പത്ത് ലക്ഷം ഫലസ്തീനികള്‍ താമസിക്കുന്ന ഗാസ നഗരത്തിലെ വലിയൊരു ശതമാനവും ഒഴിഞ്ഞു പോകുന്നു; താമസക്കാരെ അവരുടെ വീടുകളില്‍ തന്നെ തുടരാന്‍ ഭീഷണിപ്പെടുത്തുന്ന ഹമാസ്; മേല്‍നോട്ടം ഹമാസിന്റെ മുതിര്‍ന്ന കമാണ്ടര്‍മാര്‍ക്ക്; ആക്രമണം കൂടുതല്‍ ശക്തമാക്കാന്‍ ഇസ്രയേല്‍; രണ്ടും കല്‍പ്പിച്ച് നീങ്ങാന്‍ നെതന്യാഹു

Update: 2025-09-16 03:46 GMT

മാസ് ഭീകരര്‍ക്ക് എതിരായ സൈനിക നീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗാസയില്‍ ജനങ്ങളെ വന്‍തോതില്‍ ഒഴിപ്പിക്കുകയാണ്. ഹമാസിന്റെ ശേഷിക്കുന്ന ശക്തികേന്ദ്രങ്ങളില്‍ നിര്‍ണായകമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമുതല്‍, ഏകദേശം പത്ത് ലക്ഷം ഫലസ്തീനികള്‍ താമസിക്കുന്ന ഗാസ നഗരത്തിലെ ജനങ്ങള്‍ വലിയൊരു ശതമാനവും ഒഴിഞ്ഞു പോകുകയാണ്. ഗാസയില്‍ തിരിച്ചടി തുടരുമെന്ന സന്ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയിട്ടുണ്ട്.

അതിനിടെ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കര ആക്രമണത്തിന് മുന്നോടിയായി മനുഷ്യ കവചമായി ഉപയോഗിക്കുന്നതിനായി ഹമാസ് ബന്ദികളെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ ബന്ദികള്‍ കൊല്ലപ്പെടുകയും അങ്ങനെ ഇസ്രയേലിനെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നുമാണ് ഹമാസ് കരുതുന്നത്. പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വിട്ടത്. എന്നാല്‍ വടക്കന്‍ ഗാസ മുനമ്പിലെ താമസക്കാരെ നിലനിര്‍ത്താനും അവരുടെ രക്ഷപ്പെടല്‍ തടയാനും ഹമാസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

താമസക്കാരെ അവരുടെ വീടുകളില്‍ തന്നെ തുടരാന്‍ ഹമാസ് ഭീഷണിപ്പെടുത്തുകയാണെന്നും പറയപ്പെടുന്നു. സ്ഥലം വിട്ടാല്‍ തിരികെ എത്തുമ്പോള്‍ കൊല്ലുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തുകയാണ്. കൂടാതെ വീട് വിട്ടു സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ശ്രമിക്കുന്നവരെ ഭീകരര്‍ ആക്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിനെ നേരിടാന്‍ ഹമാസ് അവരുടെ നിരവധി മുതിര്‍ന്ന കമാന്‍ഡര്‍മാരെ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ചിരിക്കുകയാണ്. സൈനിക വിഭാഗം തലവന്‍ അസ് അല്‍-ദിന്‍ ഹദ്ദാദ്, ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ റായ്ദ് സാദ്, ഇന്റലിജന്‍സ് മേധാവി മുഹമ്മദ് ഒദെ, ഗാസ ബ്രിഗേഡിലെ ഹമാസിന്റെ സൈനിക വിഭാഗത്തിലെ മുതിര്‍ന്ന വ്യക്തിയായ മഹാനദ് റജബ് എന്നിവര്‍ക്കാണ് ഇക്കാര്യത്തില്‍ ചുമതല.

ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ ഗാസ നഗരത്തില്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഹമാസ് ഉപയോഗിച്ചിരുന്ന ഉയര്‍ന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 500 ലധികം സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചു. ഗാസ തുറമുഖം, തെക്കന്‍ അല്‍-റിമാല്‍ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിടുകയും ഖാന്‍ യൂനിസ്, അല്‍-മവാസി എന്നിവയുള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, 280,000-ത്തിലധികം ഗാസ നിവാസികള്‍ ഇതിനകം ഗാസ നഗരം വിട്ട് പലായനം ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിയുന്നത്ര സാധാരണക്കാരെ സ്ഥലത്ത് നിര്‍ത്താന്‍ ഹമാസ് ശ്രമിക്കുകയാണ്. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി പത്ത് ലക്ഷത്തോളം ഫലസ്തീനികള്‍ അഭയം പ്രാപിച്ചിരിക്കുന്ന നഗരം പിടിച്ചെടുക്കാന്‍ പദ്ധതിയിടുന്നതായി ഇസ്രായേല്‍ പറഞ്ഞു. വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ കരാര്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഹമാസ് നേതാക്കള്‍ ദോഹയില്‍ യോഗം ചേര്‍ന്ന സമയത്താണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ഗാസയില്‍ ഹമാസ് ഇപ്പോഴും ബന്ദികളാക്കുന്ന 48 ബന്ദികളെ എങ്ങനെ മോചിപ്പിക്കാമെന്നും തീരദേശ മേഖല പുനര്‍നിര്‍മ്മിക്കാനും എങ്ങനെ കഴിയുമെന്നതിനെക്കുറിച്ച് സംസാരിക്കാന്‍ അമേരിക്ക മുന്‍കൈ എടുക്കുകയാണ്. അവരില്‍ 20 പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇപ്പോള്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുകയാണ്.

Tags:    

Similar News