'ഹമാസിനെതിരെ പ്രവര്‍ത്തിച്ചോളൂ, പക്ഷേ, ഖത്തര്‍ നമ്മുടെ മഹത്തായ സഖ്യകക്ഷി; അവരോട് ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം'; നെതന്യാഹുവിന് മുന്നറിയിപ്പു നല്‍കി ട്രംപ്; ഖത്തര്‍ പ്രധാനമന്ത്രിയെ 'അത്ഭുതകരമായ വ്യക്തി'യെന്ന് വിശേഷിപ്പിച്ചു യുഎസ് പ്രസിഡന്റ്
'ഹമാസിനെതിരെ പ്രവര്‍ത്തിച്ചോളൂ, പക്ഷേ, ഖത്തര്‍ നമ്മുടെ മഹത്തായ സഖ്യകക്ഷി;
ന്യൂജേഴ്സി: ഖത്തര്‍ വിഷയത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പു നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറിന്റെ കാര്യത്തില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമെന്ന് നെതന്യാഹുവിനോട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ന്യൂജേഴ്സിയിലെ മോറിസ്ടൗണ്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ഹമാസ് നേതാക്കള്‍ താമസിച്ച കെട്ടിടത്തിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.
'ദോഹ ആക്രമണത്തെ കുറിച്ച് നെതന്യാഹുവിനോട് എന്തെങ്കിലും പറയാനുണ്ടോ' എന്ന് മാധ്യമപ്രവര്‍ത്തകന്‍ ട്രംപിനോട് ചോദിച്ചപ്പോള്‍ 'വളരെ വളരെ ശ്രദ്ധാലുവായിരിക്കണം എന്നതാണ് എന്റെ സന്ദേശം. അവര്‍ ഹമാസിനെതിരെ ചെയ്യട്ടെ, പക്ഷേ ഖത്തര്‍ അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണ്' -എന്നായിരുന്നു മറുപടി.
വെള്ളിയാഴ്ച ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ഥാനിയുമായി അത്താഴവിരുന്നില്‍ ട്രംപ് പങ്കെടുത്തിരുന്നു. 'അത്ഭുതകരമായ വ്യക്തിയാണ് അദ്ദേഹം' എന്നായിരുന്നു ട്രംപ് എന്ന് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനിയെ വിശേഷിപ്പിച്ചത്. ആളുകള്‍ ഖത്തറിനെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്നത് ഒഴിവാക്കാന്‍ മികച്ച പബ്ലിക് റിലേഷന്‍ സംവിധാനം ഖത്തര്‍ ഉണ്ടാക്കണമെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ, ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര അറബ് -ഇസ്ലാമിക് ഉച്ചകോടി ഇന്ന് ദോഹയില്‍ നടക്കും. ഇന്നലെ രാവിലെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ഥാനിയുടെ അധ്യക്ഷതയിലാണ് അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ആരംഭിച്ചത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷനിലെ (ഒ.ഐ.സി) നേതാക്കളും 22 അംഗ അറബ് ലീഗിലെ നേതാക്കളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രതികരണമായി നയതന്ത്ര ബന്ധങ്ങള്‍ വിഛേദിക്കുന്നത് അടക്കം ശക്തമായ തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. വ്യാപാര നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ഇസ്രായേലിനെതിരെ സമ്മര്‍ദം ചെലുത്താന്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ടുവന്നേക്കാമെന്നും കരുതുന്നു. ഇസ്രായേലിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍ നേരത്തേ അറിയിച്ചിരുന്നു. ഫലസ്തീനില്‍ തുടങ്ങി ഖത്തറില്‍ വരെ എത്തിനില്‍ക്കുന്ന, അറബ് ലോകത്തിനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളുടെ പരമ്പരയുടെ പശ്ചാത്തലത്തിലാണ് ദോഹയിലെ അറബ് -ഇസ്ലാമിക് ഉച്ചകോടി നടക്കുന്നതെന്നും അടിയന്തര നടപടികളുണ്ടാകുമെന്നുമാണ് ഇതുസംബന്ധിച്ച് രാഷ്ട്രീയ വിദഗ്ധര്‍ പ്രകടിപ്പിക്കുന്നത്.