ഒന്നര ലക്ഷം പേരെത്തിയ കുടിയേറ്റവിരുദ്ധ റാലിയില്‍ ഞെട്ടി കീര്‍ സ്റ്റര്‍മാര്‍; ദേശീയ പതാക കലാപകാരികള്‍ക്ക് കൊടുക്കരുതെന്ന് ആഹ്വാനം; അനധികൃത കുടിയേറ്റക്കാരെ നാട് കടത്താനുള്ള ഫ്രാന്‍സുമായുള്ള കരാറിന് അവസാന നിമിഷം പ്രതിസന്ധി; ബ്രിട്ടണില്‍ സംഭവിക്കുന്നത്
ലണ്ടന്‍: ബ്രിട്ടണിലെ തീവ്ര വലതുപക്ഷ നേതാവായ ടോമി റോബിന്‍സന്റെ ആഹ്വാനമനുസരിച്ച് ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത് ഒന്നര ലക്ഷത്തോളം പേര്‍. വന്‍ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യം ഭരണകൂടത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പിടിച്ചുലച്ചു. സമൂഹത്തില്‍ അക്രമവും, ഭീതിയും വിഭാഗീയതയും വിതയ്ക്കുന്നവര്‍ക്ക് ദേശീയപതാക വിട്ടുകൊടുക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി സ്റ്റാര്‍മറുടെ പ്രതികരണം. ഇന്നലെ ഉച്ചയോടെയായിരുന്നു സ്റ്റാര്‍മര്‍ ഇക്കാര്യത്തില്‍ നിശബ്ദത ഭേദിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള അക്രമങ്ങളെയും രാജ്യം സഹിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
റാലിക്കിടെ ഉണ്ടായ അക്രമങ്ങളില്‍ 26 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. അതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിക്കുന്ന വിധത്തിലായിരുന്നു റാലിയില്‍ പങ്കെടുക്കാന്‍ ജനക്കൂട്ടം ഒഴുകിയെത്തിയത്. എലന്‍ മസ്‌ക് ജനക്കൂട്ടത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യുകയും ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയും, ചെറുയാനങ്ങളില്‍ കൂടിയുള്ള കുടിയേറ്റം ബ്രിട്ടനില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിക്ക് എതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കി തികച്ചും ശാന്തമായിട്ടായിരുന്നു റാലിയുടെ തുടക്കം.
ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ കുടിയേറ്റാനുകൂലികള്‍ അഭിമുഖം വന്നതോടെയായിരുന്നു അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ പോലീസിനെതിരെ തിരിഞ്ഞെന്നാണ് പോലീസ് പറയുന്നത്. കല്ലുകളും മറ്റും പോലീസിനെതിരെ എറിഞ്ഞു. അതേസമയം, ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും, എന്നാല്‍, ഇത്തരത്തിലുള്ള അക്രമങ്ങള്‍ സ്വീകാര്യമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇരുപത്തിനാല് പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച നടന്ന അക്രമ സംഭവങ്ങളെ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദും കടുത്ത ഭാഷയില്‍ അപലപിച്ചു. പ്രതിഷേധത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പങ്കെറ്റുത്ത എലന്‍ മസ്‌ക് ബ്രിട്ടനില്‍ അടിയന്തിരമായി ഒരു ഭരണമാറ്റം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് പറഞ്ഞു. പൊരുതുക അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ക്കായി അദ്ദേഹം ഉയര്‍ത്തിയത്. മസ്‌കിന്റെ പ്രഭാഷണം അനുചിതമായി എന്നാരോപിച്ചു കൊണ്ട് ബിസിനസ്സ് സെക്രട്ടറി പീറ്റര്‍ കെയ്ല്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധത്തിനിടയില്‍ സര്‍ കീര്‍ സ്റ്റാര്‍മറെ വധിക്കണമെന്ന് ഒരു പ്രതിഷേധക്കാരന്‍ ആവശ്യപ്പെട്ടത് ഏറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഈ പ്രവൃത്തിക്കെതിരെ നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ആഹ്വാനം നടത്തിയ വ്യക്തിക്ക് തടവ് ശിക്ഷ നല്‍കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്.
കുടിയേറ്റക്കാരെ തിരികെ അയയ്ക്കാനുള്ള ഫ്രഞ്ച് കരാര്‍ പ്രതിസന്ധിയില്‍
അനധികൃത കുടിയേറ്റക്കാരെ തിരികെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഈയാഴ്ച മുതല്‍ കുടിയേറ്റക്കാരെ തിരികെ അയയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. അതിനിടയിലാണ് പദ്ധതി അവസാന നിമിഷം നിയമ തടസ്സങ്ങള്‍ മൂലം പ്രതിസന്ധിയിലാവുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പറഞ്ഞത്. പദ്ധതിയുടെ ആദ്യഘട്ടമായി ഒരു കൂട്ടം കുടിയേറ്റക്കാരെ ഈയാഴ്ച തിരികെ ഫ്രാന്‍സിലേക്ക് അയയ്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.
കുടിയേറ്റക്കാരുടെ ഭാഗത്തു നിന്നുള്ള നിയമനടപടികള്‍ ഈ പദ്ധതിക്ക് അവസാന നിമിഷം പാരയാകുമെന്നാണ്, ബോറിസ് മന്ത്രിസഭയില്‍ ഇമിഗ്രേഷന്‍ സെക്രട്ടറി കൂടിയായിരുന്ന ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പറഞ്ഞത്. കുടിയേറ്റ വിഷയത്തില്‍ നിന്നും മനുഷ്യാവകാശ നിയമം എടുത്തു കളയാത്തത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് ഫിലിപ്പ് പറഞ്ഞത്. അതുപോലെ ആധുനിക അടിമത്ത നിയമവും കുടിയേറ്റ വിഷയങ്ങളില്‍ ബാധകമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, വലിയ തോതിലാണ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം നടക്കുന്നത്. അതില്‍ ഒരു ചെറിയ വിഭാഗത്തെ മാത്രം തിരികെ അയയ്ക്കുന്നത് കൊണ്ട് കാര്യമായ മാറ്റങ്ങള്‍ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.