ട്രംപിന്റേത് ഗാസ്സയിലെ ജനങ്ങള്‍ക്ക് നൈസായി പണികൊടുക്കാനുള്ള പദ്ധതി; നീക്കം ചെയ്യുന്ന ഫലസ്തീനികളെ തിരിച്ചു കൊണ്ട് വരില്ല; റിവേറിയ ആക്കുന്നത് അമേരിക്കക്കാര്‍ക്ക് റിസോര്‍ട്ടുകള്‍ പണിയാന്‍; സമ്മതിക്കില്ലെന്ന് സൗദിയും യുഎയും; ഗസ്സ വിവാദം കൊഴുക്കും
വാഷിങ്ടണ്‍: ഗസ്സ ഏറ്റെടുത്ത് അവിടെ റിവേറിയ ആക്കുന്നത് സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അവിടുത്തെ ജനങ്ങളെ ഒഴിപ്പിച്ച് അമേരിക്കക്ക് സ്വന്തമായി റിസോര്‍ട്ട് പണിയാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന സംശയം ബലപ്പെടുന്നു. ട്രംപ് കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ച ചില കാര്യങ്ങള്‍ ഈ ഒരു സംശയത്തിന് ആക്കം കൂട്ടുന്നതാണ്. മറ്റ് രാജ്യങ്ങളില്‍ പുനരധിവസിക്കപ്പെടുന്ന ഫലസ്തീന്‍കാര്‍ തിരികെ വരേണ്ടതില്ലെന്നാണ് ട്രംപ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗസ്സ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് കുറിച്ചു. ഫലസ്തീനികളെ ഇതിനകംതന്നെ മേഖലയില്‍ കൂടുതല്‍ സുരക്ഷിതവും നോഹരവുമായ പ്രദേശങ്ങളില്‍ പുതിയതും ആധുനികവുമായ വീടുകളോടെ പുനരധിവസിപ്പിക്കാമായിരുന്നു. അവര്‍ക്ക് സന്തോഷത്തോടെ സുരക്ഷിതവും സ്വതന്ത്രവുമായിരിക്കാന്‍ അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള മികച്ച സംഘങ്ങളുമായി ചേര്‍ന്ന്, ഭൂമിയിലെ ഏറ്റവും വലുതും അതിശകരവുമായ വികസിത പ്രദേശമായി മാറുന്ന ഒന്നിന്റെ നിര്‍മാണം അമേരിക്ക ആരംഭിക്കും. മേഖലയില്‍ സ്ഥിരത ഉറപ്പാക്കുമെന്നും ട്രംപ് കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എസ്. സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഗസ്സ ഏറ്റെടുത്ത് പുനര്‍നിര്‍മിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ട്രംപ് ആദ്യമായി പ്രഖ്യാപിച്ചത്.
ഗസ്സയില്‍ നിലവിലുള്ള പലസ്തീന്‍കാര്‍ അവിടംവിട്ട് മറ്റ്് രാജ്യങ്ങളിലേക്ക് പോകട്ടേ ന്നും ഗസ്സയെ സമ്പൂര്‍ണമായി പുനര്‍നിര്‍മിക്കാം എന്നുമായിരുന്നു ട്രംപ് വിശദമാക്കിയത്. ഈജിപ്തും ജോര്‍ദാനും പോലെയുള്ള രാജ്യങ്ങളിലേക്ക് ഗസ്സയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാം എന്നായിരുന്നു ട്രംപിന്റെ നിര്‍ദ്ദേശം. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ കൂടിയായ ട്രംപിന്റെ ഈ നീക്കത്തെ അറബ്് രാജ്യങ്ങള്‍ സംശയ ദൃഷ്ടിയോടെ തന്നെയാണ് വീക്ഷിക്കുന്നത്. പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ട്രംപിന്റെ ഈ നീക്കം അംഗീകരിക്കില്ലെന്ന് നിലപാടിലാണ് സൗദി അറേബ്യയും യ.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ഗസ്സയെ റിവേറിയ ആക്കുന്നത് അമേരിക്കക്കാര്‍ക്ക് റിസോര്‍ട്ട് പണിയാനാണ് എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
അതേ സമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ ട്രംപിന്റെ ഈ നിര്‍ദ്ദേശത്തെ സ്വന്തം പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്‍സും എതിര്‍പക്ഷമായ ഡെമോക്രാറ്റ്സും ഒരു പോലെ എതിര്‍ക്കുകയാണ്. കൂടാതെ റഷ്യ, ചൈന,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും ഈ നീക്കം അംഗീകരിക്കുന്നില്ല. ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവും അടുത്തയാഴ്ച താന്‍ ട്രംപിനെ കാണുമ്പോള്‍ ഇക്കാര്യത്തിലെ വിയോജിപ്പ് അറിയിക്കാനിരിക്കുകയാണ്. ഈജിപ്തും ജനങ്ങളെ ഗസ്സയില്‍സ നിന്ന് ഒഴിപ്പിക്കുന്നതിന് എതിരാണ്.
ഗസ്സയെ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ അപഹാസ്യം എന്നാണ് ഹമാസ് നേതാക്കളും വിശേഷിപ്പിച്ചത്. എരിതീയില്‍ എണ്ണയൊഴിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനമെന്നും അവര്‍ വിമര്‍ശിച്ചു. തങ്ങളുടെ ജനതയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കാന്‍ കഴിയില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് വ്യക്തമാക്കി. ഗസ്സ പലസ്തീനിന്റെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.