അഭയാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും; ഇന്ത്യന്‍ നഴ്സുമാരേയും ഐ ടി കാരെയും ആകര്‍ഷിക്കാന്‍ നിയമങ്ങള്‍ ഇളവ് ചെയ്യും; ചാന്‍സലര്‍ ഡല്‍ഹിക്ക്; ജര്‍മ്മനിയുടെ കുടിയേറ്റ നിയമ മാറ്റം ഇങ്ങനെ

Update: 2024-10-19 03:51 GMT

കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അഭയാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്ന പുതിയ നിയമം ജര്‍മ്മന്‍ പാര്‍ലമെന്റ് പാസാക്കി. കുടിയേറ്റ നിയമങ്ങള്‍, പ്രത്യേകിച്ചും അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ടവ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മനി. ഇതിനോടകം മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ റെജിസ്റ്റര്‍ ചെയ്തവരും, അതുപോലെ നാടുകടത്തല്‍ ഉത്തരവ് ലഭിച്ചവര്‍ക്കുമായിരിക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കുക. അതുപോലെ, താത്ക്കാലികമായി മാതൃരാജ്യത്തേക്ക് പോകുന്നവര്‍ക്ക് ജര്‍മ്മനിയില്‍ തുടരുന്നതിനുള്ള അവകാശം നിഷേധിക്കുകയും ചെയ്യും.

യഹൂദവിരുദ്ധത, സ്വവര്‍ഗ്ഗ രതിയോടുള്ള വിരോധം എന്നിവയാല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടമാകും. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ സോളിംഗെന്‍ നറ്റരത്തില്‍ ഒരു ഉത്സവാഘോഷത്തിനിടെ നടന്ന കത്തിക്കുത്തിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ജര്‍മ്മന്‍ സര്‍ക്കാര്‍ ഈ പുതിയ നിയമവുമായി മുന്നോട്ട് വന്നത്. ഇതില്‍ പ്രതിയെന്ന് സംശയിക്കുന്ന, 26 കാരനായ സിറിയന്‍ വംശജനെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ നാടുകടത്താന്‍ ഒരുങ്ങിയെങ്കിലും അയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

പൊതു തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെ, കുടിയേറ്റ വിരുദ്ധ നയങ്ങളുടെ വക്താക്കളായ പാര്‍ട്ടികള്‍ അഭിപ്രായ സര്‍വ്വേകളില്‍ ഏറെ മുന്നിട്ട് നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെയാണ് കൂടുതല്‍ കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. എന്നാല്‍ കൂട്ടുമന്ത്രി സഭയില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ വിരുദ്ധാഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി ജര്‍മ്മനി

രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് ഇന്ത്യാക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയാണെന്ന് ജര്‍മ്മന്‍ മന്ത്രിസഭ വെളിപ്പെടുത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷൂള്‍സും ഉന്നതോദ്യോഗസ്ഥരും ന്യൂഡല്‍ഹി സന്ദര്‍ശിക്കാനിരിക്കെ ആണ് ഇത്തരമൊരു നീക്കം. പ്രധാനമായും തൊഴില്‍ വകുപ്പും വിദേശകാര്യ മന്ത്രാലയവും മുന്നോട്ട് വെച്ച, ഇന്ത്യയില്‍ നിന്നുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള 30 നിര്‍ദ്ദേശങ്ങളാണ് ചാന്‍സലര്‍ ഒലാഫിന്റെ മന്ത്രിസഭ പാസ്സാക്കിയത്.

ജര്‍മ്മനിയുടെ സമ്പദ്ഘടന അതിവേഗം വളരേണ്ടതുണ്ടെന്നും അതിന് സമര്‍ത്ഥരും നൈപുണികള്‍ ഉള്ളവരുമായ തൊഴിലാളികളുടെ ആവശ്യമുണ്ടെന്നും ജര്‍മ്മന്‍ തൊഴില്‍ വകുപ്പ് മന്ത്രി ഹബേര്‍ട്ടസ് ഹീല്‍ പറഞ്ഞു. സാവധാനം പ്രായമേറിയവര്‍ കൂടിവരുന്ന ജര്‍മ്മന്‍ സമൂഹത്തില്‍ ചില മേഖലകളില്‍ തൊഴിലാളിക്ഷാമ അതീവ ഗുരുതരമാണ്. ഇവിടെ വിദേശങ്ങളിലെ തൊഴില്‍ നൈപുണ്യം ഉപയോഗിക്കുവാനാണ് ജര്‍മ്മനി ശ്രമിക്കുന്നത്.

അതേസമയം ഇന്ത്യയിലെ സാഹചര്യം നേരെ വിപരീതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓരോ മാസവും പത്ത് ലക്ഷത്തോളം പുതിയ ആളുകളാണ് ഇന്ത്യയിലെ തൊഴില്‍ വിപണിയില്‍ ഇറങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് ശക്തിയാണെങ്കിലും ഇത്രയും വിപുലമായ ഒരു തൊഴില്‍ സേനക്ക് അവസരമൊരുക്കുക അസാധ്യമാണ്. അതുകൊണ്ടു തന്നെ തൊഴില്‍ നൈപുണ്യമുള്ളവര്‍ വിദേശങ്ങളിലേക്ക് കുടിയേറുന്നത് സാധാരണമായിരിക്കുന്നു.

ഇതാണ്, നൈപുണിയുള്ള തൊഴിലാളികളുടെ കാര്യത്തില്‍ ജര്‍മ്മനിയുടെ പങ്കാളിയാകാന്‍ ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലും, ഐ ടി മേഖലയിലുമാണ് പ്രധാനമായും ഇന്ത്യന്‍ നൈപുണി ഉപയോഗിക്കുവാന്‍ ജര്‍മ്മനി ഉന്നം വയ്ക്കുന്നത്. അതുപോലെ കെട്ടിട നിര്‍മ്മാണ മേഖലയിലും ഇന്ത്യാക്കാരെ കൂടുതലായി ഉള്‍പ്പെടുത്തും.

അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ഷൂള്‍സിന്റെ സംഘത്തില്‍ ജര്‍മ്മന്‍ തൊഴില്‍ കാര്യ മന്ത്രിയും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള വിവിധ മേഖലകളില്‍ നൈപുണ്യം നേടിയ തൊഴിലാളികളെ ജര്‍മ്മനിയില്‍ കുടിയേറുന്നത് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും എന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ജോബ് ഫെയറുകള്‍ നടത്തുവാനും ബെര്‍ലിന്‍ ആലോചിക്കുന്നുണ്ട്. അതിനു പുറമെ ഇപ്പോള്‍ ജര്‍മ്മനിയില്‍ ഉന്നത പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളോട്, പഠന ശേഷം ജര്‍മ്മനിയില്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ ഉപദേശം നല്‍കുകയും ചെയ്യും.

ഇന്ത്യയില്‍ നിന്നെത്തിയ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ ജര്‍മ്മനിയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2024 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 1,37,000 ഇന്ത്യന്‍ സ്‌കില്‍ഡ് വര്‍ക്കര്‍മര്‍ ജര്‍മ്മനിയില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നുണ്ട്. 2015 ല്‍ ഇത് വെറും 23,000 പേര്‍ മാത്രമായിരുന്നു. അതുപോലെ, ജര്‍മ്മനിയിലുള്ള ഇന്താക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ വെറും 3.7 ശതമാനം മാത്രമാണെന്നും കണക്കുകള്‍ കാണിക്കുന്നു. ജര്‍മ്മനിയിലെ പൊതുവെയുള്ള തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമാണ്.

Tags:    

Similar News