'മറ്റാരെങ്കിലും ക്രെഡിറ്റ് എടുക്കുന്നതിന് മുന്‍പ് ചാടിവീഴുക ട്രംപിന്റെ ശീലമാണ്; ഇതില്‍ ഇന്ത്യക്കെതിരായി ഒന്നുമില്ല; ട്രംപ്, ട്രംപ് ആകുന്നതാണ്'; ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് ഇടപെട്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ട്രംപിന്റെ അവകാശവാദം തള്ളി യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ന്യൂയോര്‍ക്ക്: ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തലില്‍ ഇടപെട്ടെന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ പരിഹസിച്ച് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രവണത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുണ്ടെന്ന് ജോണ്‍ ബോള്‍ട്ടണ്‍ പരിഹസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക്ക് സംഘര്‍ഷം മൂര്‍ച്ഛിച്ച വേളയില്‍ താന്‍ ഇടപെട്ടാണ് വെടിനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബോള്‍ട്ടണിന്റെ പ്രതികരണം. ഇന്ത്യ, നേരത്തെ തന്നെ ട്രംപിന്റെ അവകാശവാദം തള്ളിക്കളഞ്ഞിരുന്നു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം (ഡൊണാള്‍ഡ് ട്രംപ്) ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്ക് റൂബിയോയും സംഭാഷണത്തില്‍ പങ്കെടുത്തിരുന്നു. വിഷയത്തില്‍ എന്താണ് തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുക എന്ന് അറിയാന്‍ മറ്റു രാജ്യങ്ങളും വിളിച്ചിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാണ്. മറ്റാരെങ്കിലും ക്രെഡിറ്റ് എടുക്കുന്നതിന് മുന്‍പ് ചാടിവീഴുക എന്നത് ട്രംപിന്റെ ശീലമാണ്. ചിലപ്പോഴിത് അസ്വസ്ഥാജനകമായിരിക്കും. പലരെയും സ്വസ്ഥരാക്കിയേക്കും. എന്നാല്‍, ഇതില്‍ ഇന്ത്യക്കെതിരായി ഒന്നുമില്ല. ട്രംപ്, ട്രംപ് ആകുന്നതാണ്', ബോള്‍ട്ടണ്‍ പറഞ്ഞു.
'ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ കാര്യമല്ല. എല്ലാത്തിനും ക്രെഡിറ്റ് എടുക്കുന്ന ഡൊണാള്‍ഡ് ട്രംപാണിത്,' വസ്തുതകള്‍ ഉണ്ടായിരുന്നിട്ടും, ട്രംപ് ശ്രദ്ധാകേന്ദ്രത്തിലേക്ക് ഓടിയെത്തുന്നതിന്റെ പരിചിതമായ ഒരു രീതിയെക്കുറിച്ച് ബോള്‍ട്ടണ്‍ പരിഹസിച്ചു.
നാലുദിവസം നീണ്ട അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ മേയ് പത്താം തീയതിയാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തിച്ചേര്‍ന്നത്. ഏപ്രില്‍ 22-ാം തീയതിയിലെ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു നേപ്പാളി പൗരന്‍ ഉള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് 'ഇടനിലക്കാരന്‍' ആയി പ്രവര്‍ത്തിക്കുക മാത്രമല്ല, ഒരു 'ആണവയുദ്ധം' തടയുകയും ചെയ്തത് താനാണെന്നാണ് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.
'അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും മികച്ച ബുദ്ധിശക്തിയും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!' എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.