മോദിക്ക് രാജകീയ സ്വീകരണം ഒരുക്കി ബ്രിട്ടന്‍; ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യപാര കരാറില്‍ ഇന്ന് ഒപ്പ് വയ്ക്കും; ഇറക്കുമതി ചുങ്കം വന്‍തോതില്‍ വെട്ടികുറക്കുന്നതോടെ സ്‌കോച്ച് വിസ്‌കി ഇന്ത്യയില്‍ സുലഭമാകും; ഇന്ത്യക്കാര്‍ക്ക് കുടിയേറ്റ നിയമത്തിലും ഇളവ്

Update: 2025-07-24 00:49 GMT

ലണ്ടന്‍: ബ്രിട്ടീഷ് സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ബ്രിട്ടനില്‍ ഒരുക്കിയത് രാജകീയ സ്വീകരണം. ഇന്ത്യയും ബ്രിട്ടനുമായി ഏറെക്കാലമായി ചര്‍ച്ച ചെയ്തിരുന്ന സ്വതന്ത്ര വ്യാപാരകരാര്‍ ഒപ്പു വയ്ക്കുന്നതിനായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രിട്ടനിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്യാബിനറ്റ് ഇതിനോടകം തന്നെ ഈ കരാറിന് അനുമതി നല്‍കിയിട്ടുണ്ട്.സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ എന്ന് ഔദ്യോഗികമായി അറീയപ്പെടുന്ന ഈ കരാര്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും ഒപ്പിട്ടാല്‍ അതിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതിക്കായി സമര്‍പ്പിക്കണം. ഏതാനും മാസങ്ങള്‍ അതിനായി എടുക്കും.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടതിനു ശേഷം, ബ്രിട്ടന്‍ ഉണ്ടാക്കുന്ന ഏറ്റവും വലുതും,പ്രധാനപ്പെട്ടതുമായ ഒരു കരാറാണിത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ കരാര്‍ ഓരോ വര്‍ഷവും 4.8 ബില്യന്‍ പൗണ്ട് ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയില്‍ കൂട്ടിച്ചേര്‍ക്കും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വേതനങ്ങളില്‍ 2.2 ബില്യന്‍ പൗണ്ടും പ്രതിവര്‍ഷം അധികമായി ചേര്‍ക്കപ്പെടും. ഇന്ത്യയിലെ, ഏറ്റവും വലിയ അഞ്ചാമത്തെ നിക്ഷേപകരാണ് ബ്രിട്ടന്‍. ഏകദേശം 36 ബില്യന്‍ പൗണ്ടിന്റെ ബ്രിട്ടീഷ് നിക്ഷേപമാണ് ഇന്ത്യയിലുള്ളത്.

അതേസമയം, ചുരുങ്ങിയത് 1000 ഇന്ത്യന്‍ കമ്പനികലെങ്കിലും മൊത്തം 2 ബില്യന്‍പൗണ്ടിന്റെ നിക്ഷേപം ബ്രിട്ടനില്‍ നടത്തിയിട്ടുണ്ട്. 1 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇവര്‍ എല്ലാവരും കൂടി തൊഴില്‍ നല്‍കുന്നത്. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ടാരിഫ് നയത്തില്‍ നിന്നും രക്ഷപ്പെടാന്‍ ലോക രാജ്യങ്ങള്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ ഈ കരാര്‍ രണ്ട് രാജ്യങ്ങള്‍ക്കുമേറെ പ്രയോജനകരമാകും എന്നാണ് കരുതപ്പെടുന്നത്.

പാര്‍ലമെന്റ് അനുമതി നല്‍കി, ഇതൊരു നിയമമാക്കിയാല്‍, ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് കയറ്റുമതികളില്‍ 99 ശതമാനത്തിന്റെയും ടാരിഫ് നിരക്ക് കുറയും. വിസ്‌കി, കാര്‍, കോസ്മെറ്റിക്സ്, സാല്‍മണ്‍, ലാമ്പ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറി, ശീതള പാനീയങ്ങള്‍, ചോക്ക്ലേറ്റ്, ബിസ്‌കറ്റ് എന്നിവയുടെയെല്ലാം ടാരിഫ് കുറയുന്നതോടെ ഇവ ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും.

