സോവ്യറ്റ് യൂണിയന്റെ കാലത്ത് തങ്ങള്‍ക്ക് ഉണ്ടായിരുന്ന ആണവശേഷി ഇപ്പോഴും ഉണ്ടെന്ന മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ പ്രസ്താവന പ്രകോപനമായി; റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ ട്രംപ്; അമേരിക്ക-റഷ്യ ബന്ധം കൂടുതല്‍ വഷളാകും

Update: 2025-08-02 03:49 GMT

മോസ്‌കോ: റഷ്യയുടെ സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ ഉത്തരവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സോവ്യറ്റ് യൂണിയന്റെ കാലത്ത് തങ്ങള്‍ക്ക് ഉണ്ടായിരുന്ന ആണവശേഷി ഇപ്പോഴും ഉണ്ടെന്ന മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ പ്രസ്താവനക്ക് മറുപടി ആയിട്ടാണ് ട്രംപ് ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്. യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായി അത്ര നല്ല ബന്ധത്തില്‍ അല്ല ട്രംപ്. റഷ്യ ഇസ്രയേലോ ഇറാനോ അല്ലെന്ന കാര്യം ഓര്‍ക്കണമെന്നും ട്രംപ് സ്ഥിരം ഭീഷണി നാടകം തുടരുകയാണെന്നും മെദദേവ് കുറ്റപ്പെടുത്തിയിരുന്നു.

രണ്ടാഴ്ചക്കകം യുക്രൈനുമായി സമാധാന കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. പുട്ടിന്റെ വിശ്വസ്തനായ അനുയായിയും സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമാണ് മെദദേവ്. ട്രം്പ് അദ്ദേഹത്തെ പരാജയപ്പെട്ട പ്രസിഡന്റ് എന്നും ഇപ്പോഴും താനാണ് പ്രസിഡന്റ് എന്നാണ് മെദദേവ് കരുതുന്നതെന്നുമാണ് ട്രംപ് വിമര്‍ശിച്ചത്. റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരില്‍ ഇന്ത്യയേയും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇന്ത്യക്കെതിരെ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെ ആയിരുന്നു ഈ വിമര്‍ശനം ട്രംപ് ഉന്നയിച്ചത്. ട്രംപിന്റെ ഉപരോധ ഭീഷണിയെ മെദദേവ് യുദ്ധത്തിലേക്കുള്ള ഒരു ചുവടുവെപ്പ് എന്നാണ് വിളിച്ചത്.

ഇത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. വാക്കുകള്‍ വളരെ പ്രധാനമാണ്, പലപ്പോഴും അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ക്ക് അത് ഇടയാക്കുമെന്നും ട്രംപ് പറഞ്ഞത് ഈ പശ്ചത്തലത്തിലാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് റഷ്യ നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. യുക്രൈനില്‍ റഷ്യ പ്രധാനമായും ഇപ്പോള്‍ ഡ്രോണ്‍ ആക്രമണമാണ് നടത്തുന്നത്. ഈ സംഭവത്തിന് തൊട്ടു പിന്നാലെയാണ് പുട്ടിന്‍ ഈ ഭീഷണി മുഴക്കിയത്. ഇപ്പോള്‍ റഷ്യയുടെ സമീപം വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ട അന്തര്‍വാഹിനികള്‍ വന്‍ സന്നാഹങ്ങള്‍ ഉള്ളവയാണ്.

ഓരോ അന്തര്‍വാഹിനിയിലും ഇരുപതോളം അതിശക്തമായ മിസൈലുകളാണ് ഉള്ളത്. റഷ്യയുടെ അധിനിവേശത്തിനുശേഷം യുക്രൈനിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക നല്‍കിയത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, പെന്റഗണ്‍ ഉക്രെയ്നിലേക്കുള്ള ആയുധ കൈമാറ്റം താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.

അതേസമയം, 2016 ലെ തിരഞ്ഞെടുപ്പില്‍ റഷ്യ ട്രംപ് പ്രസിഡന്റ് ആകുന്നതിനെ അനുകൂലിച്ചിരുന്നതായി 2017 ല്‍ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍ ട്രംപും അനുയായികളും ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

Tags:    

Similar News