യെമനില്‍ നിന്നും ഹൂത്തികള്‍ വീണ്ടും മിസൈലുകള്‍ അയച്ചു; വ്യോമാതിര്‍ത്തിയില്‍ എത്തും മുമ്പേ അയണ്‍ഡോമുകള്‍ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി; ഹൂത്തികളുടേത് സംഘര്‍ഷം കൂട്ടാനുള്ള അഹങ്കാര സമീപനമെന്ന് വിലയിരുത്തി അമേരിക്ക; എല്ലാം നിരീക്ഷിച്ച് ട്രംപ്; ഹമാസും ഹൂത്തികളും തകര്‍ന്ന് തരിപ്പണമാകാന്‍ സാധ്യത
ജെറുസലേം: ഇസ്രയേലിലേക്ക് വീണ്ടും മിസൈലാക്രമണം നടത്തിയ ഹൂത്തി വിമതരെ നിരാശരാക്കി ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം മിസൈലാക്രമണം തകര്‍ത്തു തള്ളി. യെമനില്‍ നിന്നാണ് ഹൂത്തികള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. മിസൈല്‍ ഇസ്രയേലിന്റെ വ്യോമാതിര്‍ത്തിയില്‍ എത്തുന്നതിന് മുമ്പ് തന്നെ അയണ്‍ഡോമുകള്‍ അവയെ തടഞ്ഞ് തകര്‍ക്കുകയായിരുന്നു. ഇതോടെ ഹൂത്തികള്‍ക്കെതിരെ ഇസ്രയേല്‍ പ്രത്യാക്രമണം നടത്തും. ഈ ആക്രമണത്തെ അമേരിക്കയും ഗൗരവത്തിലാണ് എടുക്കുന്നത്. പുതിയ പ്രസിഡന്റായി ചുമതയേല്‍ക്കാന്‍ ഇരിക്കുന്ന ഡൊണാള്‍ഡ് ട്രംപും എല്ലാം നിരീക്ഷിക്കുന്നുണ്ട്. ഹൂത്തികള്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും.
മധ്യ ഇസ്രയേലില്‍ എമ്പാടും ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് അപകട സൈറണുകള്‍ മുഴങ്ങിയിരുന്നു. എന്നാല്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ വിവിധ സ്ഥലങ്ങളിലായി ചിതറിക്കിടക്കുകയാണ്. അതിനിടെ മിസൈല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷിത ബങ്കറുകള്‍ തേടി ജനങ്ങള്‍ പരക്കം പായുന്നതിനിടയില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒരു അറുപതുകാരിക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25 ഓളം പേര്‍ക്ക് തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു എന്നാണ് പറയപ്പെടുന്നത്. അതേ സമയം ഇനിയും ഇസ്രയേലിന് നേര്‍ക്ക് ആക്രമണം തുടരുമെന്ന് ഹൂത്തി വിമതര്‍ പ്രഖ്യാപിച്ചു. ഹമാസിന് പിന്തുണ പ്രഖ്യാപിക്കുകയാണ് അവര്‍. ഇത് അമേരിക്കയേയും ചൊടിപ്പിക്കും. ഹമാസിനേയും ഹൂത്തികളേയും തകര്‍ത്ത് തരിപ്പണമാക്കാനാകും അമേരിക്കയും ഇസ്രയേലും ഇനി ശ്രമിക്കുക.
ഗാസയിലെ തങ്ങളുടെ സ്വന്തക്കാര്‍ക്ക് എതിരായ ആക്രമണങ്ങള്‍ ഇസ്രയേല്‍ അവസാനിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഹൂത്തി വിമരുടെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. പശ്ചിമേഷ്യയില്‍ പുതിയൊരു ലോകം തീര്‍ക്കാനുള്ള നെതന്യാഹുവിന്റെ സ്വപ്നങ്ങള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും അത് യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ഹൂത്തി നേതാവായഹെസാ അല്‍ അസദ് പ്രഖ്യാപിച്ചു. അതേ സമയം ഹിസ്ബുള്ള നേതാക്കളും നേരത്തേ ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നു എങ്കിലും ഇസ്രയേലുമായി വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ പത്തി മടക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച മദ്ധ്യ ഇസ്രയേലില്‍ ടെല്‍അവീവിന് സമീപം യെമന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 16 പേര്‍ക്ക് നിസാര പരിക്കേറ്റിരുന്നു.
ഒരു വര്‍ഷം മുന്‍പ് ഗാസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം യെമനിലെ ഇറാന്റെ പിന്തുണയുളള ഹൂതി വിമതര്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങളും തുറമുഖങ്ങളും ഇസ്രയേല്‍ സൈന്യം തകര്‍ത്തിരുന്നു.ടെല്‍ അവീവിന് കിഴക്കുളള ബ്‌നേ ബ്റാക്കിലാണ് മിസൈല്‍ വീണതെന്ന് ഇസ്രയേല്‍ പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവര്‍ക്കാവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും വക്താവ് പ്രതികരിച്ചു. പാലസ്തീനികളുടെ ഐക്യദാര്‍ഢ്യത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗാസയിലെ ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതുവരെ ആക്രമണങ്ങള്‍ തുടരുമെന്നും കഴിഞ്ഞ ആഴ്ച ഹൂതി വിമതര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം യെമനില്‍ ഹൂതി വിമത കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാനമായ സനായിലെ രണ്ട് പവര്‍ സ്റ്റേഷനുകളിലും ഹൊദൈദയിലെ എണ്ണ കേന്ദ്രത്തിലും അസ്-സാലിഫ്, റാസ് ഇസാ തുറമുഖങ്ങളിലും ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ബോംബിട്ടിരുന്നു. യെമനില്‍ നിന്ന് രാജ്യത്തെ ലക്ഷ്യമാക്കിയ മിസൈലിനെ വെടിവച്ചിട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.ഡിസംബര്‍ ഒമ്പതിനും മദ്ധ്യ ഇസ്രയേലിലെ ജനവാസമേഖലയായ യാവ്നില്‍ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.
അതില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ടെല്‍അവീവില്‍ കഴിഞ്ഞ ജൂലായില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു.ഇതോടെ ഇസ്രയേല്‍ സൈന്യം യെമന്‍ തുറമുഖമായ ഹൊദൈദ് തകര്‍ത്തെന്നും പവര്‍ സ്റ്റേഷനുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.