രാഹുല്‍ മാങ്കൂട്ടത്തില്‍ ഔട്ടാകുമോ? നിയമസഭയുടെ ചരിത്രത്തിലാദ്യമായി ഒരു എംഎല്‍എയെ അയോഗ്യനാക്കാന്‍ നീക്കം; പൂട്ടാന്‍ ഡി.കെ. മുരളിയുടെ നോട്ടീസ്; 'പരാതികളുടെ പ്രവാഹമെന്ന്' സ്പീക്കര്‍; എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടാല്‍ പാലക്കാട് എംഎല്‍എയ്ക്ക് എട്ടിന്റെ പണി; ജനുവരി 20-ന് കളി മാറും
രാഹുല്‍ മാങ്കൂട്ടത്തില്‍ ഔട്ടാകുമോ?
തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി ആവശ്യപ്പെട്ട് വാമനപുരം എംഎല്‍എ ഡി.കെ. മുരളി നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. സഭയുടെ അന്തസ്സിനു നിരക്കാത്തതും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
താന്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ നിയമസഭയാണ് തീരുമാനിക്കേണ്ടതെന്നും ഡി കെ മുരളി വ്യക്തമാക്കി. നിയമസഭാംഗത്തിനെതിരെ ഇത്തരം അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നത് നിയമസഭാ പ്രിവ്ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയോടെയാണ്. ഒരു എംഎല്‍എയെ അറസ്റ്റ് ചെയ്താല്‍ ആ വിവരം സ്പീക്കറെ അറിയിക്കണമെന്നാണ് നിയമസഭാ ചട്ടം. ഈ റിപ്പോര്‍ട്ടിന്‍മേലോ ഏതെങ്കിലും എംഎല്‍എ സമര്‍പ്പിക്കുന്ന പരാതിയിന്‍മേലോ അച്ചടക്കനടപടി ആവശ്യമാണോ എന്ന് പരിശോധിക്കാന്‍ എത്തിക്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്.
സിപിഎം പ്രതിനിധി മുരളി പെരുനെല്ലി അധ്യക്ഷനായ കമ്മിറ്റിയില്‍ എം.വി. ഗോവിന്ദന്‍, ടി.പി. രാമകൃഷ്ണന്‍, കെ.കെ. ശൈലജ, എച്ച്. സലാം എന്നിവരാണ് സിപിഎം അംഗങ്ങള്‍. സിപിഐയില്‍നിന്ന് പി. ബാലചന്ദ്രനും ജെഡിഎസ് അംഗമായി മാത്യു ടി. തോമസുമുണ്ട്. യുഡിഎഫിനെ പ്രതിനിധീകരിച്ച് റോജി എം. ജോണും (കോണ്‍ഗ്രസ്) യു.എ. ലത്തീഫും (മുസ്ലിം ലീഗ്) കമ്മിറ്റിയിലുണ്ട്.
എത്തിക്‌സ് കമ്മിറ്റി രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും ഈ തീരുമാനം നിയമസഭ അംഗീകരിക്കുകയും ചെയ്താല്‍, സംസ്ഥാന നിയമസഭയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎല്‍എ ആയിരിക്കും രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതിക്കാരില്‍ നിന്ന് തെളിവെടുപ്പ് നടത്തിയ ശേഷം ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് കമ്മിറ്റി സഭയില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രമേയമായി സഭയില്‍ കൊണ്ടുവരും. പ്രമേയത്തില്‍ താക്കീത്, സസ്‌പെന്‍ഷന്‍, അല്ലെങ്കില്‍ പുറത്താക്കല്‍ എന്നിവയായിരിക്കാം ശുപാര്‍ശകള്‍. നിയമസഭ ഇത് അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും. എംഎല്‍എ സ്ഥാനത്തുനിന്ന് പുറത്താക്കിയാലും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് തടസ്സമില്ല.
സ്പീക്കറുടെ നിലപാട്
മുന്‍കാലങ്ങളില്‍ ഒരു ജനപ്രതിനിധിക്കെതിരെയും ഇല്ലാത്ത വിധം പരാതികളുടെ പ്രവാഹമാണ് രാഹുലിനെതിരെ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വെളിപ്പെടുത്തി. രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി ഇ-മെയിലുകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'കൊട്ടയിലെ ഒരു മാങ്ങ കെട്ടുപോയാല്‍ കൊട്ടയിലെ മാങ്ങ മുഴുവന്‍ കെട്ടതാകുമോ?' എന്ന് ചോദിച്ച ഷംസീര്‍, ഇത്തരക്കാരെ സമൂഹം ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്തു. എംഎല്‍എ സ്ഥാനം രാജിവയ്ക്കണോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
അച്ചടക്ക നടപടി എത്തിക്സ് കമ്മിറ്റിക്ക് വിടും
രാഹുലിനെ സഭയില്‍ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ അത് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിടേണ്ടതുണ്ട്. ഇതിനായി സഭയിലെ മറ്റ് എംഎല്‍എമാര്‍ പരാതി നല്‍കണം. അത്തരം പരാതികള്‍ ലഭിച്ചാല്‍ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും മുന്‍പ് ആരെയും ഇത്തരത്തില്‍ അയോഗ്യരാക്കിയിട്ടില്ലെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
അവസാന സഭാ സമ്മേളനം ജനുവരി 20 മുതല്‍ പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ ഷെഡ്യൂളും സ്പീക്കര്‍ പ്രഖ്യാപിച്ചു. ജനുവരി 20ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം ആരംഭിക്കും. ജനുവരി 29നാണ് ബജറ്റ് അവതരണം. മാര്‍ച്ച് 26 നാണ് സമ്മേളനം അവസാനിക്കുന്നത്. ആകെ 32 ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അച്ചടക്ക നടപടി നിര്‍ണ്ണായക ചര്‍ച്ചയാകുമെന്നുറപ്പാണ്.
