പുടിനെ വധിക്കാന്‍ സെലന്‍സ്‌കി ഡ്രോണ്‍ അയച്ചോ? പ്രസിഡന്റിന്റെ വസതിക്ക് നേരേ വന്ന 91 എണ്ണം വെടിവെച്ചിട്ടെന്ന് റഷ്യ; എല്ലാം പച്ചക്കള്ളമെന്ന് സെലന്‍സ്‌കി; സമാധാന ചര്‍ച്ചകള്‍ പൊളിക്കാന്‍ പുടിന്റെ 'മാസ്റ്റര്‍ പ്ലാന്‍'; കീവിനെ തകര്‍ക്കാന്‍ റഷ്യയുടെ നുണക്കഥയെന്ന് യുക്രെയ്ന്‍; ട്രംപും പുടിനും ഫോണില്‍; ഏതുനിമിഷവും മിസൈല്‍ മഴ പെയ്യാം; ലോകം വീണ്ടും മുള്‍മുനയില്‍!
പുടിനെ വധിക്കാന്‍ സെലന്‍സ്‌കി ഡ്രോണ്‍ അയച്ചോ?
മോസ്‌കോ/വാഷിംഗ്ടണ്‍: യുക്രെയ്ന്‍ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി റഷ്യയുടെ പുതിയ നീക്കം. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് രംഗത്തെത്തി. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്നും കീവില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനുള്ള റഷ്യയുടെ നാടകമാണിതെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി തിരിച്ചടിച്ചു.
91 ഡ്രോണുകള്‍ വെടിവെച്ചിട്ടു; ലക്ഷ്യം പുടിന്റെ വസതി!
മോസ്‌കോയ്ക്കും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനും ഇടയിലുള്ള നോവ്‌ഗൊറോഡ് മേഖലയിലെ പുടിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് റഷ്യ അവകാശപ്പെടുന്നു. രാത്രിയില്‍ എത്തിയ 91 യുക്രെയ്‌നിയന്‍ ഡ്രോണുകളെ റഷ്യന്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. വസതിക്ക് കേടുപാടുകളോ ആള്‍നാശമോ സംഭവിച്ചിട്ടില്ല.
ഇതിന് ശക്തമായ പകരം വീട്ടല്‍ ഉണ്ടാകുമെന്നും യുക്രെയ്‌നിലെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ റഷ്യ ഉടന്‍ ആക്രമിക്കുമെന്നും ലാവ്റോവ് ഭീഷണി മുഴക്കി. ഈ സംഭവം യുക്രെയ്‌നുമായുള്ള തങ്ങളുടെ ചര്‍ച്ചാ നിലപാട് പുനഃപരിശോധിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുമെന്നും എന്നാല്‍, നിലവിലുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണം നടന്ന സമയത്ത് പ്രസിഡന്റ് പുടിന്‍ വസതിയില്‍ ഉണ്ടായിരുന്നുവോ എന്ന് റഷ്യന്‍ ഭാഗം വ്യക്തമാക്കാത്തതും ശ്രദ്ധേയമാണ്. ജോസഫ് സ്റ്റാലിന്‍, നികിത ക്രൂഷ്‌ചേവ്, ബോറിസ് യെല്‍ത്സിന്‍ എന്നിവരടക്കം നിരവധി സോവിയറ്റ്, റഷ്യന്‍ നേതാക്കള്‍ ചരിത്രപരമായി ഉപയോഗിച്ചിരുന്ന വസതിയാണിത്.
'റഷ്യയുടെ സ്ഥിരം നുണ'; ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ നീക്കം
റഷ്യയുടെ ആരോപണത്തെ തള്ളിക്കളഞ്ഞ സെലന്‍സ്‌കി, ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാനാണ് പുടിന്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. 'ഇതൊരു കെട്ടിച്ചമച്ച കഥയാണ്. കീവിനെ ആക്രമിക്കാനുള്ള ന്യായീകരണം കണ്ടെത്തുക മാത്രമാണ് റഷ്യയുടെ ലക്ഷ്യം. റഷ്യയുടെ നുണകളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണം'. സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ട് പോകാനാണ് റഷ്യ ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. റഷ്യയുടെ ഭീഷണികളോട് പ്രതികരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു.
പുടിനുമായി ഫോണില്‍ സംസാരിച്ച് ട്രംപ്
സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്‌ലാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചു. പുടിനുമായുള്ള സംസാരം വളരെ ക്രിയാത്മകമായിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി. എന്നാല്‍, തന്റെ വസതിക്ക് നേരെ ആക്രമണം നടന്ന സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകളിലെ നിലപാട് റഷ്യ പുനഃപരിശോധിക്കുമെന്ന് പുടിന്‍ ട്രംപിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
സമാധാനം കൈപ്പിടിയില്‍ ഒതുങ്ങുമോ?
ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമാധാനം ഏറെ അടുത്തുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പുടിന്റെ പുതിയ 'ഡ്രോണ്‍ നാടകം' കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളെ റഷ്യ ബോധപൂര്‍വ്വം തുരങ്കം വയ്ക്കുകയാണോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.
