സിറിയയില്‍ അസദിനെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ വിമതന്‍മാരില്‍ പലരും തീവ്രവാദ പശ്ചാത്തലമുള്ളവര്‍; ഇറാനും റഷ്യയും കൈവിട്ടതോടെ ആയുധവും കുറഞ്ഞു; സിറിയയില്‍ ആക്രമണം ഇസ്രയേല്‍ തുടരുമ്പോള്‍

Update: 2024-12-15 07:09 GMT

ജെറുസലേം: സിറിയയില്‍ ഇസ്രയേല്‍ ഇപ്പോഴും ശക്തമായ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ ഡമാസ്‌ക്കസിലും പരിസരങ്ങളിലും ഇസ്രയേല്‍ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. സിറിയന്‍ സൈനിക കേന്ദ്രങ്ങളിലും മിസൈല്‍ സംഭരണ കേന്ദ്രങ്ങളിലും എല്ലാം രൂക്ഷമായ തോതിലാണ് ആക്രമണം നടന്നത്. സിറിയയുടെ ഭൂഗര്‍ഭ മിസൈല്‍ സംഭരണ കേന്ദ്രങ്ങളും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു.

ഒരാഴ്ച മുമ്പ് വിമതര്‍ സിറിയയില്‍ മുന്നേറ്റം നടത്തി അസദ് സര്‍ക്കാരിനെ അട്ടിമറിച്ചതോടെയാണ് ഇസ്രയേലും സിറിയയിലേക്ക് സൈനിക നടപടിയുമായി രംഗത്ത് എത്തിയത്. സിറിയയുടെ രാസായുധ നിര്‍മ്മാണ കേന്ദ്രങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളും അവര്‍ തകര്‍ത്തിരുന്നു. കൂടാതെ നാവിക സേനയുടെ നിരവധി കപ്പലുകളും അവര്‍ ആക്രമിച്ച് കടലില്‍ മുക്കിയിരുന്നു. സിറിയയുടെ കൈവശമുള്ള ആയുധങ്ങള്‍ തീവ്രവാദ സംഘടനകളുടെ കൈകളില്‍ എത്താതിരിക്കാനാണ് ഇത്തരത്തില്‍ ശക്തമായ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.

സിറിയയില്‍ അസദിനെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ വിമതന്‍മാരില്‍ പലരും തീവ്രവാദ പശ്ചാത്തലമുള്ളവരാണ് എന്ന കാര്യവും ഇക്കാര്യത്തിന് ആക്കം കൂട്ടുന്നതാണ്. സിറിയയുടെ എണ്‍പത് ശതമാനം പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തു എന്നാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തുന്നത് ഇസ്രയേല്‍ സൈന്യം വടക്കന്‍ ഡമാസ്‌ക്കസിലെ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനവും സൈന്യത്തിന്റെ വിമാനത്താവളവും തകര്‍ത്തു എന്നാണ്.

വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മിസൈല്‍ കേന്ദ്രവും തകര്‍ക്കപ്പെട്ടിരുന്നു. ഇറാനുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സിറിയയുടെ തകര്‍ച്ച അവര്‍ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. നേരത്തേ ഹിസ്ബുള്ള ഭീകരര്‍ക്ക് ഇറാന്‍ ആയുധം എത്തിക്കുന്നത് സിറിയ വഴിയാണ് എന്നായിരുന്നു ഇസ്രയേല്‍ ആരോപിച്ചിരുന്നത്. സിറിയയിലെ സര്‍ക്കാര്‍ തകര്‍ന്നതോടെ അവര്‍ക്ക് ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും എല്ലാം ലഭിക്കുന്ന ആയുധസഹായവും ഇപ്പോള്‍ തടസപ്പെട്ടിരിക്കുകയാണ്.

സിറിയയിലെ പുതിയ ഭരണകൂടവുമായി യോജിച്ച് പോകുന്നതിന് തങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും എന്നാല്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നുമാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Tags:    

Similar News