എനിക്കെന്റെ മക്കളെയും പിള്ളേരെയും കാണണം; തൊഴുകൈയ്യോടെ കണ്ണീരണിഞ്ഞ് ഇസ്രായേലി തടവുകാരന്‍ ഹമാസിന് മുന്‍പില്‍; വീഡിയോ പുറത്ത് വിട്ട് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ഹമാസ്: വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ഇസ്രയേലിനെ സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ നീക്കം സജീവം

Update: 2025-03-30 00:56 GMT

ഗസ്സ: ഇസ്രയേലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ തന്ത്രവുമായി ഹമാസ്. വീണ്ടും ഗസ്സയില്‍ ഇസ്രയേല്‍ വ്യോമാക്രമണം സജീവമാക്കിയ സാഹചര്യത്തിലാണ് ഇത്. ഹമാസിന്റെ മുന്‍നിര നേതാക്കളെ അടക്കം ഇസ്രയേല്‍ വകവരുത്തി. ഇതോടൊണ് അവരുടെ കസ്റ്റഡിയിലുള്ള ഇസ്രയേലി ബന്ദിയുടെ വീഡിയോ പുറത്തു വിടുന്നത്. തന്റെ ജീവന് വേണ്ടി വീഡിയോയില്‍ യാചിക്കുകയാണ് ബന്ദി. സമയം അതിക്രമിക്കുകയാണെന്നും രക്ഷിക്കണമെന്നുമാണ് അഭ്യര്‍ത്ഥന. ബന്ദി മോചനത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് ഇസ്രയേല്‍ വെടി നിര്‍ത്തലില്‍ നിന്നും പിന്മാറിയത്. അതിന് ശേഷം യുദ്ധം തുടങ്ങുകയും ചെയ്തു. വീണ്ടും വെടിനിര്‍ത്തലാണ് ഹമാസിന്റെ ലക്ഷ്യം. 50 ദിവസത്തെ വെടിനിര്‍ത്തലിന് വേണ്ടിയാണ് ബന്ദിയുടെ വീഡിയോ അടക്കം പുറത്തു വിടുന്നത്. ഇതിനോട് ഇസ്രയേല്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. തന്റെ ഭാര്യയേയും മകനേയും കാണണമെന്ന തരത്തിലെ യാചനയാണ് ബന്ദിയുടേത്. എല്‍കാന ബെഹോട്ട് എന്ന ബന്ദിയുടേതാണ് പുറത്തു വന്ന വീഡിയോ.

മുട്ടില്‍ നിന്നാണ് യാചന. സ്ത്രീകളേയും പ്രായമായവരേയും യുവാക്കളേയും എല്ലാം മോചിപ്പിച്ചു. ഞങ്ങളുടെ കാര്യത്തില്‍ എന്താണ് നിലപാട് എന്ന തരത്തിലാണ് വീഡിയോ. ദിവസങ്ങള്‍ക്കുള്ളില്‍ ഹമാസ് പുറത്തു വിടുന്ന ഇത്തരത്തിലെ രണ്ടാം വീഡിയോ ആണിത്. 2023 ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ ഹമാസ് നടത്തി ഓപ്പറേഷനില്‍ ബന്ദിയാക്കിയ വ്യക്തിയാണ് ഇയാള്‍. ഇതിനെ തുടര്‍ന്നാണ് ഗസ്സയിലേക്ക് ഇസ്രയേല്‍ ആക്രമണവും തുടങ്ങിയത്. പിന്നീട് അത് താല്‍കാലിക വെടിനിര്‍ത്തലായെങ്കിലും ഹമാസിന്റെ നിസ്സഹകരണം കാരണം ധാരണ പൊളിഞ്ഞു. വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം തുടങ്ങി. ഇതോടെ ഹമാസ് പ്രതിസന്ധിയിലുമായി. അതിനിടെ ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഹമാസ് ഭീകരനേതാവ് അബ്ദുള്‍ ലത്തീഫ് അല്‍ ഖനൗ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ജബാലിയയില്‍ ഹനൗവിന്റെ ടെന്റിനു നേരെ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇതോടെയാണ് വീണ്ടും ബന്ദി വീഡിയോ ഹമാസ് പുറത്തു വിട്ടത്.

