ട്രംപിന്റെ ഉപരോധം റഷ്യയ്ക്ക് വന്‍ തിരിച്ചടിയാകുന്നു; റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവ്; റോസ്നെഫ്റ്റില്‍ നിന്നും ലുക്കോയിലില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറച്ച് ഇന്ത്യന്‍ കമ്പനികള്‍; ചൈനക്കും ഇന്ത്യക്കും പിന്നാലെ തുര്‍ക്കിയും റഷ്യന്‍ എണ്ണയോട് മുഖംതിരിച്ചു; പുടിന്‍ ഇനി എന്തുചെയ്യും?
ട്രംപിന്റെ ഉപരോധം റഷ്യയ്ക്ക് വന്‍ തിരിച്ചടിയാകുന്നു
ന്യൂഡല്‍ഹി: ട്രംപിന്റെ ഉപരോധം റഷ്യക്ക് വലിയ തിരിച്ചടിയാകുന്നാണ് ആഗോള തലത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉപരോധത്തിന്് പിന്നാലെ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവാണ് ഉണ്ടായത്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും മേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇറക്കുമതി ഇടിഞ്ഞത്.
നവംബര്‍ മാസം 21-ാം തീയതി മുതലാണ് യുഎസിന്റെ ഉപരോധം നിലവില്‍വരിക.
അമേരിക്കന്‍ നടപടിയുടെ പ്രത്യാഘാതം പൂര്‍ണമായ തോതില്‍ ഇപ്പോള്‍ വിലയിരുത്താനാകില്ലെങ്കിലും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വ്യക്തമായ ചിത്രം പുറത്തെത്തുമെന്നാണ് വിവരം. ഒക്ടോബര്‍ 27-ാം തീയതി അവസാനിച്ച ആഴ്ചയില്‍, റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം പ്രതിദിനം 1.19 ദശലക്ഷം ബാരല്‍ (ബിപിഡി-ബാരല്‍ പെര്‍ ഡേ) ആയി ചുരുങ്ങിയിരുന്നു. അതിന് തൊട്ടുമുന്‍പത്തെ രണ്ട് ആഴ്ചകളിലെ 1.95 ബിപിഡിയില്‍നിന്നായിരുന്നു ഈ വന്‍ ഇടിവ് എന്നതാണ് ശ്രദ്ധേയം.
റോസ്നെഫ്റ്റില്‍നിന്നും ലുക്കോയിലില്‍നിന്നുമുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞതാണ് ഇപ്പഴത്തെ ഇടിവിന് കാരണം. റഷ്യയിലെ എണ്ണ ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും പാതിയിലേറെയും റോസ്നെഫ്റ്റും ലുക്കോയിലും വഴിയാണ് നടക്കുന്നത്. റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയുടെ മൂന്നില്‍ രണ്ടുഭാഗവും മുന്‍പ് ഈ കമ്പനികള്‍ വഴിയായിരുന്നു.
റോസ്നെഫ്റ്റില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി 0.81 ദശലക്ഷം ബിപിഡി ആയി കുറഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 27-ന് അവസാനിച്ച വാരത്തിലെ കണക്കാണിത്. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ഇത് 1.41 ദശലക്ഷം ബിപിഡി ആയിരുന്നു. അതില്‍നിന്നാണ് ഈ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. അതേസമയം, ഒക്ടോബര്‍ 27-ന് അവസാനിച്ച ആഴ്ചയില്‍ ലുക്കോയിലില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിയിട്ടില്ല. ഇതിന് തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ഇത് 0.24 ദശലക്ഷം ബിപിഡി ആയിരുന്നു.
എണ്ണ വില്‍പനയിലൂടെ റഷ്യയ്ക്കുണ്ടാകുന്ന സാമ്പത്തികനേട്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമതും എത്തിയതിന് പിന്നാലെ റഷ്യക്കുമേല്‍ കൈക്കൊണ്ട ആദ്യ ഉപരോധമാണിത്. റോസ്നെഫ്റ്റിനും ലുക്കോയിലിനും മേലുള്ള അമേരിക്കന്‍ ഉപരോധം റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ സാരമായി ബാധിച്ചേക്കും. എച്ച്പിസില്‍-മിത്തല്‍ എനര്‍ജി, ഐഒസി തുടങ്ങിയ കമ്പനികള്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി അറിയിച്ചുകഴിഞ്ഞു.
