ഈസ്റ്റര്‍ ദിനത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; പ്രകോപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ സൈന്യം തയാറെന്ന് പുട്ടിന്‍; മനുഷ്യത്വപരമായ പരിഗണനയെന്ന് റഷ്യന്‍ സൈനികമേധാവി; പ്രതികരിക്കാതെ യുക്രൈന്‍
ഈസ്റ്റര്‍ ദിനത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
മോസ്‌കോ: ഈസ്റ്റര്‍ ദിനത്തില്‍ യുക്രൈന്‍ യുദ്ധത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി രാജ്യാന്തര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറുമണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെയാണ് വെടിനിര്‍ത്തലെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്ന് റഷ്യന്‍ സൈനികമേധാവി വലേറി ഗെരസിമോവിനോട് പുട്ടിന്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ' യുക്രെയ്ന്‍ ഞങ്ങള്‍ മുന്നോട്ടുവച്ച മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ വെടിനിര്‍ത്തല്‍ ലംഘനമോ ശത്രുവിന്റെ ഭാഗത്തുനിന്ന് പ്രകോപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാനും സൈന്യം തയാറാണ്'പുട്ടിന്‍ പറഞ്ഞു. അതേസമയം, യുക്രെയ്ന്‍ വെടിനിര്‍ത്തലിനോട് പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച അര്‍ധരാത്രിവരെ റഷ്യയുടെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് റഷ്യന്‍ ചീഫ് ഓഫ് സ്റ്റാഫ് വളേരി ഗെറസിമോവുമായുള്ള സംഭാഷണത്തിനിടെയാണ് പുട്ടിന്‍ ടെലിവിഷനിലൂടെ പറഞ്ഞത്.
റഷ്യയുടെ മാതൃക യുക്രൈനും പിന്തുടരുമെന്നാണ് താന്‍ കരുതുന്നതെന്ന് പുട്ടിന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കാലയളവിലെ യുക്രൈന്റെ നടപടികള്‍, സമാധാനപരമായ ഒത്തുതീര്‍പ്പിനുള്ള അവരുടെ താത്പര്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുക്രൈന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായാല്‍ അത് നേരിടാന്‍ സൈന്യത്തെ സജ്ജമാക്കണമെന്നും പുട്ടിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞമാസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ യുക്രൈനിലെ ഊര്‍ജവിതരണ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ 30 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ പുട്ടിന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷവും ആക്രമണങ്ങളുണ്ടായതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചിരുന്നു. നൂറിലധികം തവണ യുക്രൈന്‍ തങ്ങളുടെ ഊര്‍ജവിതരണ സംവിധാനങ്ങളെ ആക്രമിച്ചെന്നായിരുന്നു പുട്ടിന്‍ കുറ്റപ്പെടുത്തിയത്.
അതേസമയം, യുക്രൈന്‍ വിഷയത്തില്‍ നീതിപൂര്‍വമായ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന അമേരിക്ക, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളെ പുട്ടിന്‍ സ്വാഗതംചെയ്തു. മോസ്‌കോ എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പുട്ടിന്‍ വ്യക്തമാക്കി.