ഗാസയിലെ ജീവനുള്ള അസ്ഥികൂടം..! ഭക്ഷണമില്ലാതെ പട്ടിണി കിടന്ന് എല്ലും തോലും മാത്രമായി മാറിയ പെണ്‍കുട്ടിയുടെ നടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; ഇസ്രായേലി ബന്ദി അസ്ഥിപഞ്ചരമായി സ്വന്തം കുഴി തോണ്ടുന്ന ദൃശ്യങ്ങളില്‍ ഇസ്രായേല്‍ നടപടി ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് കൊടുംപട്ടിണിയുടെയും പോഷകാഹാര കുറവിന്റെയും നേര്‍ചിത്രം ഇങ്ങനെ; ഗാസയിലെ പട്ടിണി ഹൃദയഭേദകമാകുമ്പോള്‍..

ഗാസയിലെ ജീവനുള്ള അസ്ഥികൂടം..!

Update: 2025-08-04 17:08 GMT

ഗാസ സിറ്റി: ഹമാസിന്റെ തടവിലുള്ള ബന്ദിയായ യുവാവിന്റെ എല്ലും തോലുമായ ദൃശ്യങ്ങള്‍ പുറത്തുവന്നത് ലോകത്തെ നടുക്കിയിരുന്നു. പട്ടിണി കൊണ്ട് എല്ലും തോലുമായ യുവാവ് സ്വന്തം കുഴിമാടം തോണ്ടുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഈ ബന്ദിയെ പട്ടിണിയിലേക്ക് നയിച്ചത് ഇസ്രായേലാണെന്നാണ് ഹമാസിന്റെ കുറ്റപ്പെടുത്തല്‍. അതേസമയം ഇപ്പോള്‍ ഗാസയിലെ കൊടും പട്ടിണി തീര്‍ത്ത പോഷകാഹാര കുറവ് കുഞ്ഞുങ്ങളെ എങ്ങനെയാണ് ബാധിച്ചതെന്ന് വ്യക്തമാകുന്ന ഹൃദയഭേദമായ ഒരു ചിത്രം അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒരു പാലസ്തീന്‍ പെണ്‍കുട്ടി പട്ടിണിയും പോഷകാഹാര കുറവും മൂലം എങ്ങനെയാണ് അസ്ഥിയും തൊലിയും മാത്രമായി മാറിയതെന്ന് വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന്. ഗാസ സിറ്റിയിലെ പേഷ്യന്റ് ഫ്രണ്ട്‌സ് അസോസിയേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരിയായ മറിയം ദുവ്വാസ് എന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ലോകത്തെ കണ്ണീരിലാക്കുന്നത്. ഡെയ്‌ലി മെയ്ല്‍ അടക്കമുള്ള മധ്യമങ്ങള്‍ ഈ ചിത്രം പുറത്തുവിട്ടു.


 



കൊടിയ പട്ടിണി മൂലം ശരീരത്തില്‍ മാംസങ്ങളെല്ലാം വറ്റി നട്ടെല്ലും വാരിയെല്ലുകളും പുറത്തേക്ക് തള്ളിനില്‍ക്കുന്ന പെണ്‍കുട്ടിയയെ അവരുടെ മാതാവ് താങ്ങി നിര്‍ത്തുന്നതാണ് ചിത്രങ്ങളില്‍. എല്ലാ അര്‍ത്ഥത്തിലും പട്ടിണിക്കോലം എന്നു പറയേണ്ടി വരും. അത്രയ്ക്ക് ഞെട്ടിക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങല്‍. ഇസ്രായേലും ഹമാസും തമ്മില്‍ പട്ടിണിയുടെ പേരിലും തര്‍ക്കിക്കുമ്പോഴാണ് പലസ്തീന്‍ പ്രദേശത്ത് നിന്ന് അസ്വസ്ഥതയുണ്ടാക്കുന്ന ചിത്രങ്ങള്‍ പുറത്തുവരുന്നത്.

