200 ചാരന്മാരുമായി ലണ്ടനില്‍ ചൈനയുടെ പുതിയ സൂപ്പര്‍ എംബസി; പാലസ്തീന്‍ അനുകൂല എം പിമാരെ തൃപ്തിപ്പെടുത്താന്‍ ഇസ്രയേല്‍ പ്രതിരോധ സംവിധാനം ഉപേക്ഷിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍; ലേബര്‍ സര്‍ക്കാരില്‍ സംഭവിക്കുന്നത്
ലണ്ടന്‍: ലണ്ടനിലെ പുതിയ ചൈനീസ് സൂപ്പര്‍ എംബസ്സിയില്‍ 200 ല്‍ അധികം ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ ഉണ്ടാകുമെന്ന നയതന്ത്ര വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ചാര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തലുകള്‍ ടവര്‍ ഓഫ് ലണ്ടന് സമീപമുള്ള റോയല്‍ മിന്റ് സൈറ്റില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എം ഐ 15 ല്‍ നിന്നും സ്‌കോട്ട്‌ലാന്‍ഡ്യാര്‍ഡില്‍ നിന്നുമുള്ള മുന്നറിയിപ്പിനെ അടിസ്ഥാനമാക്കി മുന്‍ സര്‍ക്കാര്‍ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം അത് പുനരാരംഭിക്കുകയായിരുന്നു.
സുപ്രധാനമായ സാമ്പത്തിക കേന്ദ്രങ്ങള്‍ക്ക് സമീപം അത്തരത്തിലൊരു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന്റെ അപകടത്തെ കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടും പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. നഗരത്തിലെ ഫിനാന്‍ഷ്യല്‍ ഹബ്ബുകള്‍ക്കും കാനറി വാര്‍ഫിനും ഇടയിലായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുനന്ത്. മാത്രമല്ല, സ്റ്റോക്ക് എക്സ്‌ചേഞ്ച് ഉള്‍പ്പടെ മൂന്ന് പ്രധാന ഡാറ്റാ സെന്ററുകള്‍ക്ക് സമീപവുമാണ് ഈ സ്ഥലം. ഭൂഗര്‍ഭ മുറികളും, ടണലും ഉള്‍പ്പടെയുള്ള എംബസിയുടെ പ്ലാന്‍ ഈ വര്‍ഷം ആദ്യം മെയില്‍ ഓണ്‍ സണ്‍ഡെ പ്രസിദ്ധപ്പെറ്റുത്തിയിരുന്നതുമാണ്.
നഗരത്തിന്റെ ഹൃദയഭാഗത്തായി, വിദ്യാര്‍ത്ഥികളുടേതിന് സമാനമായി ചാരന്മാരുടെ ഒരു ക്യാമ്പ് ഉയര്‍ന്നു വരികായാണെന്നാണ് ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചാരന്മാര്‍ക്കായി എന്ന് കരുതപ്പെടുന്ന ഭൂഗര്‍ഭ അറകള്‍ ആഴത്തിലുള്ളതാണെന്നും സുപ്രധാനമായ പല കേബിളുകളും പോകുന്നത് കേവലം ഒരു ശരാശരി മനുഷ്യന്റെ ഉയരത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഒരു സാംസ്‌കാരിക വിനിമയ വിഭാഗത്തെ, പരിശോധനയില്‍ നിന്നും യു കെ അധികൃതര്‍ ഒഴിവാക്കിയതായും മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സാംസ്‌കാരിക വിനിമയം എന്നത് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ മാത്രമാണെന്നാണ് ഒരു യു എസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നത്.
200 ചാരന്മാരുമായി ലണ്ടനില്‍ ചൈനയുടെ പുതിയ സൂപ്പര്‍ എംബസി; പാലസ്തീന്‍ അനുകൂല എം പിമാരെ തൃപ്തിപ്പെടുത്താന്‍ ഇസ്രയേല്‍ പ്രതിരോധ സംവിധാനം ഉപേക്ഷിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍; ലേബര്‍ സര്‍ക്കാരില്‍ സംഭവിക്കുന്നത്
ഇസ്രയേലിന്റെ അത്യാധുനിക മിസൈല്‍ വേധ സംവിധാനങ്ങള്‍, ബ്രിട്ടന്റെ പുതിയ അയേണ്‍ ഡോം പ്രതിരോധ സംവിധാനത്തില്‍ നിന്നും ഒഴിവാക്കുവാന്‍ ലേബര്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായ ആരോപണം ഉയരുന്നു. പാര്‍ട്ടിയിലെ പാലസ്തീന്‍ അനുകൂല നിലപാട് പുലര്‍ത്തുന്ന എം പിമാരെ പ്രീണിപ്പിക്കാനാണ് ഇതെന്നും ആരോപണമുണ്ട്. ടെല്‍ അവീവ് ആസ്ഥാനമായ റാഫേല്‍ എന്ന കമ്പനിയുടെ, പരീക്ഷിച്ച് വിജയം കണ്ടെത്തിയ സംവിധാനങ്ങള്‍ക്ക് പകരമായി 'പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ്' ന് പരിഗണന നല്‍കി മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നാണ് പ്രധാന ആരോപണം. സ്‌കൈ സാബിര്‍ ആന്റി മിസൈല്‍ യൂണിറ്റുകള്‍ വിപുലീകരിക്കുന്നതിനുള്ള ഒരുക്കത്തിനിടയിലാണ് ഈ ആരോപണം ഉയരുന്നത്.
നിലവിലെ ഏഴ് സ്‌കൈ സാബിര്‍ യൂണിറ്റുകളിലും റാഫേലിന്റെ കണ്‍ട്രോള്‍ ആന്‍ഡ് കമാന്‍ഡ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കിലും, ഇപ്പോള്‍ അതിനു പകരമായി ഒരു നോര്‍വീജിയന്‍ ഉല്‍പ്പന്നം വാങ്ങാനാണ് മന്ത്രിസഭ താത്പര്യപ്പെടുന്നതെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല എന്നാണ് പ്രതിരോധകാര്യ മന്ത്രാലയം പറയുന്നത്. എന്നാല്‍, ഇസ്രയേലിനോടുള്ള സമീപനം കൂടുതല്‍ കര്‍ക്കശമാക്കുന്നതിനുള്ള സമ്മര്‍ദ്ദം പാലസ്തീന്‍ അനുകൂല ലേബര്‍ എം പിമാരുടെ ഭാഗത്തു നിന്നും ശക്തമാവുകയാണ്.
ഇസ്രയേലിലേക്കുള്ള എല്ലാ ആയുധ കയറ്റുമതികളും നിര്‍ത്തിവയ്ക്കണമെന്നും പാലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്നുള്ള ആവശ്യം ഈ എം പിമാര്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചു കഴിഞ്ഞു. ഈയാഴ്ച യു കെ സന്ദര്‍ശിക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണും, പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടികള്‍ ധൃതഗതിയിലാക്കണമെന്ന് സ്റ്റാര്‍മറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വരുന്നു. പാലസ്തീന്‍ ലോബിയെ പ്രധാനമന്ത്രിക്ക് ഭയമാണെന്നും അതുകൊണ്ടു തന്നെ പ്രതിരോധ വിഷയത്തില്‍ ഇസ്രയേലുമായി കൂടുതല്‍ അടുക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും ചില സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.