ഗര്‍ഭഛിദ്ര നിയന്ത്രണം തുടരണമെന്ന് ഫ്‌ലോറിഡ വിധിയെഴുതി; നിയമഭേദഗതിക്ക് 58% പേരുടെ പിന്തുണ; കഞ്ചാവ് വലിക്കുന്നതു നിയമവിധേയമാക്കാനുള്ള നീക്കത്തെയും ചെറുത്ത് ഫ്‌ലോറിഡയിലെ വോട്ടര്‍മാര്‍

2016ല്‍ വിജയിച്ചപ്പോഴും 2020ല്‍ പരാജയപ്പെട്ടപ്പോഴും ഫ്‌ലോറിഡ ട്രംപിനൊപ്പം

Update: 2024-11-06 13:32 GMT

മയാമി: ഇത്തവണയും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡോണള്‍ഡ് ട്രംപിനുമൊപ്പമായിരിക്കും ഫ്‌ലോറിഡയെന്ന കാര്യത്തില്‍ അമേരിക്കക്കാര്‍ക്കു സംശയമൊന്നുമില്ലായിരുന്നു. 2016ല്‍ വിജയിച്ചപ്പോഴും 2020ല്‍ പരാജയപ്പെട്ടപ്പോഴും ട്രംപിനൊപ്പമായിരുന്നു ഈ തെക്കന്‍ സംസ്ഥാനം. 99% വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ ഇവിടെ ട്രംപിന് 56% പേരുടെ പിന്തുണയാണ് ഇത്തവണ ലഭിച്ചത്. ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തിലെന്ന പോലെ കഞ്ചാവുപയോഗത്തിന്റെ കാര്യത്തിലും യാഥാസ്ഥിതികമെന്നു വിമര്‍ശകര്‍ വിളിക്കാവുന്ന തീരുമാനമാണ് ഫ്‌ലോറിഡയിലെ വോട്ടര്‍മാര്‍ എടുത്തിരിക്കുന്നത്.

എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഫ്‌ലോറിഡയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരത്തേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു വിഷയമായിരുന്നു. ഗര്‍ഭഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശത്തിനുമേല്‍ സംസ്ഥാനത്തിന് എത്രത്തോളം നിയന്ത്രണമാകാമെന്നതായിരുന്നു ഫ്‌ലോറിഡയിലെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന്.

ഗര്‍ഭഛിദ്രം ഏതാണ്ടു നിരോധിക്കുന്ന വിധത്തിലുള്ള സംസ്ഥാന നിയമം ഭേദഗതി ചെയ്യാനുള്ള ജനഹിതം കൂടിയായിരുന്നു ഫ്‌ലോറിഡയിലെ തിരഞ്ഞെടുപ്പ്. എന്നാല്‍ അത്തരമൊരു ഭേദഗതിക്കു വേണ്ടി നിലകൊണ്ടവര്‍ക്കു നിരാശ നല്‍കുന്നതാണ് ഫ്‌ലോറിഡയില്‍നിന്നു പുറത്തുവരുന്ന ഫലം. ഫ്‌ലോറിഡ സംസ്ഥാനത്തെ നിയമമനുസരിച്ച് 60% വോട്ടു ലഭിച്ചെങ്കിലേ ഒരു നിയമഭേദഗതി സാധ്യമാകൂ.

ഗര്‍ഭഛിദ്രം സംബന്ധിച്ച നിയമഭേദഗതിക്ക് 58% പേരുടെ പിന്തുണയാണു ലഭിച്ചത്. മറ്റു പല സംസ്ഥാനങ്ങളിലും നിയമഭേദഗതികള്‍ നടപ്പാക്കാന്‍ 50 ശതമാനത്തിലധികം പേരുടെ പിന്തുണയെ ആവശ്യമുള്ളൂ. ഗര്‍ഭഛിദ്രം സംബന്ധിച്ച നിയമങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന സുപ്രീംകോടതി വിധി 2022ല്‍ വന്നതിനു ശേഷം പല സംസ്ഥാനങ്ങളും ഭേദഗതികള്‍ വോട്ടിനിട്ട് സാധ്യമാക്കിയിട്ടുണ്ട്.

