ഇറാന്റേത് ഭീരുത്വപരമായ ആക്രമണം; പ്രകോപനമില്ലാതെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു; യുഎന്‍ സുരക്ഷാ സമിതിയില്‍ പൊട്ടിത്തെറിച്ച് ബഹ്റൈന്‍; അമേരിക്കന്‍ നീക്കം നിയമലംഘനമെന്ന് യുഎന്‍; യുദ്ധം തീര്‍ക്കാന്‍ ഫോര്‍മുലകളൊന്നുമില്ലാതെ വലഞ്ഞ് യുഎന്‍; പശ്ചിമേഷ്യന്‍ നഗരങ്ങള്‍ ചാരമാകുമന്ന് മുന്നറിയിപ്പും; ഇനി സമാധാനം എപ്പോള്‍ വരും?
ന്യൂയോര്‍ക്ക്/മനാമ: പശ്ചിമേഷ്യയെ യുദ്ധക്കളമാക്കിയ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ ആഞ്ഞടിച്ച് ബഹ്റൈന്‍. യാതൊരുവിധ പ്രകോപനവുമില്ലാതെ ഇറാന്‍ തങ്ങളെ ആക്രമിച്ചുവെന്നും ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കം തികഞ്ഞ ഭീരുത്വമാണെന്നും ബഹ്റൈന്‍ പ്രതിനിധി യോഗത്തില്‍ ആരോപിച്ചു. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇറാന്റെ സൈനിക നടപടി കനത്ത ഭീഷണിയാണെന്നും രാജ്യം നിലപാട് കടുപ്പിച്ചു.
പശ്ചിമേഷ്യന്‍ മണ്ണില്‍ മരണത്തിന്റെ പുകപടലങ്ങള്‍ ഉയരുമ്പോള്‍, യുദ്ധം അവസാനിപ്പിക്കാന്‍ ക്രിയാത്മകമായ ഫോര്‍മുലകളൊന്നുമില്ലാതെ ഐക്യരാഷ്ട്രസഭ പകച്ചുനില്‍ക്കുന്നുവെന്നതാണ് വസ്തുത. യോഗത്തില്‍ പങ്കെടുത്ത വന്‍ശക്തി രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത യുദ്ധം നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. ചര്‍ച്ചകളിലൂടെ പരിഹാരം വേണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടപ്പോള്‍, ഇറാന്റെ ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ സദുദ്ദേശത്തോടെയുള്ളതല്ലെന്ന ആശങ്കയും ഉയര്‍ന്നു.
റഷ്യയും അമേരിക്കയും വിരുദ്ധ ധ്രുവങ്ങളില്‍ നിലയുറപ്പിച്ചതോടെ സമാധാനം വിദൂര സ്വപ്നമായി മാറുകയാണ്. സുരക്ഷിത താവളങ്ങളില്ലാതെ ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ ഭീതിയിലാഴുമ്പോഴും, വെടിനിര്‍ത്തലിനായി ഒരു പൊതുസമ്മത ഫോര്‍മുല രൂപീകരിക്കാന്‍ യുഎന്നിന് കഴിയുന്നില്ല. പശ്ചിമേഷ്യ കത്തിയെരിയുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത് ഇനി ഏത് വഴിയിലൂടെ സമാധാനം വരുമെന്നാണ്.
അതേസമയം, ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നീക്കത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. ടെഹ്റാനില്‍ നടന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ വ്യവസ്ഥകളുടെയും നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മേഖലയിലെ സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങള്‍ പാഴാക്കിയതില്‍ ഖേദം പ്രകടിപ്പിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലെ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളും അപലപനീയമാണെന്ന് ഗുട്ടെറസ് കൂട്ടിചേര്‍ത്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കവേ, ഇതുസംബന്ധിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ഇറാന്‍ അടക്കം വിഷയം സ്ഥിരീകരിച്ചത്.
യോഗത്തില്‍ ആദ്യം സംസാരിച്ച ഫ്രാന്‍സ് മിതമായ നിലപാടാണ് സ്വീകരിച്ചത്. യുദ്ധമല്ല, മറിച്ച് ചര്‍ച്ചകളിലൂടെയുള്ള പരിഹാരമാണ് വേണ്ടതെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. ആണവ-ബാലിസ്റ്റിക് മിസൈല്‍ വിഷയങ്ങളില്‍ ഇറാന്‍ സദുദ്ദേശത്തോടെ ചര്‍ച്ചകളെ സമീപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബഹ്റൈന്‍ പിന്നാലെ നിലപാട് കടുപ്പിച്ചതോടെ യോഗത്തില്‍ വാഗ്വാദങ്ങള്‍ മുറുകി. റഷ്യ ഉള്‍പ്പെടെയുള്ള വന്‍ശക്തികളും തങ്ങളുടെ ആശങ്കകള്‍ യോഗത്തില്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ നഗരങ്ങള്‍ ചാരമായി മാറുന്നതിന് മുന്‍പ് അന്താരാഷ്ട്ര സമൂഹം ഇടപെട്ടില്ലെങ്കില്‍ ആഗോള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് യോഗം പിരിഞ്ഞത്.
