'ഐ പ്രിഫര്‍ ഹിസ് ഫ്‌ളാറ്റ്; സേഫ് പ്ലേസ്, നൈറ്റ് ആയാലും കുഴപ്പമില്ല! എനിക്ക് വേറെ ആരും ഉണ്ടാകാന്‍ പാടില്ല; ഞങ്ങള്‍ രണ്ട് പേര്‍ മാത്രം'; 2024 ഏപ്രിലില്‍ ബലാത്സംഗം ചെയ്തു എന്ന് അവര്‍ പറയുന്ന ആളിനെ, 2025 ഒക്ടോബറില്‍ ചാറ്റ് ചെയ്തതിന്റെ തെളിവുകള്‍ എന്റെ കയ്യിലുണ്ട്; ആ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇവിടെ പങ്ക് വയ്ക്കുന്നു'; രാഹുലിനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുന്ന പരാതിക്കാരിയുടെ ചാറ്റ് പുറത്തുവിട്ട് ഫെനി നൈനാന്‍
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നേരിട്ട് കാണുന്നതിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി രണ്ട് മാസം മുമ്പ് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് കെ എസ് യു സംസ്ഥാന ഭാരവാഹിയും രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈനാന്‍. 2025 ഒക്ടോബറില്‍ ചാറ്റ് ചെയ്തതിന്റെ തെളിവുകളാണ് പുറത്തുവിട്ടത്.
രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചുവെന്ന് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ ഫെന്നി നൈനാന്‍ പറയുന്നു. പലവട്ടം ഒഴിവാക്കാന്‍ നോക്കി. നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നും ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എയുടെ ഫ്‌ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി തന്നോട് പറഞ്ഞു. ഫ്‌ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്‌ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ തന്നോട് പറഞ്ഞു എന്നും ഫെന്നി നൈനാന്‍ പറയുന്നു. വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കമാണ് ഫെന്നി ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവച്ചത്.
ആ കേസിലെ അതിജീവിത തനിക്ക് പണം നല്‍കിയിട്ടുണ്ടെന്നും 5,000 രൂപയാണ് നല്‍കിയതെന്നും ഫെന്നി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പണം തന്നപ്പോള്‍ തന്നെ അവരുടെ പേര് ഉള്‍പ്പെടുത്തി 50 കൂപ്പണുകളുടെ എണ്ണം കാണിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ആക്കിയിരുന്നുവെന്നും ഫെന്നി ഫേസ്ബുക്കില്‍ കുറിച്ചു. ആ സ്ത്രീയെ രാഹുല്‍ ബലാത്സംഗം ചെയ്തുവെന്ന വിവരം അതിശയമായി തോന്നി. കാരണം ഈ അതിജീവിത 2025 നവംബര്‍ വരെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ടെന്നും ഫെന്നി കുറിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിനെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അതിനാലാണ് ചോദ്യം ചെയ്തിട്ടും തന്നെ അറസ്റ്റ് ചെയ്യാത്തതെന്നും ഫെന്നി കുറിച്ചിരുന്നു.
ഫെനി നൈനാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
രാഹുല്‍ എംഎല്‍എയുടെ വിഷയത്തില്‍ എന്റെ പേര് പരാതിക്കാരി പരാതിയില്‍ പറഞ്ഞെന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടര്‍ന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയാന്‍ മുഖ്യധാര മാധ്യമങ്ങള്‍ ആരും സ്‌പേസ് തരാതെ ഇരുന്നപ്പോള്‍ ഞാന്‍ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞു. ഒരു കാര്യത്തിന്റെ രണ്ട് വശവും പറയാന്‍ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവര്‍ പരിശോധിക്കട്ടെ.
തുടര്‍ന്ന് ഞാന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം എനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇടത് കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. എന്നെയും എന്റെ കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പൊള്‍ കാര്യങ്ങള്‍ ഒന്നുകൂടി വിശദമാക്കാം എന്ന് കരുതുന്നു.
എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുന്‍പ് , രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാന്‍ നോക്കി. നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നും ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എയുടെ ഫ്‌ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്‌ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്‌ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ എന്നോട് പറഞ്ഞു.
2024 ഏപ്രിലില്‍ ബലാത്സംഗം ചെയ്തു എന്ന് അവര്‍ പറയുന്ന ആളിനെ , 2025 ഒക്ടോബറില്‍ ' I prefer his flat , safe place, night aayalum kuzhappamilla' എന്നു അവര്‍ പറഞ്ഞതിന്റെ തെളിവുകള്‍ എന്റെ കയ്യിലുണ്ട്. അങ്ങനെ അവര്‍ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവര്‍ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തി എന്ന് ഞാന്‍ പറഞ്ഞത്. 2024ല്‍ മൂന്ന് മണിക്കൂര്‍ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറില്‍ അതേ മൂന്ന് മണിക്കൂര്‍ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിന്റെ ലോജിക് എന്താണ്? എല്ലാവര്‍ക്കും ബോധ്യമാകാന്‍ വേണ്ടി ഞാന്‍ ആ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇവിടെ പങ്ക് വയ്ക്കുന്നു.
NB: സ്‌ക്രീന്‍ ഷോട്ടുകളിലോ, എഴുത്തിലോ കേസിലെ പരാതിക്കാരി(അതിജീവത)യുടെ പേരോ, ചിത്രമോ, മേല്‍വിലാസമോ, ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള മെസ്സേജോ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ലാത്തതാകുന്നു.
കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്:
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മൂന്നാമത് ഒരു പരാതി വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ ആക്കിയിട്ട് ദിവസങ്ങളായി. പരാതിക്കാരിയായ സ്ത്രീയെ (അതിജീവിത) പറ്റി ഒരു വിവരങ്ങളും സ്വാഭാവികമായും ആര്‍ക്കും അറിയാന്‍ കഴിയില്ലല്ലോ. എനിക്കും അതിനെ പറ്റി അറിയില്ല.
