ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ വീണ്ടും ഹൂത്തികള്‍ പിടിച്ചെടുക്കുന്നു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് വീണ്ടും ഭീകര സംഘടനയുടെ പുല്ലുവില; ചെങ്കടലില്‍ നടപടിയുണ്ടാകുമെന്ന് അമേരിക്ക; ആക്രമിച്ചത് ഇസ്രയേല്‍ കപ്പല്‍; ഹൂത്തികള്‍ ഉയര്‍ത്തുന്നത് ഫലസ്തീന്‍ വികാരം; വീണ്ടും പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്കോ?

Update: 2025-07-11 04:43 GMT

ടെല്‍അവീവ്: ഒരിടവേളക്ക് ശേഷം ഹൂത്തികള്‍ വീണ്ടും ആക്രമണവുമായി രംഗത്ത് എത്തുകയാണ്. എന്നാല്‍ ഹൂത്തികള്‍ക്ക് എതിരെ നിലപാട് ശക്തമാക്കാനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഹമാസിനെ ഇസ്രയേല്‍ ആക്രമിച്ചതിന് തൊട്ടു പിന്നാലെയാണ് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഭീകരര്‍ ചെങ്കടലിലൂടെ കടന്ന് പോകുന്ന കപ്പലുകള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് അമേരിക്കയുടെ പടക്കപ്പലുകള്‍ മേഖലയില്‍ വിന്യസിക്കാന്‍ തുടങ്ങയിതോടെയാണ് ഇവര്‍ അടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഹൂത്തികള്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ അയയ്ക്കുകയാണ്.

കൂടാതെ കപ്പലുകളും ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് കപ്പലുകളാണ് ഇവര്‍ ആക്രമിച്ചത്. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച 'എറ്റേണിറ്റി സി' എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്. ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. പത്തുപേരെ രക്ഷപ്പെടുത്തി. 12 പേരെ കാണാനില്ല. ആകെ 26 പേരാണ് ചരക്കുകപ്പലിലുണ്ടായിരുന്നത്. ഹമാസും ഇസ്രയേലും തമ്മിലും ഇറാനും ഇസ്രയേലും തമ്മിലും വെടിനിര്‍ത്തുണ്ട്. ഇതോടെ പശ്ചിമേഷ്യ ശാന്തമാകുന്നുവെന്ന തോന്നലുണ്ടാക്കി. ഇത് അട്ടിമറിക്കുന്നതാണ് ഹൂത്തികളുടെ ഇടപെടല്‍. ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം വീണ്ടും തുടങ്ങാന്‍ സാധ്യതയുണ്ട്.

രക്ഷപ്പെട്ടവരെ ഹൂതികള്‍ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് വിവരം. ചെങ്കടലില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഹൂതികള്‍ കപ്പല്‍ പിടിച്ചെടുക്കുന്നത്. കഴിഞ്ഞദിവസം ലൈബീരിയന്‍ പതാക വഹിച്ച മാജിക് സീസ് എന്ന കപ്പലും ഇവര്‍ പിടിച്ചെടുത്തിരുന്നു. രണ്ട് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലപ്പമുള്ളതാണ് ഈ കൂറ്റന്‍ ചരക്ക് കപ്പല്‍. ഇത് പൊട്ടിത്തെറിക്കുന്ന ഭീകരമായ ദൃശ്യങ്ങളടക്കം പുറത്തുവന്നതാണ്. ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചു.

ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്. ഇസ്രയേല്‍ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പലായതിനാലാണ് ആക്രമണത്തിന് കാരണമായതെന്നും യഹിയ പറഞ്ഞു. സ്പീഡ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലിനെ വളയുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഡ്രോണുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമിച്ചു. ഇതോടെ 200 മീറ്ററോളം നീളുള്ള കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ഹൂതികള്‍ വീണ്ടും ആക്രമണം തുടങ്ങിയതോടെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കപ്പലില്‍നിന്ന് കടലിലേക്ക് ചാടി. അതിനിടെ, രക്ഷപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജീവനക്കാരില്‍ 21 ഫിലിപ്പീന്‍സുകാരും ഒരു റഷ്യന്‍ സ്വദേശിയും ഉണ്ടെന്നും പറയപ്പെടുന്നു. അതേസമയം, കപ്പലില്‍നിന്ന് രക്ഷപ്പെട്ടവരെ തങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് ഹൂതികളുടെ പ്രതികരണം. ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യമായാണ് ഇസ്രയേലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കപ്പല്‍ ആക്രമിച്ചതെന്ന് ഹൂതി വിമതര്‍ പറഞ്ഞു.

അതേ സമയം രണ്ട് ഹൂത്തി ഭീകരാക്രമണങ്ങളെയും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അപലപിച്ചു. തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി കുറയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ലോകരാഷ്ട്രങ്ങള്‍ എല്ലാം തന്നെ ഈ ആക്രമണത്തെ അപലപിക്കണമെന്നും അമേരിക്ക നിര്‍ദ്ദേശിച്ചു. കപ്പലില്‍ നിന്ന് തട്ടിക്കൊണ്ട് പോയവരെ അടിയന്തരമായി മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചെങ്കടല്‍ ഒരു നിര്‍ണായക ജലപാതയാണ്. കടല്‍മാര്‍ഗമുള്ള എണ്ണ വ്യാപാരത്തിന്റെ 10 ശതമാനം ഇത് വഴിയാണ് നടക്കുന്നത്.

എന്നാല്‍ 2023 നവംബറില്‍ യെമന്‍ തീരത്ത് ഹൂത്തി ആക്രമണം ആരംഭിച്ചതിനുശേഷം ഗതാഗതം കുത്തനെ കുറഞ്ഞു. ഇസ്രയേലുമായി ബന്ധമുള്ള ഒരു കപ്പലിനേയും ഇത് വഴി കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് നിലപാടിലാണ് ഇപ്പോഴും ഹൂത്തികള്‍.

Tags:    

Similar News