അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട കോടികളുടെ ചെലവ് ഒഴിവാക്കാന്‍ ഇസ്രയേലിന്റെ ലേസര്‍ ആക്രമണം; കിലോമീറ്ററുകള്‍ സഞ്ചരിച്ച് തീതുപ്പി മിസൈലുകളും ഡ്രോണുകളും കത്തിക്കുന്ന അയണ്‍ ബൂം റെഡി; ഇസ്രയേലിന്റെ പുതിയ ആയുധത്തിന്റെ കഥ
ജെറുസേലം: ശത്രുക്കള്‍ അയയ്ക്കുന്ന മിസൈലുകളും റോക്കറ്റുകളും ഡ്രോണുകളുമെല്ലാം തടഞ്ഞ് നിര്‍ത്തി തകര്‍ക്കാന്‍ എക്കാലത്തും ഇസ്രയേലിന് വന്‍ കവചമായി പ്രവര്‍ത്തിച്ച പ്രതിരോധ സംവിധാനമാണ് അയണ്‍ഡോമുകള്‍. എന്നാല്‍ ഇപ്പോള്‍ ഇതിനേയും കടത്തിവെട്ടുന്ന പുതിയ പ്രതിരോധ സംവിധാനം ഒരുക്കി കാത്തിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. അയണ്‍ബീം എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനം പ്രതിരോധം തീര്‍ക്കുന്നത് ലേസര്‍ ആക്രമണത്തിലൂടെയാണ്.
ഇവ കിലോമീറ്ററുകളോളം സഞ്ചരിച്ച് തീ തുപ്പി മിസൈലുകളും റോക്കററുകളും ഡ്രോണുകളും കത്തിക്കും. ഈ സംവിധാനത്തിന് 413 മില്യണ്‍ പൗണ്ട് ചെലവ് വരും. അയണ്‍ഡോമുകള്‍ പ്രവര്‍ത്തിക്കാന്‍ തന്നെ കോടികളുടെ ചെലവാണ് ഇസ്രയേലിന് വഹിക്കേണ്ടത്. എന്നാല്‍ അയണ്‍ബീം സംവിധാനം ആകട്ടെ താരതമ്യേന ചെലവ് കുറഞ്ഞതാണ്. ഇസ്രയേലിലെ പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്ന കമ്പനികളായ റഫേലും എല്‍ബിറ്റും ചേര്‍ന്നാണ് അയണ്‍ബീം നിര്‍മ്മിക്കുന്നത്. 100 കിലോവാട്ട് മുതല്‍ 150 കിലോവാട്ട് വരെ ഊര്‍ജ്ജമാണ് ഓരോ ലേസര്‍ ആക്രമണത്തിനും വേണ്ടി വരുന്നത്.
100 മീറ്റര്‍ മുതല്‍ 2000 മീറ്റര്‍ അകലെ നിന്ന് കൊണ്ട് തന്നെ മിസൈലുകളെ തകര്‍ക്കാന്‍ പുതിയ സംവിധാനത്തിന് കഴിയും. അടുത്ത വര്‍,ം 28 നാണ് അയണ്‍ബീമുകള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗമായി മാറുന്നത്. നിലവില്‍ ഹിസ്ബുളളയും ഹമാസും ഹൂത്തികളും എല്ലാം അയയ്ക്കുന്ന മിസൈലുകളും ഡ്രോണുകളും എല്ലാം തടയുന്നത് ഇസ്രയേലിന്റെ അയണ്‍ഡോമുകളാണ്. എന്നാല്‍ തുടര്‍ച്ചയായ ഉപയോഗം കാരണം ഇവയുടെ കാര്യക്ഷമത കുറഞ്ഞിട്ടുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും ശക്തവും സുരക്ഷിതവുമായ മിസൈല്‍ പ്രതിരോധ സംവിധാനമായി അയണ്‍ ബീം മാറുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അയണ്‍ഡോമുകള്‍ ഓരോ പ്രാവശ്യവും ശത്രുവിന്റെ ആക്രമണത്തെ തടയുമ്പോഴും ഇസ്രയേലിന് ചെലവ് വരുന്നത് അമ്പതിനായിരം ഡോളറാണ്. ഓരോ ദിവസവും ഇസ്രയേലിന് വന്‍ സാമ്പത്തിക നഷ്ടമാണ് ഇതാ കാരണം ഉണ്ടാകുന്നത്. അയണ്‍ബീം വരുന്നതോടെ പ്രതിരോധിക്കാനുളള ചെലവ് വന്‍തോതില്‍ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് തുച്ഛമാണ് ഒപ്പം ശത്രുവിന് കനത്ത പ്രഹരം നല്‍കാനും അയണ്‍ബീമിന് കഴിയും. മാത്രമല്ല ഇത് പ്രവര്‍ത്തിപ്പിക്കാന്‍ വളരെ കുറച്ച് ജീവനക്കാര്‍ മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
എന്നാല്‍ അയണ്‍ഡോമിന് ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുമ്പോള്‍ അയണ്‍ബീമിന് ആകട്ടെ മഴയത്തും മഞ്ഞിലും പ്രവര്‍ത്തിപ്പിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകും. കൂടാതെ അയണ്‍ഡോമുകള്‍ മിസൈല്‍ പാഞ്ഞെത്തുന്ന നിമിഷം തന്നെ തിരിച്ചടിക്കുമെങ്കിലും അയണ്‍ബീമിന് ആക്രമണം നടത്താന്‍ ഏതാനും സെക്കന്‍ഡുകള്‍ ആവശ്യമായി വരും. ഇസ്രയേല്‍ മിസൈല്‍ പ്രതിരോധ സംവിധാനം ശക്തമാക്കണമെന്ന ആവശ്യം ദീര്‍ഘനാളായി ഉയരുന്നുണ്ടായിരുന്നു.
ഹിസ്ബുള്ള തീവ്രവാദികള്‍ അവരുടെ നേതാക്കള്‍ പലരും കൊല്ലപ്പെട്ടെങ്കിലും ഇപ്പോഴും ഇസ്രയേലിലേക്ക് നിരന്തരമായി മിസൈലുകളും റോക്കറ്റുകളും അയയ്ക്കുന്നത് തുടരുകയാണ്. ഇന്നലെ മാത്രം 115 മിസൈലുകളാണ് അവര്‍ അയച്ചത്.