'ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള കാനഡയുടെ ബോധപൂര്‍വമായ നീക്കം'; നിജ്ജര്‍ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ; ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം

കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ച് വരുത്തി അതൃപ്തി അറിയിച്ചു

Update: 2024-11-02 10:50 GMT

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരിട്ട് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. ആരോപണം ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ച് വരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്.

അസംബന്ധവും അടിസ്ഥാന രഹിതവുമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നുവെന്ന കുറിപ്പ് കൈമാറിയിട്ടുണ്ട്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ നീക്കമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ഇന്ത്യ ഭീകരന്‍ ആയി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് ആണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്.

പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ - കാനഡ ബന്ധത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യന്‍ പൗരന്മാരാണ്.

കാനഡയ്ക്കുള്ളിലെ സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടതായി കനേഡിയന്‍ ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വാഷിംഗ്ടണ്‍ പോസ്റ്റിനോട് അമിത് ഷായുടെ പേര് സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2023 ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ കനേഡിയന്‍ സിഖ് പ്രവര്‍ത്തകന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വിശ്വസനീയമായ തെളിവുകള്‍ കാനഡയുടെ പക്കലുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒരു വര്‍ഷം മുമ്പ് ആരോപിച്ചിരുന്നു. എന്നാല്‍ കാനഡ തെളിവുകള്‍ നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് നിഷേധിച്ചതിന് പിന്നാലെ ആരോപണങ്ങളെ 'അസംബന്ധം' എന്നായിരുന്നു പ്രതികരിച്ചത് .

Tags:    

Similar News