അതേസമയം ട്രംപിന്റെ ഉപരോധങ്ങള്‍ റഷ്യയ്ക്ക് കനത്ത ആഘാതമാണ് വരുത്തിയത്. തൊട്ടുപിന്നാലെ ഇന്ത്യയുടെയും ചൈനയുടെയും നിരവധി കമ്പനികള്‍ റഷ്യന്‍ എണ്ണയോട് മുഖംതിരിച്ചു. ഇപ്പോഴിതാ, ഉറ്റ സുഹൃദ് രാഷ്ട്രമായ തുര്‍ക്കിയും കൈവിട്ടു. യുക്രെയ്‌നെതിരായ യുദ്ധാനന്തരം ഇന്ത്യയും ചൈനയുമായിരുന്നു വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങി റഷ്യന്‍ കമ്പനികളുടെ വരുമാനത്തെ പിടിച്ചുനിര്‍ത്തിയത്. ഇവയ്ക്ക് തൊട്ടുപിന്നിലായിരുന്നു തുര്‍ക്കി. ഇപ്പോള്‍ യുഎസ് ഉപരോധ പശ്ചാത്തലത്തില്‍ 3 രാജ്യങ്ങളും ഒറ്റയടിക്ക് കൈവിട്ടത് റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കും പുട്ടിന്‍ ഗവണ്‍മെന്റിനും വലിയ ആഘാതമായിട്ടുണ്ട്.
ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യന്‍ എണ്ണ വാങ്ങിയിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇപ്പോള്‍ ഏറ്റവുമധികം വാങ്ങുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള എണ്ണയാണ്. പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനാകട്ടെ (ബിപിസിഎല്‍) റഷ്യന്‍ എണ്ണയ്ക്ക് ബദലായി യുഎഇയുടെ അപ്പര്‍ സാകൂം ക്രൂഡ് വാങ്ങിത്തുടങ്ങി. ബിപിസിഎല്ലിന്റെ പുത്തന്‍ കരാര്‍ പ്രകാരം 20 ലക്ഷം ബാരല്‍ വീതമുള്ള രണ്ട് എണ്ണക്കപ്പലുകള്‍ അടുത്തമാസം ഇന്ത്യയിലെത്തും. നേരത്തേ ബിപിസിഎല്‍ ഏറ്റവുമധികം വാങ്ങിയിരുന്നത് റഷ്യന്‍ എണ്ണയായിരുന്നു.
റഷ്യന്‍ എണ്ണ ഇനി ആവശ്യമില്ലെന്ന് മറ്റൊരു പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ (എച്ച്പിസിഎല്‍) ചെയര്‍മാന്‍ വികാസ് കൗശലും വ്യക്തമാക്കി. കമ്പനിയുടെ മൂന്നാംപാദ പ്രവര്‍ത്തനഫല പ്രഖ്യാപനത്തോട് അനുബന്ധിച്ചുള്ള 'ഏര്‍ണിങ്‌സ് കോളിലാണ്' അദ്ദേഹം ഇതുപറഞ്ഞത്. കഴിഞ്ഞപാദത്തില്‍ കമ്പനി മൊത്തം 60 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ വാങ്ങിയതില്‍ 50 ലക്ഷവും ഇറക്കുമതിയായിരുന്നു. ഇതില്‍ 5% മാത്രമായിരുന്നു റഷ്യന്‍ എണ്ണയെന്നും അതൊഴിവാക്കിയാലും പ്രശ്‌നമില്ലെന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും ബദല്‍ എണ്ണ വാങ്ങാവുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് കമ്പനികളും റഷ്യന്‍ എണ്ണയെ കൈവിടുകയാണ്. ചൈനയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ സിനോപെക്, പെട്രോചൈന എന്നിവ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയ്ക്ക് നല്‍കിയ ചില ഓര്‍ഡറുകള്‍ റദ്ദാക്കി. ചൈനയിലെ സ്വകാര്യ കമ്പനികളും സമാന തീരുമാനത്തിലേക്ക് വൈകാതെ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുര്‍ക്കിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളും റഷ്യന്‍-ഇതര എണ്ണ വാങ്ങുന്നതിലേക്ക് ചുവടുമാറ്റി. ബദലായി ഇറാഖ്, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഇപ്പോള്‍ എണ്ണ വാങ്ങുന്നത്. കസാക്കിസ്ഥാന്റെ കസാക്ക് കെബ്‌കോ ഇനത്തിന് റഷ്യയുടെ യൂറല്‍സ് ഗ്രേഡിന്റെ സമാന നിലവാരമാണുള്ളതെന്നതും തുര്‍ക്കി നേട്ടമായി കാണുന്നുണ്ട്. ഉപരോധമുള്ള റഷ്യന്‍ കമ്പനികളുടെ എണ്ണ വാങ്ങിയാലും റഷ്യന്‍ എണ്ണക്കപ്പലുകള്‍ വഴി അവ നീക്കം ചെയ്താലും ഇതേ ഉപരോധങ്ങള്‍ ഇടപാട് നടത്തുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ബാധകമാകും. ഈ തിരിച്ചടി ഭയന്നാണ് പല കമ്പനികളും ഇപ്പോള്‍ റഷ്യന്‍ എണ്ണ വേണ്ടെന്നുവയ്ക്കുന്നത്.
