ഇന്ത്യ-റഷ്യ ബന്ധം കാലങ്ങളായി തുടരുന്നതും സുസ്ഥിരമായി മുന്നോട്ടു പോകുന്നതും; അത് തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ ട്രംപിന്റെ സമ്മര്‍ദ്ദം തുടരുമ്പോഴും നിലപാട് വ്യക്തമാക്കി റഷ്യ; സഹകരണം തുടരാനുള്ള ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തു
ഇന്ത്യ-റഷ്യ ബന്ധം കാലങ്ങളായി തുടരുന്നതും സുസ്ഥിരമായി മുന്നോട്ടു പോകുന്നതും;
മോസ്‌കോ: ഇന്ത്യയുമായുള്ള ബന്ധം തകര്‍ക്കാനുള്ള ഏതു ശ്രമവും തോല്‍ക്കുമെന്ന് റഷ്യ. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത് ഊഷ്മളവും വളരുന്നതുമായ ബന്ധമാണെന്ന് വ്യക്തമാക്കിയ റഷ്യന്‍ വിദേശകാര്യമന്ത്രാലയം സഹകരണം തുടരാനുള്ള ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തു.
സമ്മര്‍ദ്ദങ്ങളും ഭീഷണികളും ഉണ്ടായിരുന്നിട്ടും, റഷ്യയുമായുള്ള ബഹുമുഖ സഹകരണം തുടരാനും വികസിപ്പിക്കാനുമുള്ള പ്രതിബദ്ധത ഇന്ത്യ പ്രകടിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് മന്ത്രാലയം പറഞ്ഞു. ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയോടെയും ആത്മവിശ്വാസത്തോടെയും പുരോഗമിക്കുകയാണെന്നും ഈ പ്രക്രിയയെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നും സര്‍ക്കാര്‍ മാധ്യമമായ ആര്‍.ടിക്ക് നല്‍കിയ മറുപടിയില്‍ മന്ത്രാലയം വ്യക്തമാക്കി.
പാശ്ചാത്യ ലോകത്തിന്റെ സമ്മര്‍ദ്ദത്തിനിടയിലും റഷ്യയുമായുള്ള ബന്ധത്തോട് ഇന്ത്യയുടെ സമീപനം, ദീര്‍ഘകാലമായി ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദത്തിന്റെ ആത്മാവിനെയും പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഇരു രാജ്യങ്ങളും തന്ത്രപ്രധാനമേഖലകളിലടക്കം സംയുക്ത പദ്ധതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഇതില്‍ സിവിലിയന്‍, പ്രതിരോധ മേഖല, മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍, ആണവോര്‍ജ്ജം, റഷ്യന്‍ എണ്ണ പര്യവേക്ഷണ പദ്ധതികളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പേയ്മെന്റ് സംവിധാനങ്ങള്‍, ദേശീയ കറന്‍സികളുടെ ഉപയോഗം വിപുലീകരിക്കല്‍, ബദല്‍ ഗതാഗത, ചരക്ക് പാതകള്‍ സൃഷ്ടിക്കല്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും നിലവില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. ഈ ശ്രമങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. സവിശേഷ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കൊണ്ട് പൊടുന്നനെ ഉളവെടുത്തതല്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അധികതീരുവ ചുമത്തിയിട്ടും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യയ്ക്കുമേല്‍ യുഎസ് തീരുവയ്ക്ക് സമാനമായ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ മറ്റു രാജ്യങ്ങളുടെമേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് റഷ്യയുടെ മുന്നറിയിപ്പ്.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ യുഎസില്‍നിന്നും മറ്റു നാറ്റോ രാജ്യങ്ങളില്‍നിന്നും സമ്മര്‍ദ്ദമേറിയിട്ടും അതിനെതിരെ ഉറപ്പോടെ നിലകൊള്ളുന്നതിലും ഭീഷണികള്‍ക്ക് വഴങ്ങാതെ പ്രതിജ്ഞാബദ്ധമായി തുടരുന്നതിലും ഇന്ത്യയെ റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രശംസിക്കുകയും ചെയ്തു.
ഇന്ത്യയുടെ ഈ സമീപനം 'ദീര്‍ഘകാലമായുള്ള റഷ്യ-ഇന്ത്യ സൗഹൃദത്തിന്റെ ചൈതന്യത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമാണെന്നും അന്താരാഷ്ട്ര കാര്യങ്ങളിലെ തന്ത്രപരമായ സ്വയംഭരണാവകാശത്തെ ഇത് പ്രതിനിധീകരിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യയും റഷ്യയുമായുള്ള പങ്കാളിത്തം പരമാധികാരത്തിന്റെ പരമമായ മൂല്യത്തിനും ദേശീയ താല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നുവെന്നും റഷ്യ പറഞ്ഞു. ഇന്ത്യയുടെ കാഴ്ചപ്പാട് വിശ്വസനീയവും ദീര്‍ഘവീക്ഷണമുള്ളതും നയതന്ത്രപരവുമായ ബന്ധങ്ങളെ പിന്തുണയ്ക്കുന്നതാണെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.