മോഷണക്കുറ്റത്തിന് മൂന്ന് പേരുടെ കൈവിരലുകള്‍ മുറിച്ചു മാറ്റി; വീണ്ടും ക്രൂരമായ ശിക്ഷാ നടപടികളുമായി ഇറാന്‍
ടെഹ്‌റാന്‍: വീണ്ടും ക്രൂരമായ ശിക്ഷാ നടപടികളുമായി ഇറാന്‍ വാര്‍ത്തകളില്‍ നിറയുന്നു. ഇക്കുറി മോഷണക്കുറ്റത്തിന് മൂന്ന് പേരുടെ കൈവിരലുകള്‍ മുറിച്ചു മാറ്റുകയായിരുന്നു. ശരിയത്ത് നിയമപ്രകാരമാണ് ഈ ശിക്ഷ നടപ്പിലാക്കിയത്. സാധാരണയായി ആവര്‍ത്തിച്ച് ഇതേ കുറ്റം ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള ശിക്ഷ നല്‍കുന്നത്. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ വെസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഉര്‍മിയ ജയിലില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ഇവരുടെ വിരലുകള്‍ വെട്ടിമാറ്റിയത്. ഇറാന്റെ ജുഡീഷ്യറി വെബ്‌സൈറ്റ് പ്രൊഫഷണല്‍ കള്ളന്മാര്‍ എന്ന് വിശേഷിപ്പിച്ച പുരുഷന്മാരെ 2017 ആഗസ്റ്റിനും 2019 നവംബറിനും ഇടയില്‍ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് വിചാരണയില്‍ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തിരുന്നു.
കോടതി അവരുടെ വലതു കൈകളിലെ നാല് വിരലുകള്‍ പൂര്‍ണ്ണമായും മുറിച്ചുമാറ്റാനാണ് വിധിച്ചത്. നാല് പ്രവിശ്യകളിലായി നാല്‍പ്പതോളം കേസുകളാണ് ഇവരുടെ പേരിലുള്ളത്. മോഷണ വസ്തുക്കള്‍ തിരികെ നല്‍കുന്ന കാര്യത്തില്‍ ഇവര്‍ സഹകരിക്കാതിരുന്നതും ശിക്ഷയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിരുന്നു. ഇവര്‍ മോഷ്ടിച്ചതില്‍ അധികവും സ്വര്‍ണാഭരണങ്ങളായിരുന്നു. എന്നാല്‍ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയുടെ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ സാറാ ഹാഷാസ് പറയുന്നത് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചത് എന്നാണ്.
ഇവരുടെ വിചാരണ നീതിപൂര്‍വ്വകമായിട്ടല്ല നടന്നത് എന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യത്വരഹിതമായ രീതികളാണ് ഇറാനില്‍ ഇപ്പോള്‍ നടക്കുന്നതെന്നും നീതിന്യായ വ്യവസ്ഥ പോലും നാണംകെട്ട സ്ഥിതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നുമാണ് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ട് പോലും ഇത്തരത്തിലുള്ള ക്രൂരമായ ശിക്ഷാവിധി നടപ്പിലാക്കിയത് ശരിയായ നടപടിയല്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഭീകരമായ ശിക്ഷ ലഭിച്ചതിനുശേഷവും തങ്ങള്‍ അനുഭവിച്ച മനുഷ്യത്വരഹിതമായ നടപടികളില്‍ പ്രതിഷേധിച്ച് മൂവരും ജയിലില്‍ ഒന്നിലധികം തവണ നിരാഹാര സമരം നടത്തിയിരുന്നു.
ഇരുപത്തിഒന്നാം നൂറ്റാണ്ടിലും വിരല്‍ മുറിച്ച് മാറ്റുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നടപ്പിലാക്കുന്നത് അപരിഷ്‌കൃതമാണ് എന്നാണ് വ്യാപകമായി പരാതി ഉയരുന്നത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനില്‍ ശരിയത്ത് അടിസ്ഥാനമാക്കിയുള്ള ശിക്ഷാ നിയമം നിലവില്‍ വരികയായിരുന്നു. ചില കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയായി അവയവഛേദം നടത്താന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. അമേരിക്ക ആസ്ഥാനമായുള്ള അബ്ദുറഹ്‌മാന്‍ ബോറൗമണ്ട് സെന്ററിന്റെ കണക്കനുസരിച്ച്, 2000 ജനുവരി മുതല്‍ ഇറാന്‍ അധികൃതര്‍ കുറഞ്ഞത് 131 പുരുഷന്മാരുടെ വിരലുകള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്.