18നും 30ത്തിനും ഇടയിലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കും; എന്‍എച്ച് എസ് സര്‍ചാര്‍ജ് അടക്കമുള്ള ചെലവുകള്‍ സ്വയം കണ്ടെത്തണം; വളഞ്ഞ വഴിയിലൂടെ വീണ്ടും ബ്രിട്ടന്‍ യൂറോപ്പിലേക്കോ?

Update: 2025-02-23 02:30 GMT

ലണ്ടന്‍: യൂറോപ്പ്യന്‍ യൂണിയനുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി യൂത്ത് മൊബിലിറ്റി പദ്ധതി ആരംഭിക്കാന്‍ ബ്രിട്ടന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരായ യുവാക്കള്‍ക്ക് (18 മുതല്‍ 30 വരെ പ്രായമുള്ളവര്‍ക്ക്) രണ്ടു വര്‍ഷക്കാലത്തോളം ബ്രിട്ടനില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദം നല്‍കും. നിലവില്‍ ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, ജപ്പാന്‍, ഉറുഗ്വേ എന്നീ രാജ്യങ്ങളുമായുള്ള ക്രമീകരണങ്ങള്‍ക്ക് സമാനമായ രീതിയിലായിരിക്കും ഇപ്പോള്‍ മുന്‍പോട്ട് വെച്ചിരിക്കുന്ന ഈ നിര്‍ദ്ദേശവും എന്നറിയാന്‍ കഴിയുന്നു.

വരുന്ന മെയ് 19 ന് നടക്കുന്ന ബ്രിട്ടീഷ് - യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച പ്രഖാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിര്‍ദ്ദേശപ്രകാരം, 18 നും 30 നും ഇടയില്‍ പ്രായമുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷക്കാലം താമസിക്കുന്നതിനും തൊഴില്‍ എടുക്കുന്നതിനും അനുമതി ഉണ്ടായിരിക്കും. ഇത് പിന്നെയും ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാനും സാധ്യതയുണ്ട്. എന്നാല്‍, ഇങ്ങനെ വരുന്ന യൂറോപ്യന്‍ പൗരന്മാരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കും.

പ്രതിവര്‍ഷം ഏകദേശം 70,000 പേരെയായിരിക്കും ഈ പദ്ധതി വഴി ബ്രിട്ടനില്‍ താമസിക്കാന്‍ അനുവദിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, ഇവര്‍ എന്‍ എച്ച് എസ് സര്‍ചാര്‍ജ്ജ് നല്‍കേണ്ടി വരും എന്ന് മാത്രമല്ല, ഒരുതരത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതുമല്ല. സമാനമായ രീതിയിലും നിബന്ധനകളിലും ബ്രിട്ടനില്‍ നിന്നുള്ള യുവാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയനിലും താമസിക്കുവാനും തൊഴില്‍ എടുക്കുവാനും അനുമതി നല്‍കും.

എന്നാല്‍, ജര്‍മ്മനി, പോളണ്ട്, റൊമേനിയ എന്നിവ ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഈ നിര്‍ദ്ദേശത്തിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍ ചാര്‍ജ്ജുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളിലാണ് അവര്‍ വിഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നത്. ഈ ചാര്‍ജ്ജുകള്‍ വിവേചനപരവും ഒപ്പം പരസ്പര സൗഹാര്‍ദ്ദത്തിന്റെ അന്തസത്തക്ക് വിരുദ്ധമായതുമാണെന്ന് അവര്‍ പറയുന്നു.

ആസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളുമായുള്ള ക്രമീകരണത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് 2,530 പൗണ്ട് സേവിംഗ്‌സ് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയുണ്ട്. അതുപോലെ എന്‍ എച്ച് എസ് സര്‍ചാര്‍ജ്ജായി പ്രതിവര്‍ഷം 776 പൗണ്ടും അപേക്ഷാ ഫീസായി 298 പൗണ്ടും നല്‍കണം. ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനം തങ്ങളോട് വേണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്.

ബ്രെക്സിറ്റിനു ശേഷം യൂറോപ്പുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതില്‍ ബ്രിട്ടന്‍ ഏറെ താതപര്യമെടുക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് നടക്കാന്‍ പോകുന്ന ഉച്ചകോടിയില്‍ പല സുപ്രധാന ചര്‍ച്ചകളും നടന്നേക്കുമെന്നും സൂചനയുണ്ട്.

Tags:    

Similar News