എന്നാല് മാധ്യമങ്ങളില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന , വിവാഹിതയായ ഒരു സ്ത്രീ ആണെന്നും അവര്‍ എനിക്ക് കെഎസ്യു പരിപാടിക്ക് പണം തന്നിട്ടുണ്ട് എന്നും അവര്‍ക്ക് രാഹുലുമായി സൗഹൃദം ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ട് എന്ന് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. എന്റെ പേര് പറഞ്ഞത് കൊണ്ട് ഞാന്‍ അത് ശ്രദ്ധിച്ചു.
എനിക്ക് അങ്ങനെ ഒരു സ്ത്രീയെ അറിയാം. കെഎസ്യു നടത്തിയ ഒരു പരിപാടിക്ക് പണം തന്നിട്ടുണ്ട്. അയ്യായിരം രൂപ ആണ് തന്നത്. അവര്‍ പണം തന്നദിവസം തന്നെ അവരുടെ പേരുള്‍പ്പെടുത്തി അവര്‍ എടുത്ത 50 കൂപ്പണുകളുടെ എണ്ണവും കാണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോംആയ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ആക്കിയിട്ടുള്ളതുമാണ്
എന്നാല് അവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തു എന്ന വിവരം എനിക്ക് അതിശയമായി തോന്നി.
കാരണം ഈ അതിജീവിത എന്നോട് 2025 നവംബര്‍ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്.
ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയില്‍ തെളിവായി കൊടുക്കാന്‍ ഈ കേസ് വാദിക്കുന്ന ശാസ്തമംഗലം അജിത് സാറിനും അദ്ദേഹത്തിന്റെ ജൂനിയര്‍ ശേഖര്‍ സാറിനും കൊടുത്തിട്ടുണ്ട്. അവര്‍ അത് കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മൂന്നാമത്തെ പരാതി വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വലിയ രീതിയിലുള്ള മാധ്യമവിചരണയാണ് നടക്കുന്നത്. ഇതിലെ സത്യം അറിയാവുന്ന ഞാന്‍ അത് മുഖ്യധാര മാധ്യമങ്ങളിലെ ചിലരോട് പങ്ക് വച്ചു. എന്നാല് അതില്‍ രാഹുലിന് അനുകൂലമായ കാര്യങ്ങള്‍ ഉള്ളത് കൊണ്ട് ഒരു മാധ്യമവും അത് ചാനലില്‍ കൊടുക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞു. . അവര്‍ക്ക് വേണ്ടത് അവരുടെ അജണ്ടയ്ക്ക് പറ്റുന്ന കാര്യങ്ങള് മാത്രമാണ്. അല്ലാതെ വാര്‍ത്തകള്‍ അല്ല.
അതുപോലെ രണ്ടാമത് വന്ന പരാതിയില്‍ രാഹുല്‍ എംഎല്‍എ ഒരു പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി. അങ്ങനെ ബലാല്‍സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് കൊടുത്തത് ഞാന്‍ ഓടിക്കുന്ന കാറില്‍ ആയിരുന്നു എന്നാണ് പരാതിയില്‍. കേട്ടാല്‍ വളരെ ഗൗരവമുള്ള കുറ്റകൃത്യം. ആ കേസ് വന്നപ്പോള്‍ തന്നെ ഞാന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പറഞ്ഞതാണ് അങ്ങനെ ഒരു സംഭവം ഒരിക്കലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല , അത് കൊണ്ട് തന്നെ എനിക്ക് അങ്ങനെ ഒരു പെണ്‍കുട്ടിയെ അറിയില്ലെന്ന്.
അതുമായി ബന്ധപ്പെട്ട് എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചു. എന്നിട്ട് അറസ്റ്റ് പോലും ചെയ്തില്ല. അങ്ങനെ ബലാല്‍സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ എത്തിച്ച് കൊടുത്തു എന്ന ഗൗരവമായ ആരോപണം ഉള്ള എന്നെ അറസ്റ്റ് ചെയ്യാത്തത് എന്താണ് ? ഒരു തെളിവും ഇല്ലാത്തത് കൊണ്ടാണെന്ന് ഉറപ്പാണല്ലോ. അല്ലാതെ പോലീസ് എന്നെ സഹായിച്ചത് അല്ലല്ലോ ?
ഏതെങ്കിലും മാധ്യമങ്ങള്‍ അത് ചര്‍ച്ച ചെയ്‌തോ ?
ധാര്‍മികമായി രാഹുല്‍ എംഎല്‍എ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാന്‍ ഞാന്‍ ആളല്ല. എന്നാല് ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് എതിരായ ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
എന്തായാലും മാധ്യമങ്ങള്‍ അവരുടെ അജണ്ട വച്ച് കര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകൂ. കല്ലെറിയുന്നവര്‍ കല്ലെറിയൂ. ഇമോഷണല്‍ കഥകള്‍ മെനയുന്നവര്‍ അത് ചെയ്യൂ. പിആര്‍ കാപ്പി കുടിക്കുന്നവര്‍ അത് ചെയ്യൂ.
പക്ഷേ ഇവിടെ കോടതി ഉണ്ട്. സത്യം അവിടെ തെളിയും. അന്ന് ഇയാളെ വേട്ടയാടിയവര്‍ മനസ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണം.
NB: ഈ പോസ്റ്റില്‍ ഞാന്‍ അതിജീവിത ആരെന്ന് പറഞ്ഞിട്ടില്ല. ഒരു ഐഡന്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല.
