ഇറാന്‍ അയച്ചത് 181 മിസൈലുകള്‍; ഒരേ സമയം ഉണര്‍ന്ന് അമേരിക്കയുടെയും ഇസ്രയേലിന്റെയും ഡോമുകള്‍; ടെല്‍ അവീവ് ആകാശത്ത് രാത്രിയില്‍ പൂത്തിരി കത്തും പോലെ കത്തിയമര്‍ന്ന് മിസൈലുകള്‍; കൊല്ലപ്പെട്ടത് ഒരു പലസ്തീനിയന്‍ മാത്രം; തിരിച്ചടിക്കുമെന്ന് ഭയന്ന് നെട്ടോട്ടമോടി ഇറാനികള്‍
ഏതു സമയത്തും പ്രതീക്ഷിച്ചിരുന്ന ഇറാന്റെ ആക്രമണം പക്ഷെ മലപോലെ വന്ന് എലിപോലെയായി.
ജെറുസലേം: ഏതു സമയത്തും പ്രതീക്ഷിച്ചിരുന്ന ഇറാന്റെ ആക്രമണം പക്ഷെ മലപോലെ വന്ന് എലിപോലെയായി. ഇസ്രയേലിന്റെ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മുന്‍പില്‍ ഇറാന്റെ മിസൈലുകള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല 181 മിസൈലുകള്‍ ഇറാന്‍ അയച്ചുവെങ്കിലും, അവയ്ക്കെല്ലാം തന്നെ ടെല്‍ അവീവിന്റെ ആകാശത്ത് എരിഞ്ഞടങ്ങാനായിരുന്നു വിധി. ഇറാന്‍ മിസൈലുകള്‍ക്ക് ആകാശ ചിതയൊരുക്കിയത് പിഴവറ്റ ഇസ്രയേലി അയേണ്‍ ഡോം.
ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദികളെ, ആക്രമിക്കുകയും, നേതാവിനെ ഉള്‍പ്പടെ കൊന്നൊടുക്കുകയും ചെയ്ത ഇസ്രയേല്‍ നടപടിക്കെതിരെ ആഞ്ഞടിക്കുമെന്ന് ഇറാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ ആകാശത്തേക്ക് പാഞ്ഞെത്തിയ ഇറാന്‍ മിസൈലുകള്‍ ഓറഞ്ചു വര്‍ണ്ണത്തിലുള്ള അഗ്‌നിജ്ജ്വാലകള്‍ വിരിയിച്ച് പൊട്ടിത്തെറിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. എന്നാല്‍, ഈ സംഭവം മദ്ധ്യപൂര്‍വ്വ മേഖലയെ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്കയിക്കുമോ എന്ന ആശങ്ക ലോകാരാഷ്ട്രങ്ങള്‍ക്കിടയില്‍ ജനിപ്പിച്ചിട്ടുണ്ട്.
ഇറാന്റെ പരമോന്നതെ നേതാവ് അലി ഖമേനിയുടെ ഉത്തരവായിരുന്നു ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നില്‍. തങ്ങളുടെ പുതിയ ഹൈപ്പര്‍സോണിക് മിസൈലുകളും ഈ ആക്രമത്തില്‍ ഉപയോഗിച്ചു എന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇസ്രയേലില്‍ വലിയൊരു വിധത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനോ, കൂട്ടക്കുരുതി നടത്താനോ ഒന്നും ഈ ആക്രമണത്തിന് കഴിഞ്ഞില്ല, ആകാശത്ത് വെച്ചു തന്നെ വാല്‍നക്ഷത്രങ്ങളെ പോലെ ഇറാന്‍ മിസൈലുകള്‍ എരിഞ്ഞടങ്ങിയെങ്കിലും, ഈ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹു പറഞ്ഞത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇറാന്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ ഇരട്ടി പ്രഹരശേഷി ഉണ്ടായിരുന്നു ഈ ആക്രമണത്തിന് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, കേവലം ഒരു പലസ്തീനിയന്‍ പെണ്‍കുട്ടിയുടെ നിര്‍ഭാഗ്യകരമായ മരണത്തിനപ്പുറം ഒന്നും നേടാനായില്ല ഇറാന്.ഏതായാലും ഈ ആക്രമത്തിന് ഇറാന്‍ വലിയ വില കോടുക്കേണ്ടി വരും എന്നാണ് ഇസ്രയേല്‍ പറഞ്ഞത്. ഇസ്രയേലിനെ ആക്രമിക്കുന്നവര്‍, വലിയ വില നല്‍കേണ്ടി വരും എന്ന പാഠം ഇറാന്‍ ഇനിയും പഠിച്ചിട്ടില്ല എന്നായിരുന്നു ഇസ്രയേലി പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ ജേക്ക് സള്ളിവനും ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും ഇറാന്‍ ആക്രമണത്തില്‍ ആശങ്ക അറിയിച്ചു. മേഖല ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് കടക്കുമോ എന്നതാണ് അവരുള്‍പ്പടെയുള്ള ലോക നേതാക്കളുടെയെല്ലാം ആശങ്ക. അതേസമയം, അമേരിക്കന്‍ സൈന്യത്തോടെ ഇസ്രയേലി പ്രതിരോധ സംവിധാനങ്ങളെ സഹായിക്കുവാനും, ഇറാന്‍ മിസൈലുകള്‍ തകര്‍ക്കാനും ജോ ബൈഡന്‍ ഉത്തരവിട്ടതായി വൈറ്റ്ഹൗസ് പ്രതിനിധി പറയുന്നു.
ഇറാന്‍ മിസൈലുകളില്‍ ഏതാനും ചിലതിനു മാത്രമാണ് ഭൂമിയിലെ ലക്ഷ്യങ്ങളില്‍ എത്താന്‍ ആയത്. വെസ്റ്റ് ബാങ്ക് നഗരമായ ജെറിക്കോയില്‍ പതിച്ച മിസൈലാണ് ഒരു പാലസ്തീനി പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയത്. ഇതൊഴിച്ചാല്‍ മറ്റു മരണങ്ങളോ ഗുരുതരമായ പരിക്കുക്കുകളോ രേഖപ്പെടുത്തിയിട്ടില്ല. കിഴക്കന്‍ മെഡിറ്ററേനിയനില്‍ താവളമടിച്ചിരിക്കുന്ന അമേരിക്കയുടെ നാവിക സേനയും നിരവധി ഇറാന്‍ മിസൈലുകള്‍ തകര്‍ത്തപ്പോള്‍, അയല്‍ രാജ്യമായ ജോര്‍ഡാനും ഇസ്രയേലിന്റെ സഹായത്തിനെത്തി.
റോയല്‍ ജോര്‍ഡാനിയന്‍ എയര്‍ ഫോഴ്സ് നിരവധി ഇറാനിയന്‍ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ ആകാശത്ത് വെച്ച് പ്രതിരോധിച്ചതായി ജോര്‍ഡാന്റെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം, ഇസ്രയേലിനെ ബ്രിട്ടീഷ് സൈന്യം സഹായിക്കുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനോ അത് നിഷേധിക്കാനോ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തയ്യാറായില്ല. എന്നാല്‍, ബ്രിട്ടീഷ് ഷാഡോ സെക്യൂരിറ്റി മന്ത്രിയും കണ്‍സര്‍വേറ്റീവ് നേതാവുമായ ടോം ടുഗെന്‍ഡട് ഇറാന്‍ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.