'ഭീകരര്‍ക്ക് സുരക്ഷയൊരുക്കിയ ശേഷം പരമാധികാരത്തെക്കുറിച്ച് പറയാന്‍ കഴിയില്ല; നിങ്ങള്‍ക്ക് ഒളിക്കാം, നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഞങ്ങള്‍ നിങ്ങളെ പിടികൂടും': ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമെന്നും വിമര്‍ശനം അസംബന്ധമെന്നും നെതന്യാഹു; ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ തുടരുമെന്ന് അമേരിക്ക; മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഖത്തറിനെ പ്രോത്സാഹിപ്പിക്കും

നിങ്ങള്‍ക്ക് ഒളിക്കാം, നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഞങ്ങള്‍ നിങ്ങളെ പിടികൂടും

Update: 2025-09-15 14:23 GMT

ടെല്‍ അവീവ്: ഖത്തറിലെ ഹമാസ് രാഷ്ട്രീയ കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം തങ്ങളുടെ 'സ്വതന്ത്ര തീരുമാന'മായിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുന്നുവെന്നും നെതന്യാഹു ആവര്‍ത്തിച്ചു. ഹമാസിനെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ ഇസ്രയേലിനെ വിമര്‍ശിക്കുന്നത് 'അങ്ങേയറ്റം കാപട്യം' നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 9-ന് ഖത്തറിലെ ദോഹയില്‍ വെച്ചാണ് ഹമാസിന്റെ രാഷ്ട്രീയ കാര്യാലയത്തിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേല്‍ സന്ദര്‍ശിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് നെതന്യാഹു ആക്രമണത്തെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെക്കുറിച്ചും സംസാരിച്ചത്.

'സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം, ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയപ്രകാരം ഒരു രാജ്യത്തിനും ഭീകരവാദികളെ സംരക്ഷിക്കാനോ വളര്‍ത്താനോ കഴിയില്ല,' നെതന്യാഹു പറഞ്ഞു. 'ഭീകരര്‍ക്ക് സുരക്ഷയൊരുക്കിയ ശേഷം പരമാധികാരത്തെക്കുറിച്ച് പറയാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഒളിക്കാം, നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഞങ്ങള്‍ നിങ്ങളെ പിടികൂടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരര്‍ക്ക് ഇടം നല്‍കുന്നതോടെ പരമാധികാരം ഇല്ലാതാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാസയില്‍ തകര്‍ക്കപ്പെട്ട ബഹുനില കെട്ടിടങ്ങള്‍ ഹമാസിന്റെ ശക്തികേന്ദ്രങ്ങളാണെന്നും, അവയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും നെതന്യാഹു വിശദീകരിച്ചു. ലോകം ഗാസയെക്കുറിച്ചുള്ള 'മുന്‍ഗണനകളും വസ്തുതകളും ശരിയാക്കണം' എന്നും, ഗാസയിലെ ജനങ്ങളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ഇസ്രയേല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ നേരിടാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങള്‍ക്ക് യുഎസ് പിന്തുണ നല്‍കുന്നുവെന്ന സന്ദേശമാണ് റൂബിയോയുടെ സന്ദര്‍ശനം നല്‍കുന്നതെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

ഇസ്രയേലിന്റെ നടപടികളോടുള്ള ഗള്‍ഫ് രാജ്യങ്ങളുടെ രോഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, 'ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്' എന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രതികരണം. 'ഇനിയെന്ത് എന്നതിലാണ് പൂര്‍ണ ശ്രദ്ധ,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും, ഗാസയിലെ ജനങ്ങള്‍ നല്ലൊരു ഭാവിക്കര്‍ഹരാണെന്നും റൂബിയോ വ്യക്തമാക്കി. എന്നാല്‍, ഹമാസ് ഇല്ലാതാകുന്നതുവരെ ആ നല്ല ഭാവിക്ക് തുടക്കമിടാനാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാന്‍ ഇസ്രയേലിനെയും യുഎസിനെയും യൂറോപ്പിനെയും ഗള്‍ഫ് രാജ്യങ്ങളെയും ഭീഷണിപ്പെടുത്തുന്നുവെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിന് അമേരിക്കയുടെ അചഞ്ചലമായ പിന്തുണ തുടരുമെന്ന് മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഹമാസിന് പിന്തുണ നല്‍കുന്നതില്‍ നിന്ന് പിന്മാറുന്നതുവരെ ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്തര്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ അമേരിക്ക പിന്തുണയ്ക്കുന്നു. ഈ വിഷയത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ ഖത്തറിനെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കുമെന്നും റൂബിയോ ബെഞ്ചമിന്‍ നെതന്യാഹുവുമൊത്തുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. റൂബിയോയുടെ ഇസ്രയേല്‍ സന്ദര്‍ശനം, അമേരിക്ക ഇസ്രയേലിനൊപ്പം നിലകൊള്ളുന്നു എന്നതിന്റെ വ്യക്തമായ സന്ദേശമാണെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു.

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ഇസ്രയേല്‍ പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ഈ ആക്രമണത്തില്‍ അമേരിക്ക അതൃപ്തി അറിയിച്ചിരുന്നു. ഇസ്രയേല്‍ സന്ദര്‍ശനത്തിനു ശേഷം റൂബിയോ ഖത്തര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കൂടിക്കാഴ്ചകള്‍ ഗാസയിലെ സംഘര്‍ഷത്തിന്റെ ഭാവി ചര്‍ച്ചകളില്‍ നിര്‍ണ്ണായകമാകും.

Tags:    

Similar News