ട്രംപിന്റെ അഹങ്കാരത്തിന്മേല്‍ സൈലന്‍സ്‌കിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ലോകം മുഴുവന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ട്രംപിനെ വെല്ലുവിളിച്ച് യുക്രെയിനെ പ്രസിഡന്റ്; തര്‍ക്കം മൂത്തപ്പോള്‍ സെലന്‍സ്‌കിയെ ഓവല്‍ ഓഫീസില്‍ നിന്ന് പുറത്താക്കി യുക്രെയിനെ ശപിച്ച് ട്രംപ്: യുക്രെയിനെ തേച്ച് റഷ്യക്ക് വേണ്ടി രംഗത്തിറങ്ങിയ ട്രംപിനെ മര്യാദ പഠിപ്പിച്ച് സെലന്‍സ്‌കി: ബോംബിട്ട് പ്രതികാരം വീട്ടി പുട്ടിന്‍
വാഷിങ്ടന്‍: അമേരിക്കയിലെ ട്രംപിസത്തിന് പുതിയ തിരിച്ചടി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്റെ അഹങ്കാരത്തിന് മുന്നില്‍ പതറാത്ത യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയ്ക്ക് മുമ്പില്‍ ട്രംപിസവും നാണം കെട്ടു. യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയില്‍ വാക്കേറ്റവും വെല്ലുവിളിയും ഉണ്ടായി. അമേരിക്കന്‍ പ്രസിഡന്റിനെ എല്ലാ അര്‍ത്ഥത്തിലും സെലന്‍സ്‌കി വെല്ലുവിളിച്ചു. ഇതേ തുടര്‍ന്ന് ചര്‍ച്ച അലസിപ്പിരിഞ്ഞു. ഓവല്‍ ഓഫിസില്‍ നടന്ന നാടകീയമായ ചര്‍ച്ചയ്ക്കിടെ സെലെന്‍സ്‌കിയുമായി അതിരൂക്ഷ തര്‍ക്കത്തെ തുടര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസില്‍ നിന്ന് സെലെന്‍സ്‌കി മടങ്ങി. ഇതോടെ യുക്രെയ്ന്‍-റഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലെത്തുകയാണ്. അതിനിടെ യുക്രെയിനില്‍ റഷ്യ ബോംബാക്രമണവും നടന്നു. റഷ്യയ്ക്ക് വേണ്ടി അമേരിക്ക നിലപാട് എടുത്തതാണ് സെലന്‍സ്‌കിയെ ചൊടിപ്പിച്ചത്. റഷ്യയ്ക്ക് വേണ്ടിയായിരുന്നു ട്രംപ് സംസാരിച്ചത്. ഇതാണ് സെലന്‍സ്‌കിയുടെ പ്രതികരണങ്ങള്‍ക്ക് രൂക്ഷമാക്കിയത്.
ചര്‍ച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിന്‍ കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. പുട്ടില്‍ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെന്‍സ്‌കി, യുദ്ധം അവസാനിപ്പിക്കാന്‍ തയാറെങ്കില്‍ ഉറപ്പുകള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെന്‍സ്‌കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തില്‍ ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചു, അമേരിക്ക ചെയ്ത സഹായങ്ങള്‍ക്ക് നന്ദി വേണമെന്ന് സെലെന്‍സ്‌കിയോട് ട്രംപ് പറഞ്ഞു. 'അമേരിക്കന്‍ ജനതയോട് ഞാന്‍ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്' സെലെന്‍സ്‌കി പറഞ്ഞു. രാഷ്ട്ര നേതാക്കളുടെ പതിവു ചര്‍ച്ചകളില്‍ നിന്നു മാറി പരസ്പരം വാക്കുതകര്‍ക്കത്തിലേക്കു നീണ്ടതോടെയാണു ചര്‍ച്ച അവസാനിപ്പിച്ചത്. ഇത്തരത്തിലൊരു നയതന്ത്ര ചര്‍ച്ചയ്ക്ക് മുമ്പൊന്നും ലോകം സാക്ഷിയായതുമില്ല. ട്രംപിന്റെ റഷ്യന്‍ അനുകൂല നയം മയപ്പെടുത്താനും യുഎസ് സൈനിക സഹായം ഉറപ്പാക്കുന്നതിനും റിപ്പബ്ലിക്കന്‍ കക്ഷി നേതാക്കളുടെ പിന്തുണ നേടാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സെലെന്‍സ്‌കി. ഇതെല്ലാം വെറുതെയായി. അമേരിക്കയുടെ പ്രഖ്യാപിത ശത്രുവായി സെലന്‍സ്‌കി മാറി.
