ഇറാന്‍ മിസൈല്‍ തൊടുക്കും മുന്‍പ് അമേരിക്ക വിവരം അറിഞ്ഞു; മെഡിറ്റേറിയന്‍ കടലിലെ പടക്കപ്പലില്‍ നിന്ന് പ്രതിരോധം തുടങ്ങി; കളി കാര്യമായതോടെ ബ്രിട്ടനും ഇസ്രയേലിന്റെ രക്ഷക്കെത്തി: ഇസ്രയേലിനെ മഹാദുരന്തത്തില്‍ നിന്നും സുഹൃത്തുക്കള്‍ രക്ഷിച്ചതെങ്ങനെ
ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇസ്രയേലും സഖ്യകക്ഷികളും നല്‍കിയത് സമാനതകളില്ലാത്ത തിരിച്ചടി
ടെല്‍ അവിവ്: ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇസ്രയേലും സഖ്യകക്ഷികളും നല്‍കിയത് സമാനതകളില്ലാത്ത തിരിച്ചടി. അമേരിക്കയുടെ സൈനിക സംവിധാനങ്ങളും ഇസ്രയേലിന് തുണയായി. കൃത്യമായ നിരീക്ഷണമാണ് മിസൈലിന്റെ വരവ് ഇസ്രയേലിനെ അറിയിച്ചത്. ഇറാന്‍ മിസൈല്‍ തൊടുക്കും മുമ്പ് തന്നെ അമേരിക്ക സംഭവിക്കാന്‍ പോകുന്നത് തിരിച്ചറിഞ്ഞു. മെഡിറ്റേറിയന്‍ കടലില്‍ സജ്ജമായിരുന്ന പടക്കപ്പല്‍ പ്രതിരോധവും തുടങ്ങി. പിന്നാലെ കൂടുതല്‍ സുഹൃത്തുക്കള്‍ ഇസ്രയേലിന്റെ രക്ഷയ്‌ക്കെത്തി. ബ്രിട്ടണും അമേരിക്കയ്‌ക്കൊപ്പം ഇസ്രയേലിന് വേണ്ടി മിസൈല്‍ പ്രതിരോധം നടത്തി. അങ്ങനെ മഹാദുരന്തത്തില്‍ നിന്നും ഇസ്രയേല്‍ രക്ഷപ്പെട്ടു. അയണ്‍ ഡോമുകള്‍ ഇറാന്റെ മിസൈലുകളെ ആകാശത്തു തന്നെ ചിന്നഭിന്നമാക്കി.
ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു. ഇതിന് കാരണം അമേരിക്കയുടെ കരുതലാണ്. അമേരിക്ക അതിവേഗം മിസൈല്‍ ഓപ്പറേഷന്‍ അറിഞ്ഞതാണ് ഇഥിന് കാരണം. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സുമായി ചേര്‍ന്ന് മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചു.
ഇസ്രയേലിനെതിരെയുള്ള ഇറാന്റെ മിസൈലാക്രമണം പ്രതിരോധിക്കാന്‍ അമേരിക്കയുടെ രണ്ടുയുദ്ധക്കപ്പലുകളില്‍ നിന്ന് ഒരു ഡസനോളം ഇന്റര്‍സെപ്റ്റര്‍ തൊടുത്തതായി പെന്റഗണ്‍ അറിയിച്ചു. ഇറാനില്‍ നിന്നുതന്നെയാണ് ഇവ തൊടുത്തതെന്നും പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ആക്രമണത്തേക്കാള്‍ ഇരട്ടി മിസൈലുകളാണ് ഇത്തവണ ഇറാന്‍ ഇസ്രയേലിന് നേരെ തൊടുത്തതെന്നും പെന്റഗണ്‍ പറഞ്ഞു. അമേരിക്കയ്‌ക്കൊപ്പം ബ്രിട്ടണും പ്രതിരോധത്തില്‍ ശക്തമായ പങ്കാളിയായി മാറി. ഇതാണ് ഇസ്രയേലിന് കൂടുതല്‍ കരുത്തായത്.
നേരത്തെ ഇറാനില്‍നിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ടെല്‍ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു. ഇതും ഇസ്രയേലിനെ തുണച്ചു. എന്നാല്‍ മിസൈലുകള്‍ ഇസ്രയേലില്‍ പതിക്കും മുമ്പ് തന്നെ തകര്‍ത്തുവെന്നതാണ് വസ്തുത. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെയും പ്രധാനകമാന്‍ഡര്‍മാരെയും വധിച്ചതിനുപിന്നാലെ ലെബനനില്‍ കരയധിനിവേശം തുടങ്ങിയ ഇസ്രയേല്‍ രാജ്യത്തുടനീളം വ്യോമാക്രമണവും ശക്തമാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഇറാന്റെ ഇടപെടല്‍. ലബനനിലെ ഇസ്രയേല്‍ ഇടപെടല്‍ അതിശക്തമായി തുടരുകയും ചെയ്യുന്നുണ്ട്.
ലബനന്‍ തലസ്ഥാനമായ ബയ്‌റുട്ടിലും പ്രാന്തപ്രദേശങ്ങളിലും തെക്കന്‍ ലെബനനിലും ബെകാ വാലിയിലും ചൊവ്വാഴ്ച ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. 24 മണിക്കൂറിനിടെ 95 പേര്‍ മരിച്ചു. 172 പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഒരു വര്‍ഷത്തോളമായി സംഘര്‍ഷത്തിലാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രമണം. ഇസ്രയേല്‍ കരയുദ്ധത്തിനു തുനിഞ്ഞാല്‍ അതിന് തങ്ങള്‍ സജ്ജരാണെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു.
അതിനിടെ ഇസ്രയേലിനെതിരായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഇറാന്‍ തിക്തഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്ക പ്രസ്താവിച്ചിട്ടുണ്ട്. ''തീര്‍ച്ചയായും, ഈ ആക്രമണത്തിന് ഇറാന്‍ പ്രത്യാഘാതങ്ങള്‍ നേരിട്ടിരിക്കും. ഇന്ന് എന്തായിരിക്കും പ്രത്യാഘാതങ്ങളെന്ന് ഞാന്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഇസ്രയേലുമായി ചര്‍ച്ച നടത്തും.'' സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അപലപിക്കാന്‍ എല്ലാ രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും അമേരിക്ക അറിയിച്ചു. ആക്രമണത്തെ കുറിച്ച് അമേരിക്കയ്ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും മില്ലര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനും ഇസ്രയേലിനെതിരായ ആക്രമണത്തെ അപലപിച്ചു. ''ആക്രമണങ്ങളും പ്രതികാര നടപടികളും തുടരാന്‍ സാധ്യതയുണ്ട്. മേഖലയിലുടനീളം ഉടനടി വെടിനിര്‍ത്തല്‍ വേണം.'' യൂറോപ്യന്‍ കമ്മിഷന്‍ വൈസ് പ്രസിഡന്റ് ജോസഫ് ബോറല്‍ പറഞ്ഞു.