ഗാസയില്‍ കൊടിയ ക്ഷാമം അനുഭവപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള വിദഗ്ധരെല്ലാം ആവര്‍ത്തിക്കുമ്പോള്‍ ഇസ്രായേല്‍ ഇതിനെ തള്ളിക്കളഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നേട്ടമുണ്ടാക്കാന്‍ ഹമാസ് കൊടിയ ക്ഷാമമെന്ന് വാദിക്കുന്നു എന്നാണ് ഇസ്രായേല്‍ പറയുന്നത്. എന്നാല്‍, കുഞ്ഞുങ്ങളുടെ അവസ്ഥ അടക്കം പരിശോധിച്ചാല്‍ പലസ്തീനിലെ പട്ടിണിയെ കുറിച്ചും കൂടുതല്‍ വ്യക്തത കൈവരും. അതേസമയം ഹമാസിന്റെ തടവിലുള്ള ബന്ദികളുടെ എല്ലും തോലുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹമാസിനെതിരെയും വികാരം ശക്താണ്. ഇതോടെ ബന്ദികളുടെ വിഷയത്തില്‍ ഇടപെട്ട് നെതന്യാഹുവും രംഗത്തുവന്നിരുന്നു. അവര്‍ക്ക് റെഡ്ക്രോസ് സഹായമെത്തിക്കണമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആവശ്യപ്പെട്ടത്. ഈ ആവശ്യത്തോട് പ്രതികരിച്ചു ഹമാസും രംഗത്തുവന്നു.

ഗസ്സയിലേക്കുള്ള മാനുഷിക സഹായ ഇടനാഴികള്‍ തുറന്ന് ഭക്ഷണവും സഹായവസ്തുക്കളും അനുവദിച്ചാല്‍ ഇസ്രായേലി ബന്ദികളെ സഹായിക്കാന്‍ റെഡ് ക്രോസിനെ അനുവദിക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തങ്ങളുടെ തടവിലുള്ള ബന്ദിയുടെ എല്ലും തോലുമായ ദൃശ്യങ്ങള്‍ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടത്. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളില്‍ ഇസ്രായേല്‍ പൗരന്മാരുമുണ്ടെന്ന് ഓര്‍മിപ്പിച്ചാണ് അല്‍ ഖസ്സാം ബ്രിഗേഡ് വീഡിയോ പുറത്തുവിട്ടത്. ഗസ്സയിലെ തുരങ്കത്തിനുള്ളില്‍ പട്ടിണികിടന്ന് മെലിഞ്ഞൊട്ടി, എല്ലുകള്‍ ഉന്തിയ ശരീരവുമായി സ്വന്തം ശവക്കുഴി ഒരുക്കുന്ന ബന്ദിയുടെ ദൃശ്യമായിരുന്നു അത്.


 



കുഞ്ഞുങ്ങളും യുവാക്കളുമടക്കം വിശന്നുമരിക്കുന്ന ഗസ്സയില്‍നിന്നും ഒരു ഇസ്രായേല്‍ പൗരന്റെ പട്ടിണിക്കോലം ലോകത്തിന് മുന്നിലെത്തിയതോടെ നെതന്യാഹുവിനെതിരെ സ്വന്തം രാജ്യത്ത് തന്നെ കടുത്ത പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നാണ്, ബന്ദികള്‍ക്ക് റെഡ്ക്രോസ് സഹായമെത്തിക്കണമെന്ന് നെതന്യാഹു അഭ്യര്‍ഥിച്ചത്. റെഡ്ക്രോസ് തലവന്‍ ജൂലിയന്‍ ലെറിസണെ ടെലിഫോണില്‍ വിളിച്ചാണ് അഭ്യര്‍ഥന നടത്തിയത്. അഭയാര്‍ഥികള്‍ക്ക് ഉടനടി ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കണമെന്നാണ് നെതന്യാഹു അഭ്യര്‍ഥിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസും അറിയിച്ചിരുന്നു. ഇതിന് മറുപടിയാണ് ഹമാസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഗസ്സ മുനമ്പിലെ എല്ലാ പ്രദേശങ്ങളിലേക്കും ഭക്ഷണവും മരുന്നും എത്തിക്കുന്നതിനായി മാനുഷിക ഇടനാഴികള്‍ തുറന്നാല്‍, ശത്രു തടവുകാര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുള്ള റെഡ് ക്രോസിന്റെ ഏതൊരു അഭ്യര്‍ത്ഥനയ്ക്കും അനുകൂലമായി പ്രതികരിക്കാന്‍ തയാറാണ് എന്നാണ് അല്‍-ഖസ്സാം ബ്രിഗേഡ് പ്രസ്താവനയില്‍ അറിയിച്ചത്.