പിന്നാലെ, യുഎസ് ഇടപെടുകയാണെങ്കില്‍ സെലെന്‍സ്‌കി സമാധാനത്തിന് തയാറല്ലെന്നാണ് മനസിലാക്കുന്നതെന്നും സെലെന്‍സ്‌കി യുഎസിനെ അപമാനിച്ചെന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ ആരോപിച്ചു. സമാധാനത്തിന് തയാറുള്ളപ്പോള്‍ സെലെന്‍സ്‌കിക്ക് തിരിച്ചുവരാമെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തില്‍ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50% വരുമാനം യുഎസുമായി പങ്കിടുന്ന കരാറില്‍ സെലെന്‍സ്‌കി ഒപ്പുവച്ചില്ല. റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ ജോ ബൈഡന്‍ ഭരണകൂടം യുക്രെയ്‌നിനു സാമ്പത്തികസഹായവും ആയുധങ്ങളും നല്‍കിയിരുന്നുവെങ്കിലും റഷ്യ അനുകൂല നിലപാടാണു ട്രംപിന്. സെലെന്‍സ്‌കിയെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ് റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു. ധാതുവിഭവങ്ങള്‍, പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്ക്കൊപ്പം തുറമുഖങ്ങളുടെയും പ്രകൃതിവാതക ടെര്‍മിനലുകളുടെയും ഉടമസ്ഥതയും യുഎസിനു കൈമാറണം. ഇതിനു പകരമായി സൈനിക സുരക്ഷാ ഉറപ്പുകളൊന്നും കരാറില്ലെന്നതാണു ശ്രദ്ധേയം. സെലന്‍സ്‌കി-ട്രംപ് ചര്‍ച്ച പൊളിഞ്ഞതിന് പിന്നാലെയാണ് യുക്രെയിനില്‍ റഷ്യ ബോംബാക്രമണം നടത്തിയത്. ഖര്‍ഖീവിലെ ആശുപത്രിയിലായിരുന്നു ഡ്രോണ്‍ ആക്രമണം. നിരവധി ബോംബുകള്‍ വര്‍ഷിക്കപ്പെട്ടു. ട്രംപിനോട് പിണങ്ങി പോയ സെലന്‍സ്‌കിയ്ക്ക് മറുപടി നല്‍കാനാണ് ഈ ആക്രമണം എന്നാണ് വിലയിരുത്തല്‍.
അതിനിടെ മൂന്നുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ പിടിച്ചെടുത്ത അഞ്ച് മേഖലകള്‍ യുക്രെയ്‌ന് വിട്ടുനല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചയില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലകള്‍ വിഭജിക്കാന്‍ കഴിയുന്നതല്ലെന്നും രാജ്യത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യു.എസും റഷ്യയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനങ്ങള്‍ ഇത്ര എളുപ്പത്തിലും വേഗത്തിലും ആകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ ഇച്ഛാശക്തിയും പരസ്പരം കേള്‍ക്കാനുള്ള സന്നദ്ധതയുമാണ് ഇതു സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് റഷ്യയുടെയും യു.എസിന്റെയും നയതന്ത്ര പ്രതിനിധികള്‍ വീണ്ടും ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പെസ്‌കോവിന്റെ പ്രസ്താവന. തുര്‍ക്കിയയിലെ ഇസ്താംബൂളില്‍ യു.എസ് കോണ്‍സല്‍ ജനറലിന്റെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എടുത്ത തീരുമാന പ്രകാരമായിരുന്നു നടപടി. ദിവസങ്ങള്‍ക്കുമുമ്പ് റിയാദില്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തി എംബസികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
അതിനിടെ, യുക്രെയ്‌ന്റെ ഒരു ഗ്രാമം കൂടി തിരിച്ചുപിടിച്ചെടുത്തതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം യുക്രെയ്ന്‍ പിടിച്ചെടുത്ത നികോള്‍സ്‌കി ഗ്രാമമാണ് തിരിച്ചുപിടിച്ചത്. 142 കേന്ദ്രങ്ങള്‍ക്കുനേരെ കഴിഞ്ഞ രാത്രി സംയുക്ത ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ന്‍ സൈന്യത്തിന്റെ വ്യോമതാവളം, ഡ്രോണ്‍ ഓപറേറ്റര്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. റഷ്യ ഒറ്റരാത്രികൊണ്ട് പ്രയോഗിച്ച 166 ഡ്രോണുകളില്‍ 90 എണ്ണം വെടിവെച്ചിട്ടതായി യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. തിരിച്ചടിച്ച യുക്രെയ്‌ന്റെ 185 ഡ്രോണുകള്‍ റഷ്യന്‍ സേന വെടിവെച്ചിട്ടു. ഏഴ് യു.എസ് നിര്‍മിത ജെ.ഡി.എ.എം ഗൈഡഡ് ഏരിയല്‍ ബോംബുകളും ഇതില്‍ ഉള്‍പ്പെടും.