സിറിയയില്‍ ഐസിസ് ഭീകരര്‍ അമേരിക്കക്കാരെ കൊലപ്പെടുത്തിയതില്‍ കട്ടക്കലിപ്പില്‍ ഡൊണാള്‍ഡ് ട്രംപ്; ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപനം; അമേരിക്ക നിങ്ങളെ വേട്ടയാടി കണ്ടെത്തുമെന്നും, ക്രൂരമായി കൊല്ലുമെന്നും മുന്നറിയിപ്പുമായി പ്രതിരോധ സെക്രട്ടറി
സിറിയയില്‍ ഐസിസ് ഭീകരര്‍ അമേരിക്കക്കാരെ കൊലപ്പെടുത്തിയതില്‍ കട്ടക്കലിപ്പില്‍ ഡൊണാള്‍ഡ് ട്രംപ്
ദമാസ്‌കസ്: സിറിയയില്‍ ഐസിസ് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ്, സിറിയന്‍ വാഹന വ്യൂഹത്തിന് നേരേയാണ് ആക്രമണം നടന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്റെ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞത് സിറിയയില്‍ മൂന്ന് മഹാന്‍മാരായ അമേരിക്കന്‍ ദേശസ്നേഹികളുടെയും രണ്ട് സൈനികരുടെയും ഒരു സാധാരണ പൗരന്റെയും നഷ്ടത്തില്‍ ഞങ്ങള്‍ ദുഃഖിക്കുന്നു എന്നാണ്.
ഒപ്പം പരിക്കേറ്റ മൂന്ന് സൈനികര്‍ക്കും വേണ്ടി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതായും അവര്‍ ഇപ്പോള്‍ സുഖമായിരിക്കുന്നതായി സ്ഥിരീകരിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആക്രമണം നടന്ന പ്രദേശം പൂര്‍ണമായും സിറിയയുടെ നിയന്ത്രണത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിറിയയുടെ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ ഈ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിച്ചു. സംഭവം ഗുരുതരമാണെന്നും ശക്തമായ തോതില്‍ ഇതിന് തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്കതമാക്കി. മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ വക്താവ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
'സൈനികര്‍ ഒരു പ്രധാന നേതാവിനെ പിടികൂടാനായി ഏറ്റുമുട്ടല്‍ നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.എസ്.ഐ.എസ് വിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനായി എത്തിയതായിരുന്നു അമേരിക്കന്‍ സൈന്യം. അതേ സമയം ആക്രമണം നടത്തിയ വ്യക്തിയെ സിറിയന്‍ സൈന്യം വധിച്ചു എന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞത്. ലോകത്തിലെവിടെയും നിങ്ങള്‍ അമേരിക്കക്കാരെ ലക്ഷ്യം വച്ചാല്‍, അമേരിക്ക നിങ്ങളെ വേട്ടയാടുമെന്നും, കണ്ടെത്തുമെന്നും, ക്രൂരമായി കൊല്ലുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പരിക്കേറ്റവരെ ഹെലികോപ്റ്ററുകളില്‍ ഇറാഖ്, ജോര്‍ദാന്‍ അതിര്‍ത്തിക്കടുത്തുള്ള ടാന്‍ഫ് ഗാരിസണിലേക്ക് കൊണ്ടുപോയി. ഐ.എസുമായി ബന്ധമുള്ള ഒരു തോക്കുധാരി ഒരു സൈനിക പോസ്റ്റിന്റെ കവാടത്തില്‍ വെടിയുതിര്‍ത്തതായി സിറിയയുടെ ആഭ്യന്തര മന്ത്രാലയ വക്താവും വ്യക്തമാക്കിയിരുന്നു. അക്രമി ഐ.എസ് അംഗമാണോ അതോ അവരുടെ പ്രത്യശാസ്ത്രം പിന്തുടരുന്ന വ്യക്തിയാണോ എന്ന കാര്യം സിറിയന്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്.
ഐസിസിനെതിരെ പോരാടുന്ന സഖ്യത്തിന്റെ ഭാഗമായി കിഴക്കന്‍ സിറിയയില്‍ അമേരിക്ക നൂറുകണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്. 2019 ല്‍ സിറിയയില്‍ ഐ.എസ് ദുര്‍ബലപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ സ്ലീപ്പര്‍ സെല്ലുകള്‍ ഇപ്പോഴും മാരകമായ ആക്രമണങ്ങള്‍ നടത്തുകയാണ്. ഐസിസിനെ നേരിടുന്നതിനായി സിറിയന്‍ സൈന്യത്തിന് അമേരിക്കന്‍ സൈന്യം പരിശീലനം നല്‍കുന്നുണ്ട്. മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദ് സ്ഥാനമൊഴിഞ്ഞ് രാജ്യം വിട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്നലെ വെടിവയ്പ്പ് നടന്നത്.
അസദ് ഇപ്പോള്‍ റഷ്യന്‍ തലസ്ഥനമായ മോസ്‌കോയിലാണ് താമസിക്കുന്നതെന്ന് പറയപ്പെടുന്നത്. ഈ വര്‍ഷം ആദ്യം സൗദി അറേബ്യയിലേക്കുള്ള ഒരു യാത്രയില്‍ പുതിയ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. 43 കാരനായ ഷാര, മുന്‍ അല്‍-ഖ്വയ്ദ കമാന്‍ഡറാണ്. അടുത്തിടെ വരെ അമേരിക്ക അദ്ദേഹത്തെ പ്രത്യേകമായി നിയുക്ത ആഗോള ഭീകരന്‍ ആയി പ്രഖ്യാപിച്ചിരുന്നു.
അമേരിക്കന്‍ സൈന്യം അദ്ദേഹത്തെ പിടികൂടി 2011 വരെ അഞ്ച് വര്‍ഷം തടവിലാക്കി. അസദിന്റെ എതിരാളിയായ ഷാര 2024 നവംബറില്‍ അദ്ദേഹത്തിന്റെ ഭരണകൂടത്തിനെതിരെ 11 ദിവസത്തെ കലാപം നടത്തിയത് സര്‍ക്കാരിന്റെ പതനത്തിന് കാരണമായി.
