ഇന്ത്യന്‍ സന്ദര്‍ശകരെ കൂട്ടത്തോടെ വേണ്ടന്ന് വച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; ജര്‍മന്‍ എംബസ്സിയില്‍ ഷെങ്കന്‍ വിസക്ക് അപേക്ഷിച്ചാല്‍ കിട്ടിയാല്‍ ഭാഗ്യം; അപ്പീല്‍ ഇല്ലാതാക്കി; ഫ്രാന്‍സും ഇറ്റലിയും സ്വിറ്റ്‌സര്‍ലാന്‍ഡും നെതര്‍ലാന്‍ഡ്സും ഇന്ത്യക്കാര്‍ക്ക് വിസ നിഷേധിക്കുന്നു

Update: 2025-07-31 02:59 GMT

ലണ്ടന്‍: യൂറോപ്പ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ യാത്രികര്‍ക്ക് തിരിച്ചടിയായി യൂറോപ്യന്‍ രാജ്യങ്ങള്‍ വിസ നിഷേധിക്കുന്നത് തുടരുകയാണ്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യാക്കാര്‍ക്ക് വിസ നിഷേധിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. വിനോദസഞ്ചാരം, ബിസിനസ്സ്, പഠനം എന്നിവയുമായി ബന്ധപ്പെട്ട് യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് വലിയ തടസ്സമുണ്ടാക്കിക്കൊണ്ട് ഇന്ത്യയില്‍ നിന്നുള്ള 1,65,000 വിസ അപേക്ഷകളാണ് നിരസിക്കപ്പെട്ടതെന്ന് 2024 ലെ കണക്കുകള്‍ കാണിക്കുന്നു. 2025 ലും ഇത് തുടരുകയാണെന്ന് ബിസിനസ്സ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവഴി, ഇന്ത്യന്‍ അപേക്ഷകര്‍ക്ക് വിസയും ബുക്കിംഗ് ചാര്‍ജ്ജും ഒക്കെയായി 136 കോടി ഇന്ത്യന്‍ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപൂര്‍ണ്ണമായ പേപ്പര്‍ വര്‍ക്കുകള്‍, വ്യക്തമല്ലാത്ത യാത്രാ പ്ലാനുകള്‍, എന്നിവയ്ക്കൊപ്പം കര്‍ശനമായ പരിശോധനയുമാണ് ഇത്രയധികം വിസ അപേക്ഷകള്‍ തള്ളാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത് ജര്‍മനിയാണ്. വിസ ലഭിച്ചില്ലെങ്കില്‍ അപ്പീലിന് പോകാനുള്ള സൗകര്യം ഇല്ലാതെയാക്കിയിട്ടുമുണ്ട്. ഫ്രാന്‍സ് മാത്രം ഇക്കാലയളവില്‍ 31,314 അപേക്ഷകളാണ് നിരാകരിച്ചത്. ഇതുവഴി ഇന്ത്യന്‍ അപേക്ഷകര്‍ക്ക് നഷ്ടമായത് 25.8 കോടി രൂപയാണ്. തൊട്ടു പുറകെ 26,126 അപേക്ഷകള്‍ നിരാകരിച്ച സ്വിറ്റ്‌സര്‍ലാന്‍ഡ് ഉണ്ട്.

ജര്‍മ്മനിയും ഇറ്റലിയും 15,000 ല്‍ അധികം വീതം അപേക്ഷകള്‍ നിരാകരിച്ചപ്പോള്‍ നെതെര്‍ലാന്‍ഡ്‌സും 14,569 അപേക്ഷകള്‍ നിരാകരിച്ചു. ഷെങ്കന്‍ ന്യൂസിനെ ഉദ്ധരിച്ചുകൊണ്ട് ബിസിനസ്സ് ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷാ ഫീസിന് പുറമെ, ഹോട്ടല്‍ ബുക്കിംഗ്, വിമാനടിക്കറ്റ്, ഇന്‍ഷുറന്‍സ് എന്നിവയില്‍ കോടികളാണ് ഇന്ത്യന്‍ യാത്രികര്‍ക്ക് നഷ്ടമാകുന്നത്. ഈ ജൂലായിലാണ്, വിസ അപേക്ഷ നിരാകരിച്ചാല്‍ അതിനെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള സംവിധാനം ജര്‍മ്മനി നിര്‍ത്തലാക്കിയത്. ഇതോടെ വിസ അപേക്ഷ നിരാകരിക്കപ്പെട്ടാല്‍ ഇന്ത്യന്‍ അപേക്ഷകര്‍ക്ക് പൂര്‍ണ്ണ തോതിലുള്ള നിയമനടപടികള്‍ക്ക് പോകേണ്ടതായി വരുന്നു.

ഇതിനെല്ലാം പുറമെയാണ് അപ്പോയിന്റ്‌മെന്റിനായി രണ്ട് മാസം വരെ കാത്തു നില്‍ക്കേണ്ട ഗതികേട്. തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം വര്‍ദ്ധിച്ചതാണ് കാത്തിരിപ്പ് സമയം നീളാന്‍ കാരണമായത്. ജര്‍മ്മനിയും ഫ്രാന്‍സും ഒരുപോലെ ഈ പ്രശ്നം അനുഭവിക്കുന്നുണ്ട്. വിനോദസഞ്ചാരികളെ മാത്രമല്ല, വിദ്യാര്‍ത്ഥികളെയും, പ്രൊഫഷണലുകളെയും, ചെറുകിട വ്യാപാരികളെയുമൊക്കെ അപേക്ഷ നിരാകരിക്കുന്ന ത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതുവരെ വിദ്യാര്‍ത്ഥി സൗഹാര്‍ദ്ദ രാജ്യമായി കണ്ടിരുന്ന ജര്‍മ്മനിയില്‍ ഇപ്പോള്‍ എത്തിച്ചേരുക എന്നത് ഏറെ ദുഷ്‌കരമായിട്ടുണ്ട്.

വിസ അപേക്ഷകള്‍ നിരാകരിക്കുന്നത് ഇനിയും വര്‍ദ്ധിച്ചാല്‍ ത ഇന്ത്യ യൂറോപ്പ് യാത്രാ ഇടനാഴിയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. രേഖകള്‍ എല്ലാം തന്നെ കൃത്യമായി തയ്യാറാക്കുക, വളരെ മുന്‍കൂറായി തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കുക, പകരം മറ്റ് സ്ഥലങ്ങള്‍ കണ്ടുവയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇന്ത്യന്‍ യാത്രികര്‍ക്ക് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്നത്.

Tags:    

Similar News