ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 290 സീറ്റുകളുമായി റിഫോം യുകെ ഒന്നാമതെത്തും; 126 സീറ്റുകളുമായി ലേബര്‍ പാര്‍ട്ടി രണ്ടാമത്തവും; ടോറികള്‍ നേടുക വെറും 21 സീറ്റുകള്‍: കീര്‍ സ്റ്റര്‍മാര്‍ രാജി വച്ചാല്‍ ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റ്; യുകെയിലെ രാഷ്ട്രീയം മാറുമ്പോള്‍

Update: 2025-07-07 01:42 GMT

ലണ്ടന്‍: യുകെയില്‍ ഇപ്പോഴൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നും, കേവല ഭൂരിപക്ഷത്തിനടുത്ത് എത്തുമെന്നും പുതിയ സര്‍വ്വേഫലം. 290 സീറ്റുകള്‍ വരെ റിഫോം യു കെ നേടുമെന്നാണ് സര്‍വ്വേഫലം പറയുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷം നേടാന്‍ ഇത് മതിയാവുകയില്ലെങ്കിലും, ഒരു തൂക്ക് പാര്‍ലമെന്റില്‍ മറ്റേതൊരു പാര്‍ട്ടിക്ക് ലഭിക്കുന്നതിനേക്കാള്‍ ഇരട്ടിയേക്കാള്‍ അധികം വരും ഇത്.

ഇത്, റിഫോം യു കെയെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്നതിന് അടുത്തെത്തിക്കും എന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നത്. മള്‍ട്ടിലെവല്‍ റിഗ്രഷന്‍ ആന്‍ഡ് പോസ്റ്റ് സ്ട്രാറ്റിഫിക്കേഷന്‍ മാതൃകയില്‍, 10,000 ല്‍ അധികം ബ്രിട്ടീഷ് വോട്ടര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വേയില്‍ പറയുന്നത് ലേബര്‍ പാര്‍ട്ടിക്ക് ലഭിക്കുക 126 സീറ്റുകള്‍ മാത്രമായിരിക്കും എന്നാണ്. അതായത്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയ ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമാവുക 285 സീറ്റുകളായിരിക്കും. മാത്രമല്ല, റിഫോം യു കെയ്ക്ക് ലഭിച്ചതിന്റെ പകുതി സീറ്റുകള്‍ കൊണ്ട് ഇപ്പോഴത്തെ ഭരണകക്ഷിക്ക് തൃപ്തിപ്പെടേണ്ടതായും വരും.

ടോറികള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 40 സീറ്റുകള്‍ കുറഞ്ഞ് 81 സീറ്റുകള്‍ മാത്രമായിരിക്കും നേടാനാവുക. അതേസമയം, ലിബറല്‍ ഡെമോക്രാറ്റുകള്‍ കഴിഞ്ഞ വര്‍ഷം നേടിയതിനേക്കാള്‍ ഒരു സീറ്റ് വര്‍ദ്ധിപ്പിച്ച് 73 ല്‍ എത്തും. എസ് എന്‍ പി യുടെ സീറ്റുകളിലും വര്‍ദ്ധനവുണ്ടാകും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 സീറ്റുകള്‍ കൂടി 42 സീറ്റുകള്‍ അവര്‍ നേടും. അതിനിടയില്‍, ഈ വാരാന്ത്യത്തില്‍ കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയീീവുകയാണ്. ഈ സന്ദര്‍ഭത്തില്‍ കീര്‍ സ്റ്റാര്‍മറുടെ വ്യക്തിഗത ജനപിന്തുണ ഏറ്റവും താഴ്ന്ന തലത്തില്‍ എത്തി നില്‍ക്കുകയാണെന്നാണ് സര്‍വേഫലം കാണിക്കുന്നത്. മൈനസ് 43 ആണ് സ്റ്റാര്‍മറുടെ ഇപ്പോഴത്തെ സ്‌കോര്‍.

അതുപോലെ, മറ്റു മന്ത്രിമാരുടെ കാര്യവും കഷ്ടത്തിലാണ്. റിഫോം യു കെയുടെ കുതിച്ചു ചാട്ടത്തില്‍ നിലവിലെ പല മന്ത്രിമാര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വ്വേഫലം സൂചിപ്പിക്കുന്നത്. വടക്കന്‍ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലേയും, ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി ദീര്‍ഘകാലം തുടരുന്ന ചില മണ്ഡലങ്ങള്‍ പോലും അവര്‍ക്ക് നഷ്ടമാകും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലും റിഫോം യു കെ വളരും. 2024 ലെ തെരഞ്ഞെടുപ്പില്‍ ടോറികള്‍ നേടിയ സീറ്റുകളില്‍ 59 എണ്ണത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ റിഫോം യു കെ നേടുമെന്നാണ് സര്‍വ്വേഫലം പറയുന്നത്.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തതും അതുപോലെ എടുത്ത തീരുമാനങ്ങളില്‍ നിന്നുള്ള മലക്കം മറിച്ചിലുകളുമാണ് ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാതിരിക്കാനുള്ള കാരണമായി ഭൂരിഭാഗം ജനങ്ങളും പറയുന്നത്. 36 ശതമാനം പേരാണ് ഈ കാരണം ചൂണ്ടിക്കാട്ടിയത്. 31 ശതമാനം പേര്‍ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി പരിഹരിക്കാത്തത് ലേബറിന് വോട്ട് ചെയ്യാതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയപ്പോള്‍, വിന്റര്‍ ഫ്യുവല്‍ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റം കാരണമായി 27 ശതമാനം പേര്‍ ചൂണ്ടിക്കാട്ടുന്നു. മോര്‍ ഇന്‍ കോമണ്‍ ആണ് സര്‍വ്വേ നടത്തിയത്.

Similar News