ഇസ്രായേല്‍ പട്ടിണിക്കിട്ട് കൊല്ലുക എന്ന നയം സ്വീകരിക്കുന്നതിനാല്‍, ബന്ദികള്‍ക്ക് മാത്രമായി പ്രത്യേക ഭക്ഷണ ആനുകൂല്യമൊന്നും നല്‍കാനാവില്ലെന്നും ഹമാസ് വ്യക്തമാക്കി.. ബന്ദികളെ മനഃപൂര്‍വ്വം പട്ടിണികിടക്കുന്നില്ല, ഞങ്ങളുടെ പോരാളികളും പൊതുജനങ്ങളും കഴിക്കുന്ന അതേ ഭക്ഷണമാണ് അവരും കഴിക്കുന്നത്. പട്ടിണിയുടെയും ഉപരോധത്തിന്റെയും കുറ്റകൃത്യങ്ങള്‍ക്കിടയില്‍ അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല -ഹമാസ് വ്യക്തമാക്കി.

അതിനിടെ ഗാസയിലെ ഫലസ്തീന്‍ ജനതക്ക് 65 ടണ്‍ അടിയന്തര മെഡിക്കല്‍ സഹായങ്ങള്‍ യുഎഇ എത്തിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച.ഒ)യുമായി കൈകോര്‍ത്താണ അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെ അടിയന്തര മെഡിക്കല്‍ സഹായങ്ങള്‍ ഗസ്സയില്‍ വിതരണം ചെയ്തതെന്ന വാര്‍ത്ത ഏജന്‍സി റിപോര്‍ട്ട ചെയ്തു. 11 ലോറികളിലായി എത്തിച്ച മരുന്നുകളും മറ്റും ഗസ്സ മുനമ്പിലെ ആശുപത്രികളിലാണ വിതരണം ചെയ്തത. ഗസ്സയിലെ ആരോഗ്യ മേഖലക്ക ആവശ്യമായ പിന്തുണ നല്‍കുന്നവരില്‍ ഏറ്റവും പ്രമുഖ രാജ്യമായ യു.എ.ഇയെ ഡബ്ല്യൂ.എച്ച.ഒ പ്രതിനിധി അഭിനന്ദിച്ചു.

ഗസ്സക്ക ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നതില്‍ ഇസ്രായേല്‍ ഉപരോധം തുടരുന്നതിനാല്‍ കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണ് േഫലസ്തീന്‍ ജനത. ആശുപത്രി സംവിധാനങ്ങളെല്ലാം ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നിരിക്കുകയാണ. മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ക്ഷാമവും രൂക്ഷമാണ് ഇതിനിടയിലാണ് യു.എ.ഇയുടെ കൈത്താങ്ങ് ചെറിയ ആശ്വാസമേകുന്നത്.


 



അതിനിടെ ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കണമെന്നാണ് യു.എസ് നിലപാടെന്ന് ട്രംപും വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ അവര്‍ക്ക് ഭക്ഷണം നല്‍കണം. ജനങ്ങള്‍ ഒരിക്കലും വിശന്നിരിക്കരുത്. ജനങ്ങളെ പട്ടിണിക്കിടരുതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടാന്‍ ഹമാസിന് താല്‍പര്യമില്ലെന്ന് കുറ്റപ്പെടുത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഹമാസിന്റെ തടവിലുള്ള ബന്ദികള്‍ക്ക് റെഡ്‌ക്രോസ് സഹായമെത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ബന്ദികളുടെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ കടുത്ത പ്രതിഷേധം നെതന്യാഹുവിനെതിരെ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.

റെഡ്‌ക്രോസ് തലവന്‍ ജൂലിയന്‍ ലെറിസണെ ടെലിഫോണില്‍ വിളിച്ചാണ് നെതന്യാഹു അഭ്യര്‍ഥന നടത്തിയത്. അഭയാര്‍ഥികള്‍ക്ക് ഉടനടി ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കണമെന്നാണ് നെതന്യാഹു അഭ്യര്‍ഥിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന ആരോപണവും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയിരുന്നു.

Tags:    

Similar News