എനിക്കെന്റെ മക്കളെയും പിള്ളേരെയും കാണണമെന്ന് തൊഴുകൈയ്യോടെ കണ്ണീരണിഞ്ഞ് ഇസ്രായേലി തടവുകാരന്‍ ഹമാസിന് മുന്‍പില്‍ കേഴുകയാണ് വീഡിയോയില്‍. വീഡിയോ പുറത്ത് വിട്ട് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുന്ന ഹമാസിന്റെ ലക്ഷ്യം വെടിനിര്‍ത്തലാണ്. വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ഇസ്രയേലിനെ സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ നീക്കം സജീവമാണെന്നതിന് തെളിവാണ് ഇത്. അമേരിക്കയുടെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ നേരത്തെ നിലവില്‍ വന്നത്. എന്നാല്‍ ഹമാസ് പൂര്‍ണ്ണമായും ധാരണകള്‍ പാലിച്ചില്ല. ഇതോടെ അമേരിക്കയും ഹമാസിനെതിരെ നിലപാട് എടുത്തു. പിന്നാലെയാണ് ഇസ്രയേല്‍ വീണ്ടും ബോംബാക്രമണം തുടങ്ങിയത്.

ഗാസ സിറ്റിയില്‍ മറ്റൊരാക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലു കുട്ടികള്‍ ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഹമാസിന്റെ മുതിര്‍ന്ന നേതാക്കളായ മറ്റു രണ്ടു പേരും കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹമാസ് ഭീകര സംഘടനയുടെ രാഷ്ട്രീയ സമിതിയിലെ 20 അംഗങ്ങളില്‍ 11 പേരെയും ഇസ്രയേല്‍ കൊലപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വെടിനിര്‍ത്തലിന് വേണ്ടി ബന്ദികളെ അടക്കം കരുവാക്കി ഹമാസ് സമ്മര്‍ദ്ദം നടത്തുന്നത്. ഗ്സ്സയില്‍ ഹമാസ് വിരുദ്ധ പ്രതിഷേധവും നടന്നു. എന്നാല്‍ ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഹമാസിനെതിരെ അല്ലെന്നും മറിച്ച് ഇസ്രയേലിനും യുദ്ധത്തിനും എതിരെയാണെന്നും ഹമാസ്. പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്ന് ഹമാസ് വക്താവ് ബാസിം നയിം പ്രതികരിച്ചിരുന്നു. ജനങ്ങള്‍ ഹമാസിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശത്രുക്കളുടെ ശ്രമമാണ് ഇതെന്നും ബാസിം നയിം പറഞ്ഞു.

ഹമാസ് യുദ്ധം നിര്‍ത്തണമെന്നും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കി ആളുകള്‍ ഗസ്സയുടെ തെരുവിലിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. 'ഹമാസ് പുറത്തു പോകുക, ഹമാസ് ഭീകരര്‍' എന്ന മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. പ്രതിഷേധക്കാരെ മുഖംമൂടി ധരിച്ച ആയുധധാരികകള്‍ ബലമായി പിരിച്ചുവിടുകയും ആക്രമിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹമാസിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേരാനുള്ള അഭ്യര്‍ത്ഥനകള്‍ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ടെലിഗ്രാമില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ ഒത്തുകൂടിയത്. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധമാണ് നടന്നതെന്നും നൂറുകണക്കിന് ഫലസ്തീനികള്‍ തെരുവിലിറങ്ങിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഹമാസ് അധികാരത്തില്‍ നിന്ന് പുറത്തുപോകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഗാസ്സ മുനമ്പിന്റെ വടക്കന്‍ ഭാഗത്തുള്ള ബെയ്റ്റ് ലാഹിയയിലാണ് പ്രകടനങ്ങള്‍ നടന്നത്. ഏകദേശം രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം ഇസ്രായേല്‍ സൈന്യം ഗാസയില്‍ വീണ്ടും ബോംബാക്രമണം ആരംഭിച്ചിരുന്നു.

Tags:    

Similar News