സമാനമായ രീതിയില്‍ ഇന്ത്യയ്ക്കും അവരുടെ കയറ്റുമതിയില്‍ 99 ശതമനം വരെ ടാരിഫ് പൂര്‍ണ്ണമായും ഇല്ലാതെയാകും. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ശീതീകരിച്ച ചെമ്മീന്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍, എന്നിവയാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുക. ടെക്സ്‌റ്റൈല്‍, അപ്പാരല്‍ രംഗത്ത് സീറോ ടാരിഫ് ആകുന്നതോടെ ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന അതേ പ്രയോജനം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കും ലഭിക്കും.

അതിനോടൊപ്പം, ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക്, കോണ്‍ട്രാക്ച്വല്‍ സപ്ലൈയര്‍, എന്‍ട്രാ കോര്‍പൊറേറ്റ് ട്രാന്‍സ്ഫറികള്‍ എന്നിവര്‍ ഉള്‍പ്പടെ ബ്രിട്ടനില്‍ ആശ്രിതര്‍ക്കൊപ്പം എളുപ്പത്തില്‍ വരാന്‍ കഴിയുന്ന വിധം കുടിയേറ്റ നിയമങ്ങളില്‍ ഭേദഗതി വരും. അതുപോലെ 3 വര്‍ഷം വരെ താത്ക്കാലികമായി യു കെയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി കോണ്‍ട്രിബ്യൂഷനുകള്‍ മാതൃ രാജ്യത്ത് നല്‍കാന്‍ കഴിയും. ബ്രിട്ടനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പരിമിത എണ്ണം കാറുകള്‍ക്ക് ഇന്ത്യ ഡ്യൂട്ടി 100 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറയ്ക്കും. ഇന്ത്യന്‍ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ക്കായി ബ്രിട്ടീഷ് വിപണിയും തുറന്നു കൊടുക്കും.

എന്നാല്‍, ബ്രിട്ടന്റെ സ്‌കോച്ച് വിസ്‌കിയുടെ കാര്യത്തിലായിരുന്നു ബ്രിട്ടന് ഏറെ ചര്‍ച്ചകള്‍ നടത്തേണ്ടതായി വന്നത്. 150 ശതമാനമുണ്ടായിരുന്ന ടാരിഫ് 75 ശതമാനം മാത്രമായാണ് കുറച്ചത്. എന്നാല്‍, സ്‌കോച്ച് വിസ്‌കി എന്ന് പരാമര്‍ശിക്കപ്പെടുവാന്‍ ആവശ്യമായ മച്ചുറേഷന്‍ കാലാവധി മാറ്റമില്ലാതെ തുടരും. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും മെച്ചുറേഷന്‍ കാലാവധി കഴിഞ്ഞാല്‍ മാത്രമെ സ്‌കോച്ച് വിസ്‌കി എന്ന് പരാമര്‍ശിക്കപ്പെടാന്‍ കഴിയുകയുള്ളു. ഇക്കാലയളവില്‍, മാലാഖമാരുടെ പങ്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ചെറിയ അളവ് ആല്‍ക്കഹോള്‍ ബാഷ്പീകരിച്ചു പോകും.

ഇന്ത്യയിലെ ഉഷ്ണമേഖലാ കാാലാവസ്ഥയില്‍ ഒരു വര്‍ഷം 10 മുതല്‍ 15 ശതമാനം വരെ ആല്‍ക്കഹോള്‍ ഇത്തരത്തില്‍ ബാഷ്പീകരിച്ചു പോകുമ്പോള്‍, സ്‌കോട്ട്‌ലാന്‍ഡിലെ തണുത്ത കാലാവസ്ഥയില്‍ ഇത് പ്രതിവര്‍ഷം 2 ശതമാനം മാത്രമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ് ഡയറക്ടര്‍ ജനറല്‍ അനന്ത് എസ് അയ്യര്‍ പറയുന്നു. അതുകൊണ്ടു തന്നെ ഒരു വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ വിസ്‌കി മൂന്ന് വര്‍ഷം പഴക്കമുള്ള സ്‌കോച്ച് വിസ്‌കിക്ക് സമാനമാകും. എന്നിരുന്നാലും ടാരിഫ് കുറയ്ക്കുന്നത് തങ്ങലെ ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യന്‍ ബ്ലെന്‍ഡഡ് വിസ്‌കികളുടെ വിപണിയില്‍ ഈ കരാര്‍ പക്ഷെ ഒരു ഉണര്‍വ്വ് ഉണ്ടാക്കും എന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

Tags:    

Similar News