1984ലെ സുവര്‍ണ ക്ഷേത്ര ആക്രമണത്തില്‍ ബ്രിട്ടന്റെ പങ്കെന്ത്? അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സിഖ് സംഘടനകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദം തുടങ്ങി; ഒന്‍പത് ദിവസത്തിനകം അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ സിഖ് പരിപാടികളില്‍ ലേബര്‍ എംപിമാര്‍ക്ക് വിലക്ക്; മോദി എത്തുമ്പോള്‍ പുതുനീക്കം
ലണ്ടന്‍: അമൃത്സറിലെ, 1984 ല്‍ നടന്ന സുവര്‍ണ്ണ ക്ഷേത്ര ആക്രമണത്തില്‍ ബ്രിട്ടന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് സിഖ് ഫെഡറേഷന്‍ യു കെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തായിരുന്നപ്പോള്‍, അത്തരമൊരു അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ഉറപ്പ് നല്‍കിയതാണെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഒന്‍പത് ദിവസത്തിനകം ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടായില്ലെങ്കില്‍, ലേബര്‍ എം പിമാരെ സിഖുകാരുടെ പരിപാടികളില്‍ നിന്നും, ഗുരുദ്വാരകളില്‍ നിന്നും വിലക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നൂറ് കണക്കിന് സിഖ് സംഘങ്ങളാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. സുവര്‍ണ്ണ ക്ഷേത്രത്തില്‍ യു കെ നടത്തിയ ഇടപെടലുകളെ കുറിച്ചും, താച്ചര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യ നടത്തിയ സിഖ് വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നാണ് സംഘടനകള്‍ നല്‍കിയ കത്തിലുള്ളതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് സമയത്ത് കീര്‍ സ്റ്റാര്‍മര്‍ അത്തരമൊരു ഉറപ്പ് നല്‍കിയതായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
സിഖ് ഭീകരര്‍ താവളമാക്കിയ സുവര്‍ണ്ണ ക്ഷേത്രത്തെ അതീവ സങ്കീര്‍ണ്ണമായ ഒരു ഓപ്പറേഷനിലൂടെയായിരുന്നു 1984 ല്‍ ഇന്ത്യന്‍ സൈന്യം മോചിപ്പിച്ചത്. നൂറിലധികം ഭീകരര്‍ ആ ഓപ്പറേഷനില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ ബ്രിട്ടീഷ് സ്പെഷ്യല്‍ ഫോഴ്സസ് നടത്തിയ ഇടപെടലുകളെ കുറിച്ച് അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. നേരത്തെ ഡേവിഡ് കാമറൂണിന്റെ കാലത്ത് നടത്തിയ പരിമിതമായ ഒരു അന്വേഷണത്തില്‍ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സുവര്‍ണ്ണ ക്ഷേത്രത്തിലെ റെയ്ഡിനു മുന്‍പായി ഇന്ത്യന്‍ സര്‍ക്കാരിന് ഉപദേശം നല്‍കിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍, യു കെ സര്‍ക്കാരിന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ജൂലായ് 31 ന് മുന്‍പായി പ്രഖ്യാപിക്കണം എന്നാണ് സിഖ് ഫെഡറേഷന്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇപ്പോള്‍ ഈ കത്ത് അയച്ചിരിക്കുന്നത്. യു കെയും കാനഡയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന സിഖ് വിഘടനവാദികള്‍ക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന വാര്‍ത്ത സജീവമായി നില്‍ക്കവെയാണ് ഇത്തരമൊരു കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ ആരോപണം പണ്ടേ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി നിഷേധിച്ചിട്ടുള്ളതാണ്.