്തിലുള്ള രീതിയിലാണ് ചൈനീസ് പടയൊരുക്കം. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പ് നല്‍കാന്‍ ചുരുങ്ങിയ സമയം മാത്രം നല്‍കുന്ന തന്ത്രമാണ് ബീജിംഗ് പയറ്റുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
