പ്രധാനമന്ത്രിയുടെ വീടുകള്‍ തീയിട്ടതിന് പിന്നില്‍ റഷ്യയുടെ പങ്ക് സംശയിച്ച് ബ്രിട്ടന്‍; രണ്ട് യുക്രെയിന്‍ പൗരന്മാര്‍ക്കും ഒരു റൊമെനിയക്കാരനും പ്രതികള്‍; പുടിനെതിരെ അന്വേഷണം

Update: 2025-05-25 03:29 GMT

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ രണ്ട് വീടുകള്‍ക്കും ഒരു കാറിനും തീയിട്ട സംഭവത്തില്‍ റഷ്യയ്ക്ക് പങ്കുണ്ടോ എന്ന കാര്യം ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യുക്രെയിന്‍ പൗരന്മാര്‍ക്കും ഒരു റൊമെനിയക്കാരനും മേല്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഇവര്‍ മറ്റു ചിലരുമായി ഗൂഢാലോചന നടത്തിയതായി പോലീസ് പറയുന്നു. ഈ മൂന്ന് പേര്‍ക്കും വ്‌ളാഡിമിര്‍ പുടിന്റെ ഭരണകൂടവുമായി ബന്ധമുണ്ടോ എന്ന കാര്യം എം ഐ 5 അന്വേഷിക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

തീപിടുത്തത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെങ്കിലും, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കാറിനും തീകൊളുത്താന്‍ ക്രെംലിനില്‍ നിന്നാണോ ഉത്തരവ് വന്നതെന്ന കാര്യമാണ് രഹസ്യാന്വേഷണ ഏജന്‍സി പരിശോധിക്കുന്നത്. പെട്രോ പോകിനോക്ക്, സ്റ്റാനിസ്ലാവ് കാര്‍പ്യുക്, റോമ്മന്‍ ലാവ്രിനോവിച്ച് എന്നിവരാണ് ഇപ്പോള്‍ ഇതുമായി പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. തെക്ക് കിഴക്കന്‍ ലണ്ടനിലെ സിഡെന്‍ഹാമില്‍ താമസിക്കുന്ന ബില്‍ഡറും മോഡലുമായ ലാവ്രിനോവിച്ചിനെയാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാള്‍ യുക്രെയിന്‍ സ്വദേശിയാണ്.

റൊമാനിയയിലെക്ക് മടങ്ങാന്‍ വിമാനയാത്രയ്ക്കായി ല്യൂട്ടന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു കാര്‍പ്യുക് കൗണ്ടര്‍ ടെററിസം ഫോഴ്സിന്റെ പിടിയിലാകുന്നത്. എസ്സെക്സിലെ റോംഫോര്‍ഡിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. റൊമാനിയന്‍ പൗരന്‍ ആണെങ്കിലും ഇയാള്‍ ജനിച്ചത് യുക്രെയിനില്‍ ആയിരുന്നു. കഴിഞ്ഞയാഴ്ച വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റഷ്യന്‍ പരിഭാഷകന്റെ സഹായത്തോടെയായിരുന്നു ഇയാള്‍ ആശയവിനിമയം നടത്തിയത്.

Similar News