എന്നാല്‍ ഫ്‌ലോറിഡയില്‍ ഗര്‍ഭഛിദ്ര നിയന്ത്രണത്തിന് ഇളവു വരുത്താതിരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ റോ ഡിസാന്‍ഡിസ് സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. മുമ്പ് 15 ആഴ്ച വരെ ഗര്‍ഭഛിദ്രം അനുവദിച്ചിരുന്ന ഫ്‌ലോറിഡ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഈ കാലാവധി ആറാഴ്ചയായി കുറക്കുകയായിരുന്നു.

ഇതു ഫലത്തില്‍ ഗര്‍ഭച്ഛിദ്ര നിരോധനമാണെന്നും ബലാത്സംഗം, രക്തബന്ധത്തില്‍ ഉള്ളവരില്‍നിന്നുള്ള ഗര്‍ഭധാരണം, അമ്മയുടെ ജീവനു ഭീഷണിയാകുന്ന അവസ്ഥകള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ പോലും ഗര്‍ഭഛിദ്രത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നായിരുന്നു നിയമഭേദഗതിക്കു വേണ്ടി വാദിച്ചവരുടെ നിലപാട്.

കഞ്ചാവ് ഉപയോഗത്തിന്റെ കാര്യത്തിലും കര്‍ശന നിലപാടാണ് ഫ്‌ലോറിഡ എടുത്തിരിക്കുന്നത്. 21 വയസിനു മുകളിലുള്ളവര്‍ക്കു വിനോദത്തിനായി കഞ്ചാവുപയോഗിക്കുന്നതു നിയമവിധേയമാക്കുന്ന ഭേദഗതി ഫ്‌ലോറിഡ സംസ്ഥാനത്തെ ബാലറ്റിന്റെ ഭാഗമായിരുന്നു. അത്തരമൊരു ഭേദഗതി നടപ്പാക്കണോ വേണ്ടയോ എന്ന ചോദ്യത്തിനു ഭൂരിപക്ഷം വോട്ടര്‍മാരും വേണ്ടായെന്ന മറുപടിയാണ് നല്‍കിയത്. 60% പേരുടെ പിന്തുണയായിരുന്നു ഭേദഗതി സാധ്യമാക്കാന്‍ വേണ്ടത്.

അത്തരമൊരു ഭേദഗതി അനുവദിക്കുന്നത് ലഹരി പദാര്‍ഥങ്ങളുടെ ലഭ്യത വളരെ എളുപ്പമാക്കുമെന്നും ഇപ്പോള്‍ത്തന്നെ രാജ്യം നേരിടുന്ന ലഹരി പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നുമാണു ഭേദഗതിയെ എതിര്‍ത്തവരുടെ വാദം. സംസ്ഥാനത്തെ പരമോന്നത കോടതിയുടെ അനുമതിയോടെയാണു വിഷയം ബാലറ്റിലുള്‍പ്പെടുത്തിയിരുന്നത്. ഗര്‍ഭഛിദ്രം സംബന്ധിച്ച നിയമങ്ങളിലെ ഇളവുകള്‍ക്കായുള്ള നീക്കങ്ങളെ ചെറുത്തതുപോലെ തന്നെ കഞ്ചാവ് വലിക്കുന്നതു നിയമവിധേയമാക്കാനുള്ള നീക്കത്തെയും ഫ്‌ലോറിഡയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റെസും സംഘവും ശക്തമായി എതിര്‍ത്തിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ കഞ്ചാവ് മരുന്നുകളില്‍ ഉപയോഗിക്കാനനുവദിക്കുന്ന ഭേദഗതിക്കനുകൂലമായി 71% പേര്‍ വോട്ട് ചെയ്തിരുന്നു.

Tags:    

Similar News