അമേരിക്കയില്‍ സ്ഥിരതാമസത്തിനായ് 'ട്രംപ് ഗോള്‍ഡ് കാര്‍ഡ്' വിസ പദ്ധതി; സമ്പന്നരും വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരന്‍മാരെ അമേരിക്കയില്‍ എത്തിക്കാന്‍ പുതിയ പദ്ധതി; വേഗത്തില്‍ താമസാനുമതി നേടാന്‍ അവസരമൊരുക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നത് വന്‍തോതില്‍ വിദേശനിക്ഷേപം; ഇനി ട്രംപ് പ്ലാറ്റിനം കാര്‍ഡും വരും

Update: 2025-12-12 04:27 GMT

മേരിക്കയില്‍ സ്ഥിരതാമസത്തിനായ് 'ട്രംപ് ഗോള്‍ഡ് കാര്‍ഡ്' വിസ പദ്ധതി പുറത്തിറക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്പന്നരും വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരന്‍മാരെ അമേരിക്കയില്‍ എത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ പദ്ധതി. വേഗത്തില്‍ താമസാനുമതി നേടാന്‍ അവസരമൊരുക്കുന്നതിലൂടെ വന്‍തോതില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനാവുമെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ കരുതുന്നത്.

ഇത് കൂടാതെ ഉടന്‍ തന്നെ ട്രംപ് പ്ലാറ്റിനം കാര്‍ഡും പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗോള്‍ഡ് കാര്‍ഡ് അപേക്ഷകള്‍ ക്ഷണിക്കുന്നതിനായി വൈബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. 10 ലക്ഷം ഡോളര്‍ നല്‍കുന്ന വ്യക്തികള്‍ക്ക് യു.എസ് പൗരത്വം ലഭിക്കും. 20 ലക്ഷം ഡോളര്‍ നല്‍കി കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡിലൂടെ വിദഗ്ധ തൊഴിലാളികളെ അമേരിക്കയില്‍ എത്തിക്കാം. വിദേശ നിക്ഷേപം കൊണ്ടുവരാനായി 1990ല്‍ ആരംഭിച്ച ഇബി-5 വിസകള്‍ക്ക് പകരമായാണ് പുതിയ പദ്ധതി. കുറഞ്ഞത് 10 പേര്‍ ജോലി ചെയ്യുന്ന ഒരു കമ്പനിയില്‍ ഏകദേശം 10 ലക്ഷം ഡോളര്‍ ചെലവഴിക്കുന്നവര്‍ക്കായിരുന്നു ഇബി 5 വിസ ലഭിച്ചിരുന്നത്.

ഒരു ഗോള്‍ഡ് കാര്‍ഡ് ലഭിക്കാന്‍ 50 ലക്ഷം ഡോളര്‍ വേണ്ടിവരുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും പിന്നീട് തുക കുറയ്ക്കുകതായിരുന്നു. വിസ പദ്ധതിയുടെ ഭാഗമായി വരുന്ന ഫണ്ടുകള്‍ സര്‍ക്കാരിന് ലഭിക്കുമെന്നും ഈ രീതിയില്‍ കോടിക്കണക്കിന് ഡോളര്‍ ട്രഷറിയിലെത്തുമെന്നുമാണ് ട്രംപ് പറയുന്നത്. 15,000 ഡോളറാണ് ആദ്യം അടയ്‌ക്കേണ്ടത്. പിന്നീട് 10 ലക്ഷം ഡോളര്‍ നല്‍കിയാല്‍ ഗോള്‍ഡ് കാര്‍ഡ് ലഭിക്കും. വിശദമായ പരിശോധനയുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കും. അപേക്ഷകര്‍ വിസ അഭിമുഖത്തില്‍ പങ്കെടുക്കണം. ബ്രിട്ടന്‍, സ്‌പെയിന്‍, ഗ്രീസ്, മാള്‍ട്ട, ഓസ്ട്രേലിയ, കാനഡ, ഇറ്റലി അടക്കമുള്ള രാജ്യങ്ങള്‍ സമ്പന്നരായ വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസയുടെ മാതൃകയില്‍ വിസകള്‍ അനുവദിക്കുന്നുണ്ട്.

പദ്ധതി വളരെ ആവേശകരമാണ് എന്നും അമേരിക്കന്‍ കമ്പനികള്‍ക്ക് ഒടുവില്‍ അവരുടെ വിലമതിക്കാനാവാത്ത കഴിവുകള്‍ നിലനിര്‍ത്താന്‍ കഴിയും എന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്. ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ട്രംപ് ഗോള്‍ഡ് കാര്‍ഡ്, രാജ്യത്തിന് 'ഗണ്യമായ നേട്ടം' നല്‍കുമെന്ന് തെളിയിക്കാന്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന ഒരു യുഎസ് വിസയാണെന്നാണ് പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ തൊഴില്‍ വിസ ഫീസ് ഉയര്‍ത്തുന്നതും രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുന്നതും ഉള്‍പ്പെടെയുള്ള കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനിടയിലാണ് ഇത് സംഭവിക്കുന്നത്.

ഫെബ്രുവരിയില്‍ ആദ്യമായി പ്രഖ്യാപിച്ചതുമുതല്‍ ഗോള്‍ഡ് കാര്‍ഡ് പദ്ധതി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ചില ഡെമോക്രാറ്റുകള്‍ ഇത് അന്യായമാണെന്നും സമ്പന്നരായ വ്യക്തികള്‍ക്ക് അനുകൂലമാകുമെന്നും പറഞ്ഞു. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ സാധാരണയായി അഞ്ച് വര്‍ഷത്തിന് ശേഷമാണ് പൗരത്വത്തിന് അര്‍ഹരാകുന്നത്. എന്നാല്‍ ഗോള്‍ഡ് കാര്‍ഡ് പ്രത്യേകമായി 'ഉയര്‍ന്ന തലത്തിലുള്ള' പ്രൊഫഷണലുകളെ ലക്ഷ്യം വച്ചുള്ളതാണെന്നും ഉല്‍പ്പാദനക്ഷമതയുള്ള ആളുകളെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നുമാണ്് ട്രംപ് പറയുന്നത്.

അമേരിക്കയുടെ യാത്രാ നിരോധനത്തിന് വിധേയമായ 19 രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളുടെ കുടിയേറ്റ അപേക്ഷകളും യു.എസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ഇവ പ്രധാനമായും ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും ഉള്ളവയാണ്.

Tags:    

Similar News