'ഉഭയകക്ഷി ബന്ധത്തിന്റെ നിര്‍ണായക ചുവടുവയ്പ്'; ജി-20 ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കര്‍; അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് മുന്‍ഗണന
ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കര്‍
റിയോഡി ജനീറോ : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മില്‍ സംവദിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ മഞ്ഞുരുകുന്നതിനിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച.
സമീപകാലത്ത് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്കപ്രശ്‌നങ്ങളില്‍ കൈക്കൊണ്ട പരസ്പര ധാരണയുടെ കാര്യത്തില്‍ പുരോഗതിയുണ്ട്. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള ആശയങ്ങളുടെ പരസ്പര വിനിമയത്തിനുള്ള അടുത്ത ചുവടുവയ്പുകളാണ് ഇനി വേണ്ടതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ജയശങ്കര്‍ എക്‌സില്‍ കുറിച്ചു. ഇതിനു പുറമെ ആഗോള സാഹചര്യങ്ങളും ചര്‍ച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലി നടപടിയുടെ പുരോഗതി ഇരുവരും ചര്‍ച്ച ചെയ്തതായി ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടുത്ത ഘട്ടത്തിനുള്ള കാഴ്ചപ്പാടുകളും വീക്ഷണവും കൈമാറി. നിലവിലെ ആഗോള സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്തതായും മന്ത്രി വ്യക്തമാക്കി.
ജി20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിച്ചാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍ റിയോഡി ജനീറോയില്‍ എത്തിയത്. അതേ സമയം ഒക്ടോബര്‍ 21നാണ് അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി ധാരണയിലെത്തിയത്. ലഡാക്കിലെ സംഘര്‍ഷ പോയിന്റുകളായ ഡെംചോക്ക്, ഡെസ് പാങ് പ്രദേശങ്ങളില്‍ നിന്ന് ഇരു രാജ്യങ്ങളിലെ സൈന്യവും വിട്ടുനില്‍ക്കുകയെന്നതായിരുന്നു ധാരണ.
കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷകേന്ദ്രങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്. റഷ്യയിലെ കസാനില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും മുന്‍ഗണന നല്‍കുമെന്ന് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒക്ടോബറിലായിരുന്നു കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കിലെയും ദെപ്സാങ് സമതലങ്ങളിലെയും സംഘര്‍ഷകേന്ദ്രങ്ങളില്‍ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിച്ചത്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമുണ്ടാക്കിയ ധാരണയെത്തുടര്‍ന്നായിരുന്നു നടപടി.